2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ബ്രാന്‍ഡ്‌സ് ഓഫ് ഇന്ത്യ’ പ്രദര്‍ശനം ട്രേഡ് സെന്ററില്‍; 29ന് സമാപിക്കും

ദുബൈ: മിഡില്‍ ഈസ്റ്റ്-ഉത്തരാഫ്രിക്കന്‍ (മെനാ) മേഖലയിലെ ഏറ്റവും വലിയ വസ്ത്ര വ്യാപാര പ്രദര്‍ശനമായ ‘ബ്രാന്‍ഡ്‌സ് ഓഫ് ഇന്ത്യ’ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു. ഉഭയ കക്ഷി ബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും ഇരു രാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കാനും ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് സുപ്രധാന പങ്കാണുള്ളതെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വൈസ് ചെയര്‍മാന്‍ ബുത്തി സഈദ് അല്‍ ഗന്‍ദി പറഞ്ഞു.
ഇന്ത്യന്‍ എംബസി, ദുബൈ ടെക്‌സ്‌റ്റൈല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (ടെക്‌സ്മാസ്), ദുബൈ ഇന്റര്‍നാഷണല്‍ ചേംബര്‍, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് മര്‍ചന്റ്‌സ് ഗ്രൂപ് ദുബൈ എന്നിവയുടെ പിന്തുണയോടെ ക്‌ളോത്തിംഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഎംഎഐ) സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ പ്രഥമ പതിപ്പാണിത്. 350ലധികം ഇന്ത്യന്‍ ബ്രാന്‍ഡുകളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രദര്‍ശനം നവംബര്‍ 27 മുതല്‍ 29 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ 6, 7 ഹാളുകളിലായാണ് ഒരുക്കിയിരിക്കുന്നത്. മെനാ മേഖലയിലെ വസ്ത്ര വ്യവസായത്തെ ആകര്‍ഷിക്കാനായാണ് ഇത്തരമൊരു പ്രദര്‍ശനം. വ്യാപാരത്തിനപ്പുറം അന്താരാഷ്ട്ര സഹകരണം, സാംസ്‌കാരിക വിനിമയം എന്നിവ കൂടി ലക്ഷ്യമാക്കുന്നു.  
ഇന്ത്യന്‍ ബ്രാന്‍ഡുകളെ വിദേശ വിപണിയില്‍ സ്ഥാപിക്കാനുള്ള മികച്ച വേദിയാണിതെന്ന് ടെക്‌സ്‌റ്റൈല്‍സ് ചുമതലുള്ള കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പ്രദര്‍ശനം സംബന്ധിച്ച് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. സിഎംഎഐയുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
”ഇന്ന് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ആഗോള ആകര്‍ഷണമുണ്ട്. മാത്രമല്ല, ലോകമെമ്പാടുമുള്ളവര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. 190 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുള്ള യുഎഇയില്‍ ഇത്തരമൊരു പരിപാടിക്ക് ആതിഥേയത്വം വഹിക്കാനാകുന്നതില്‍ സന്തോഷമുണ്ട്” -ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ സന്ദേശത്തില്‍ പറഞ്ഞു.
യുഎഇ വിപണിയിലെ ഇന്ത്യന്‍ ബിസിനസുകള്‍ ദ്രുതഗതിയിലുള്ള വ്യാപാരമാണ് പ്രകടിപ്പിക്കുന്നത്. 2022ല്‍ ഇന്ത്യാ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സീപ) ഒപ്പുവച്ച ശേഷം വലിയ വളര്‍ച്ചയാണ് ദൃശ്യമാകുന്നതെന്നും സിഎംഎഐ പ്രസിഡന്റ് രാജേഷ് മസന്ദ് ഉദ്ഘാടന ശേഷം നടന്ന ചടങ്ങില്‍ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ഡിജിറ്റല്‍ കറന്‍സികളായ ദിര്‍ഹം, റുപ്പി  എന്നിവയിലെ സഹകരണവും പേയ്‌മെന്റ് സംവിധാനത്തിന്റെ പരസ്പര ബന്ധവും വ്യാപാര സെറ്റില്‍മെന്റ് ശേഷികളിലെ മറ്റൊരു സമീപകാല വികസനമാണെന്നും ഇത് ബിസിനസ് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യന്‍ അപ്പാരല്‍ ബ്രാന്‍ഡുകളുടെ അന്താരാഷ്ട്ര അംഗീകാരത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറാന്‍ ബ്രാന്‍ഡ്‌സ് ഓഫ് ഇന്ത്യ ഒരുങ്ങുകയാണ്. 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 1,500 ബയര്‍മാര്‍ ഷോയില്‍ സോഴ്‌സിംഗിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പ്‌ളാറ്റ്‌ഫോം മേഖലയിലെ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്ക് ആവേശകരമായ ബിസിനസ് സാധ്യതകള്‍ സൃഷ്ടിച്ചുവെന്നും ബ്രാന്‍ഡ്‌സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ജയേഷ് ഷാ അഭിപ്രായപ്പെട്ടു.
ഓക്‌സംബര്‍ഗ്, ജെ.ഹാംസ്റ്റെഡ്, ഡോളര്‍, ഗ്രാമര്‍, ലൂയി ഫിലിപ്, വാന്‍ ഹ്യൂസെന്‍, അലന്‍ സോളി, ഓട്ടോ, പീറ്റര്‍ ഇംഗ്‌ളണ്ട്, ടെക്‌സസ് ജീന്‍സ്, മെക്‌സികോ ജീന്‍സ്, ക്‌ളിക്ക്‌സ്, ഡബിള്‍ ബുള്‍, ബോണ്‍ഹൂര്‍ തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ ഷോയില്‍ പങ്കെടുക്കുന്നു. 150 മുന്‍നിര അപ്പാരല്‍ ബ്രാന്‍ഡുകളുമായാണ് ബ്രാന്‍ഡ്‌സ് ഓഫ് ഇന്ത്യ ആദ്യം ഈ ഷോ വിഭാവനം ചെയ്തത്. എന്നാല്‍, 145 ജെന്റ്‌സ് ബ്രാന്‍ഡുകളിലും 80 ലേഡീസ് ബ്രാന്‍ഡുകളിലുമായി വെസ്റ്റേണ്‍ വെയര്‍, ഇന്ത്യന്‍ എത്‌നിക് വെയര്‍, ഫ്യൂഷന്‍ വെയര്‍ എന്നിവയില്‍ വ്യാപിച്ചു കിടക്കുന്ന 350ലധികം ബ്രാന്‍ഡുകളുടെ ഷോകേസിംഗ് നടത്താന്‍ സാധിച്ചു. കിഡ്‌സ് വിഭാഗത്തില്‍ നിന്നുള്ള 35 ബ്രാന്‍ഡുകളുമുണ്ട്. 350ലധികം ഇന്ത്യന്‍ ബ്രാന്‍ഡുകളെ ശാക്തീകരിക്കാന്‍ ഈ ഷോ മുഖേന സാധിക്കുമെന്നും ഷാ അഭിപ്രായപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.