2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സെമിയിലേക്ക് പറക്കാൻ കാനറിക്കിളികൾ; 37 കാരനായ ലുക്കാ മോഡ്രിചിൽ വിശ്വാസമർപ്പിച്ച് ക്രൊയേഷ്യ

 

ദോഹ: അവസാന നാലിൽ ഒന്നാവാൻ ക്രോട്ടുകാർക്കെതിരേ കാനറികൾ ഇന്നിറങ്ങുന്നു. നിലവിലെ ഫൈനലിസ്റ്റുകളായ ക്രോട്ടുകളും ഫിഫ റാങ്കിങ്ങിൽ ഒന്നാമൻമാരായ ബ്രസീലും വിട്ടുകൊടുക്കാൻ തയാറാവില്ലെന്നതിനാൽ എജുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിൽ പൊടിപാറുമെന്നുറപ്പ്. ടിറ്റെ തന്റെ ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളും കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്തതോടെ തന്നെ എതിർ ടീം ക്യാംപുകൾ ഭീതിയിലായിട്ടുണ്ട്. അത് ക്രോട്ടുകളെയും പിടികൂടിയിട്ടുണ്ടാകും.

ബൂട്ടണിയുന്നവരെല്ലാം ബ്രസീൽ ടീമിൽ വെളിച്ചപ്പാടുകളാണ് എന്നതാണ് ടിറ്റെയുടെ ആത്മവിശ്വാസം. എല്ലാവരും ഒന്നിനൊന്ന് മെച്ചം. നെയ്മർക്കൊപ്പം വിനീഷ്യസും റിച്ചാർലിസണുമൊക്കെ അപാരഫോമിൽ. ഗോളടിക്കാനും അടിപ്പിക്കാനും ശേഷിയുള്ള മധ്യനിര. മറുഭാഗത്ത് 37 കാരനായ ലുകാ മോഡ്രിചിൽ വിശ്വാസമർപ്പിച്ചാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. 2018ൽ ക്രോയേഷ്യയെ ഫൈനലിലെത്തിച്ചത് റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ ഈ എൻജിനായിരുന്നു. ദെയാൻ ലോവ്‌റൻ, ഇവാൻ പെരിസിച്ച് എന്നീ പരിചയസമ്പന്നരും കൂട്ടിനുണ്ട്.

   

കളത്തിലിറങ്ങുന്ന 11ഉം പുറത്തിരിക്കുന്ന 15ഉം ഒന്നിനൊന്ന് മെച്ചമുള്ള പ്രകടനം കാഴ്ച വെക്കുന്നതാണ് ബ്രസീലിനെ ഈ ലോകകപ്പിലെ ഫേവറിറ്റുകളാക്കുന്നത്. കാമറൂണിനെതിരേ അടിപതറിയെങ്കിലും കഴിഞ്ഞ മത്സരത്തിൽ ദക്ഷിണ കൊറിയയെ ചിത്രത്തിൽ പോലും ഇല്ലാത്ത രീതിയിൽ തകർത്തെറിഞ്ഞാണ് അവർ ക്വാർട്ടറിലേക്ക് കടന്നത്. പരുക്കേറ്റ് പുറത്തായിരുന്ന നെയ്മർ കൂടി ടീമിലേക്ക് തിരിച്ചെത്തിയതോടെ വർധിത വീര്യമാണ് കാനറികൾക്ക്. റിച്ചാർലിസണും റാഫിഞ്ഞയും പക്വിറ്റയും വിനീഷ്യസ് ജൂനിയറുമെല്ലാം മികച്ച ഫോമിലാണ്. റോഡ്രിഗോ, ജീസസ് അടക്കമുള്ള പകരക്കാരും മുന്നേറ്റത്തിൽ അപകടം സൃഷ്ടിക്കുന്നു. മധ്യനിരയിൽ കാസിമേറോയുടെ കാലുകൾ എണ്ണയിട്ട യന്ത്രം കണക്കെയാണ് പ്രവർത്തിക്കുന്നത്. പ്രതിരോധത്തിൽ നായകൻ സിൽവയുടെ കരുത്തിനൊപ്പം മാർക്വിഞോസും ഡാനിലോയും മിലിറ്റോയും വർധിത വീര്യം കാട്ടുന്നു. ഗോൾവലക്ക് മുന്നിൽ ഇതുവരെ കാര്യമായ പരീക്ഷണം നേരിടാത്ത അലിസൺ ബക്കറും കൂടി ചേരുമ്പോൾ ബ്രസീലിനെ എങ്ങിനെ നേരിടുമെന്നത് എതിരാളികൾക്ക് മുട്ടിടിപ്പിക്കുന്ന ചോദ്യമാണ്. 4-2-3-1 ശൈലിയിലായിരിക്കും ബ്രസീൽ കളത്തിലിറങ്ങുക. മധ്യനിരയിൽ കളിമെനയുക എന്ന ലക്ഷ്യമാവും അവരുടെ മുന്നിലുള്ളത്.

കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെയാണെങ്കിലും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ക്രോട്ടുകളും കളത്തിലിറങ്ങുന്നത്. മധ്യനിരയിൽ കാലിൽ തലച്ചോറുള്ള ലൂക്ക മോഡ്രിചാണ് അവരുടെ ആവനാഴിയിലെ മൂർച്ചയേറിയ അസ്ത്രം. കൊവാസിചും ബ്രോസോവിചും അവസരത്തിനൊത്ത് ഉയർന്നാൽ ക്രോട്ടുകളുടെ മധ്യനിരയെ പിടിച്ചുക്കെട്ടാൻ കാനറികൾ പാടുപെടും. മുന്നേറ്റത്തിൽ ഇവാൻ പെരിസിചും ക്രമാറിചും വ്‌ലാസികും ആക്രമണങ്ങൾ കനപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ക്രോട്ടുകൾ. സോസയും ഗ്വാർഡിയോളും ലോവ്‌റനും ജുറനോവിചും പ്രതിരോധം കാക്കുമ്പോൾ ബ്രസീലിന്റെ മുന്നേറ്റ നിരക്കും വിയർപ്പൊഴുക്കേണ്ടി വരും. ജപ്പാനെതിരേ ചിലന്തിവല വിരിച്ച് മൂന്ന് പെനാൽറ്റി കിക്കുകൾ തട്ടിത്തെറിപ്പിക്കുകയും മത്സരത്തിലുടനീളം ജപ്പാനെ ഗോളിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്ത ഡൊമിനിക് ലിവാകോവിചിന്റെ വലയിലേക്ക് കാനറികൾക്ക് പന്തെത്തിക്കാനാവുമോ എന്നതും കണ്ടറിയേണ്ട കാര്യമാണ്. 4-3-3 ശൈലി അവലംബിക്കുന്ന ക്രോട്ടുകൾ പ്രതിരോധത്തിലൂന്നിയാവും കളിക്കുക.

സാധ്യത ഇലവൻ

ബ്രസീൽ: അലിസൺ, മിലിറ്റാവോ, മാർക്വിൻഹസ്, തിയഗോ സിൽവ, ഡാനിലോ, പക്വിറ്റ, കാസിമെറോ, റാഫിഞ്ഞ, നെയ്മർ, വിനീഷ്യസ് ജൂനിയർ, റിച്ചാർലിസൺ.

കൊയേഷ്യ: ലിവാകോവിച്, ജുറാനോവിച്, ലോവ്‌റൻ, ഗ്വാർഡിയോൾ, സോസ, കൊവാസിച്, ബ്രോസോവിച്, ലൂക്ക മോഡ്രിച്, വ്‌ലാസിച്, ക്രാമറിച്, പെരിസിച്.

FIFA World Cup 2022 quarterfinals: Argentina face unbeaten Netherlands, Brazil take on Croatia

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.