2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അംബേദ്കറുടെ ജനായത്ത ഭരണഘടന അട്ടിമറിക്കപ്പെടുമ്പോൾ

   

ഡോ. അജയ് ശേഖർ

ഭരണഘടനാ ധാർമികത ഒരു സഹജവികാരമല്ല, അതു വളർത്തിയെടുക്കേണ്ടതാണ്.
ഡോ. ബി.ആർ അംബേദ്കർ

പ്രാതിനിധ്യത്തിൻ കലയും സാധ്യതയുമായ ജനായത്തം ജനത ഏറെ പണിപ്പെട്ട് പഠിക്കേണ്ടതുണ്ടെന്ന് നമ്മുടെ ഭരണഘടനാ ശിൽപി പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെയും ലോകത്തിൻ്റെയും ഭാവിക്കുവേണ്ടിയുള്ള ജീവിതയത്‌നമാണ് ബാബാസാഹേബ് ഭരണഘടനാ രചനയിലൂടെ നിർവഹിച്ചത്. അതാണിന്ന് അനുദിനം മാറ്റിമറിക്കപ്പെടുന്നത്. അതിൻ്റെ ജനായത്ത, മതേതര തത്വങ്ങളെയും ആധാരങ്ങളെയും അടിസ്ഥാനഘടനയേയും നിരന്തരം മാറ്റിമറിക്കാനുള്ള ശ്രമങ്ങൾ ജനങ്ങൾ നിയമപരമായും രാഷ്ട്രീയപരമായും സമ്മതിദാനതലത്തിലും നടത്തിയാലേ ഇന്ത്യൻ ജനായത്ത റിപ്പബ്ലിക്ക് അദ്ദേഹം വിഭാവന ചെയ്ത പോലെ നിലനിൽക്കൂ. നീതിനിയമ പഠനങ്ങളും ഭരണഘടനാ സാക്ഷരതയും പ്രാതിനിധ്യത്തിലടിയുറച്ച ജനായത്ത വിദ്യാഭ്യാസവുമാണ് കാലം ആവശ്യപ്പെടുന്നത്.

1932 ലെ പൂനാ പാക്റ്റിലൂടെ അടിസ്ഥാന ജനതയുടെ രാഷ്ട്രീയപ്രാതിനിധ്യം എന്ന പ്രാഥമിക ജനായത്ത അജൻഡയിൽനിന്ന് അതിനെതിരേ മരണം വരെ നിരാഹാരം പ്രഖ്യാപിച്ച ദേശീയവാദ നേതാവായ ഗാന്ധിജിയുടെ ജീവൻ രക്ഷിക്കാനും ദലിത് ജനതയ്‌ക്കെതിരായി നടമാടാവുന്ന കൊടിയ ജാതിഹിന്ദു ഹിംസകളൊഴിവാക്കാനുമായി അംബേദ്കർ കാരുണികവും മാനവികവുമായ ബുദ്ധൻ്റെ പ്രായോഗിക മധ്യമാർഗം സ്വീകരിച്ചു സൗമ്യമായി പിന്തിരിഞ്ഞു. എന്നാൽ തൻ്റെ നീതിക്കും ജനായത്തത്തിനും വേണ്ടിയുള്ള ജീവിത ദൗത്യത്തിലെ ഏറ്റവും നിർണായക സന്ദർഭത്തിൽ ഇന്ത്യയുടെ നൈതിക ജനായത്ത കരാർ നിർമിക്കുന്ന വേളയിൽ ജനതയുടെ മതിയായ പ്രാതിനിധ്യത്തെ ആ ദേശീയ കരാറിൻ്റെ ആധാരമായി ഉൾച്ചേർക്കാനും ശ്രദ്ധിച്ചു.

പ്രാതിനിധ്യ ചിന്തയുടെ മാനവിക രാഷ്ട്രീയ പ്രയോഗമാണ് ജനായത്തം. ചരിത്രപരവും പ്രബുദ്ധവുമായിരുന്നു അംബേദ്കറുടെ ഈ രാഷ്ട്രീയമീമാംസയും നീതിനിയമ രചനാ പരിശ്രമവുമെന്നാണ് ലോകത്തെ മുൻനിര ഭരണഘടനാ നിയമജ്ഞനും നാഷനൽ ലോ സ്‌കൂൾ മുൻ വൈസ് ചാൻസലറും ഇന്ത്യൻ സുപ്രിംകോടതിയുടെ നാഷണൽ ജുഡിഷ്യൽ അക്കാദമിയുടെ മുൻ ഡയരക്ടറുമായ പ്രൊഫസർ ഡോക്ടർ മോഹൻ ഗോപാൽ പറയുന്നത്

