കൊച്ചി: ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ആറ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ശേഖരിച്ചത്. മാര്‍ച്ച് രണ്ടിന് വൈകീട്ട് മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ സെക്ടര്‍ ഒന്നില്‍ നിന്നാണ് തീപടര്‍ന്നത് എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്നും സിറ്റി പൊലിസ് കമ്മിഷണര്‍ കെ സേതുരാമന്‍ അറിയിച്ചു.
പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. തീപിടിത്തവുമായി ബന്ധപ്പെട്ട അട്ടിമറി സാധ്യത പൊലിസ് വിശദമായി അന്വേഷിക്കും. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ 12 എണ്ണത്തില്‍ ആറെണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്.
സെക്ടര്‍ ഒന്നില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സോണ്ട ഇന്‍ഫ്രാടെക്കിലെ ചില ഉദ്യോഗസ്ഥരും ബ്രഹ്മപുരത്തെ ചില ജീവനക്കാരും നേരത്തെ പറഞ്ഞിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്ക് പ്രവേശിക്കുമ്പോള്‍ വലതുഭാഗത്തുള്ള പ്രദേശമാണ് സെക്ടര്‍ ഒന്ന്. ഇവിടെനിന്നുതന്നെയാണ് തീ പടര്‍ന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാകുന്നത്. മാര്‍ച്ച് 2നു വൈകിട്ടാണ് തീപ്പിടിത്തം ആരംഭിച്ചത്. വളരെ വേഗത്തില്‍ ഈ തീ ആളിപ്പടര്‍ന്നെന്ന് ദൃശ്യങ്ങളില്‍ കാണിക്കുന്നു. ഇത് അണയ്ക്കാനുള്ള ശ്രമം ബ്രഹ്മപുരം പ്ലാന്റിലെ ജീവനക്കാര്‍ നടത്തിയെങ്കിലും വിഫലമായി. ഇതോടെയാണ് അഗ്‌നിരക്ഷാ സേന എത്തിയത്.
Comments are closed for this post.