
ആമസോണ്‍: ബ്രസീലിലെ മഴക്കാടുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന പൗലോ പുലിഞ്ഞോ ഗ്വാജാജാരയെ അനധികൃത മരംവെട്ടുകാര്‍ വെടിവച്ചു കൊന്നു. ആമസോണില്‍ വ്യാപകമായി മഴക്കാടുകള്‍ കത്തിക്കുന്നത് ചെറുക്കാന്‍ രൂപീകരിച്ച ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റ് എന്ന സംഘടനയിലെ അംഗം കൂടിയായിരുന്നു പൗലോ.
ബ്രസീലിലെ ഇരുപതിനായിരത്തോളം വരുന്ന പ്രാചീന ഗോത്ര വര്‍ഗത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. പൗലോ പുലിഞ്ഞോ നേതൃത്വം നല്കിയ ഗാര്‍ഡിയന്‍സ് ഓഫ് ഫോറസ്റ്റിന്റെ ചെറുത്തുനില്‍പ്പാണ് ആമസോണിലേക്ക് ലോകശ്രദ്ധ എത്തിച്ചത്.
ബ്രസീലിയന്‍ ഇന്‍ഡിജെനസ് പീപ്പിള്‍സ് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം മരണ്ഹാവോയിലെ അരാരിബോയ എന്ന സ്ഥലത്ത് വച്ചാണ് പൗലീഞ്ഞോ കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ലയേര്ഷിയോ ഗ്വാജജാര എന്ന ആദിവാസി യുവാവിനും വെടിയേറ്റിട്ടുണ്ട്. പൗലീഞ്ഞോയുടെ മരണത്തിന് ഉത്തരവാദി ആയവരെ കണ്ടെത്തുമെന്ന് ബ്രസീലിയന്‍ മന്ത്രി സെര്‍ജിയോ മോറോ പറഞ്ഞു. സര്‍ക്കാര്‍ തന്നെ മരം മുറിക്കുന്നതിനും മറ്റ് പ്രവര്‍ത്തികള്‍ക്കും കൂട്ട് നില്ക്കുന്ന സന്ദര്‍ഭത്തിലാണ് ആമസോണ്‍ കാടുകള്‍ സംരക്ഷിക്കാനായി പൗലോ പുലിഞ്ഞോ മുന്നിട്ട് ഇറങ്ങിയത്.