യഥാർഥത്തിൽ കോൺസ്റ്റിറ്റ്യൂവൻ്റ് അസംബ്ലിയിലേക്ക് അംബേദ്കർ വന്നപ്പോൾ തന്നെ 1940 കളുടെ അന്ത്യത്തിൽ അദ്ദേഹത്തെ തുറന്നു പ്രശംസിച്ച് ആധുനിക കേരള സാംസ്‌കാരിക, രാഷ്ട്രീയ ചരിത്രത്തിൻ്റെ ഭാഗമാക്കിയത് ഗുരു ശിഷ്യനായ പുലയനയ്യപ്പനെന്നറിയപ്പെട്ട സഹോദരൻ അയ്യപ്പനാണ്. ജാതിഭാരതം എന്ന പ്രബുദ്ധമായ രാഷ്ട്രീയ കവിതയിൽ മനുസ്മൃതിയെന്ന സനാതന വൈദിക വർണാശ്രമധർമത്തിൻ ദണ്ഡനീതിയെ ആധുനിക ജനായത്ത ഭരണഘടനയിലൂടെ മാറ്റുന്ന വർത്തമാന, ഭാവികളുടെ ബുദ്ധനായി സഹോദരൻ ആ രാഷ്ട്ര ശിൽപിയേയും നീതിചിന്തകനെയും ചമൽക്കാരം ചെയ്തു. കേരളകവിതയെ ലോകോത്തരമാക്കുന്ന വരികളാണത്. മാറ്റുവിൻ ചട്ടങ്ങളേ എന്ന് ആശാനും കവിതയിൽ തന്നെ മുന്നേ എഴുതി. അംബേദ്കറെന്ന നാലക്ഷരം ഭാവിഭാരതം നന്ദിതിങ്ങുന്ന ഹൃത്തോടെ പള്ളിക്കെട്ടുമായി ശരണം വിളിച്ച് പള്ളിമാമലയ്ക്കു പോകുന്ന അയ്യപ്പൻമാരെ പോലെ തികച്ചും ബൗദ്ധമായ ശരണ മന്ത്രമായി ജപിക്കും എന്നാണ് സഹോദരൻ എഴുതിയത്. 1930 കളുടെ തുടക്കം മുതൽ അംബേദ്കറുടെ ഉൽബോധനത്തെയും ഗാന്ധിയുമായുള്ള ജനായത്തത്തിനും പ്രാതിനിധ്യ സംസ്‌കാരത്തിനുമായി നടത്തിയ ജീവിത സംവാദങ്ങളെയും കുറിച്ച് നിരവധി എഡിറ്റോറിയലുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു പോന്നു.

കാലത്തെ കവിയുന്ന പ്രവാചകതയാണ് സഹോദര കവിതയിൽ അംബേദ്കറുമായി ബന്ധപ്പെട്ട് ജ്വലിക്കുന്നത്. രണ്ടു ക്രാന്തദർശികളും നവബുദ്ധവാദികളായിരുന്നു. അനുകമ്പയുടെ നീതിശാസ്ത്രം വിരചിച്ച ഗുരുവിൻ ശിഷ്യനായ സഹോദരൻ ജനായത്തപരമായ കാവ്യശാസ്ത്രംകൂടി ചമച്ചു. അതാണു കുട്ടികൾ പ്രാഥമികതലം മുതൽ പഠിക്കേണ്ടത്. ഗുരുവിലും സഹോദരനിലുംകൂടി അവർ അംബേദ്കറിലേക്കും ബുദ്ധനിലേക്കും ഉണരുമ്പോളാവും ഇന്ത്യൻ ജനായത്തം പൂവിടുക. ആയിരം പൂക്കൾ വിടരട്ടേ എന്ന് മുൽക്ക് രാജിൻ്റെ നമസ്‌കാരത്തെ മടക്കിയ അംബേദ്കറെയും നാനമോനം എന്ന നമ്മുടെ അശോക വിജയദശമിയിലെ എഴുത്തുവണക്കവും നാമോർക്ക.

