ഇംഫാല്‍: മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ മുന്നണിയായ ‘ഇന്‍ഡ്യ’യുടെ പ്രതിനിധികളായ എംപിമാര്‍ സംസ്ഥാന ഗവര്‍ണര്‍ അനസൂയ ഉയ്‌കെയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചു. സംസ്ഥാനം നേരിടുന്ന വിഷയവും തങ്ങളുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടി എം.പിമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം കൈമാറി. പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നിവേദനത്തില്‍ ഉന്നയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നതെന്ന് സംഘം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് മാസമായി സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന മെഷിനറികള്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് സംശയത്തിന് അതീതമായി സ്ഥാപിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വെടിവയ്പ്പിന്റെയും വീടുകള്‍ക്ക് തീയിടുന്നതിന്റെയും റിപ്പോര്‍ട്ടുകള്‍, പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ മെമ്മോറാണ്ടത്തില്‍ ആരോപിച്ചു.
മണിപ്പൂരില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് എം.പിമാര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 89 ദിവസമായി സംസ്ഥാനം നേരിടുന്ന ക്രമസമാധാന തകര്‍ച്ച സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ ഗവര്‍ണര്‍ അറിയിക്കണം. പ്രധാനമന്ത്രിയുടെ മൗനം മണിപ്പൂരിനോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ സമീപനമാണ് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് 140ലധികം മരണങ്ങള്‍ സംഭവിച്ചതായും 500ലധികം വീടുകള്‍ കത്തിനശിച്ചതായും എം.പിമാര്‍ നിവേദനത്തില്‍ സൂചിപ്പിച്ചു. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ടായ പരാജയത്തിന്റെ സൂചനയാണെന്നും നിവേദനത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ വെടിവെയ്പ്പിന്റേയും നാശനഷ്ടങ്ങളുടേയും കണക്കുകള്‍ വിരല്‍ചൂണ്ടുന്നത് സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് കാരണമാകുന്നുവെന്നും നിവേദനത്തില്‍ പ്രതിപക്ഷം ആരോപിച്ചു.
മൂന്നുമാസത്തോളമായി കലാപം തുടരുന്ന മണിപ്പൂരിന്റെ യഥാര്‍ഥചിത്രം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും ലക്ഷ്യമിട്ടാണ് 16 പാര്‍ട്ടികളില്‍പ്പെട്ട 21 എം.പി.മാരുടെ സംഘം ശനിയാഴ്ച സംസ്ഥാനത്തെത്തിയത്. മെയ്ത്തി, കുക്കി വിഭാഗങ്ങളുടെ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഇവര്‍ സന്ദര്‍ശനം നടത്തി. നഗ്‌നരാക്കി തെരുവില്‍ നടത്തിയ സ്ത്രീകളെ വനിതാ എം.പി.മാര്‍ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ചു.
ഹെലികോപ്റ്ററില്‍ ചുരാചന്ദ്പുരിലെത്തിയ സംഘം കുക്കി വിഭാഗങ്ങളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇംഫാലില്‍ മെയ്ത്തി വിഭാഗങ്ങളുടെ ക്യാമ്പുകളും എം.പിമാര്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യംപോലുമില്ലാത്ത സ്ഥിതിയാണെന്ന് പാര്‍ലമെന്റംഗങ്ങള്‍ പറഞ്ഞു.
Comments are closed for this post.