ചരിത്രപരമായി ജാതിസമൂഹത്തിൽ അമിതപ്രാതിനിധ്യം കൈയാളിയ സവർണ സാമൂഹ്യ വിഭാഗങ്ങളുടെ അമിതപ്രാതിനിധ്യ കുത്തക പെരുകുന്ന വർത്തമാനത്തിൽ സഹോദരനും ബാബാസാഹേബുമുയർത്തിയ സാമൂഹ്യ ജനായത്ത ഭാവനയും സാമുദായിക പ്രാതിനിധ്യചിന്തയും ഭാവിയിലേക്കുള്ള ജനായത്ത സ്വപ്നവും നൈതികവും കാരുണികവുമായ വിശ്വസാഹോദര്യവുമാണ്. പ്രാതിനിധ്യമില്ലാതെ ജനായത്തവും സാമൂഹ്യ പങ്കാളിത്തവും ക്ഷേമവും ഉണ്ടാവില്ല. മഹാകവി ആശാൻ പോലും ബൗദ്ധമായ കരുണയും ചണ്ടാലഭിക്ഷുകിയും ബുദ്ധചരിതവുമെഴുതിയ പക്വമായ അന്ത്യകാലത്തു സമ്മതിച്ച പോലെ സാക്ഷാൽ ഗുരുവിനെ പ്രസവിച്ച ഒരു സമുദായത്തിനു മാത്രമേ സഹോദരനെ പോലുള്ള ഒരു ധീര ശബ്ദത്തിനു ജന്മം കൊടുക്കാനാവൂ. 1924 ൽ വിടപറഞ്ഞില്ലായിരുന്നെങ്കിൽ ആശാനും ബുദ്ധനെ കുറിച്ചു മാത്രമല്ല നവബുദ്ധനായ അംബേദ്കറെ കുറിച്ചും പാടിയേനേ. മൂലൂരിൻ്റെ ധമ്മപദ മൊഴിമാറ്റവും ഗുരുവിൻ തിരുക്കുറൽ പരിഭാഷയും കൂടി ഓർക്കാം. ഇതൊക്കെയാകണം സർവകലാശാലാ പാഠ്യപദ്ധതി. രാമായണ, മാവാരത, ഗീതാസ്വാധ്യായങ്ങൾ കൊണ്ടതാവില്ല. അപരവൽക്കരണ ഹിംസാപാഠങ്ങൾ വംശഹത്യയിലേക്കും പുറന്തള്ളലിലേക്കും വരേണ്യതയിലേക്കും നയിക്കും. കൊല്ലായ്കിലവൻ ഗുണമുള്ള പുമാനെന്നു ഗുരു.

ആശാൻ്റെ കാവ്യങ്ങളായ സിംഹപ്രസവവും തീയക്കുട്ടിയുടെ വിചാരവും തോട്ടത്തിലെ എട്ടുകാലിയും ദൂഷിതമായ ന്യായാസനവും പോലെ വർത്തമാനത്തിൽ മുഴങ്ങുന്ന സത്യനീതി സമരമാണ് ജനായത്തപരമായ പ്രാതിനിധ്യ രാഷ്ട്രീയം. കേരള ആധുനികതയും ഇന്ത്യയുടെ ജനായത്ത ആധുനികതയും ഭരണഘടനാ നൈതികതയും തമ്മിലുള്ള ഇത്തരം ചരിത്ര ബന്ധങ്ങളാണ് നമ്മുടെ പുതു തലമുറ പഠിക്കുകയും ഗവേഷണം ചെയ്യുകയും പ്രസിദ്ധീകരിക്കുകയും മാധ്യമസംവാദം നടത്തുകയും ഒക്കെ ചെയ്യേണ്ടത്. അമിത പ്രാതിനിധ്യ കുത്തക മാധ്യമങ്ങളേയും തകർക്കും. അംബേദ്കറുടെ ജനായത്ത ഭരണഘടനയെക്കുറിച്ചുള്ള സാക്ഷരതയും ജനായത്ത സാക്ഷരതയുമാണിന്ന് വിദ്യാഭ്യാസത്തിൽ ഏറെ നിർണായകം. യഥാർഥ പ്രബുദ്ധ ചരിത്രവും സംഘ സാഹിത്യവും സംസ്‌കാരവും മറച്ചുവച്ച് ഹൈന്ദവ സാമാന്യബോധവും സംസ്‌കൃത സമവായവും ഉണ്ടാക്കിയതിൻ ഫലമാണിതെല്ലാം. ഭാഷാസ്വത്വ മൗലികവാദികളും വരേണ്യ സംസ്‌കാരവാദികളും ശുദ്ധലാവണ്യവാദികളുമാണ് ലോകത്തെ സമഗ്രാധിപത്യം. ലോകയാഥാർഥ്യമായ ബഹുസ്വരതയെയും വൈവിധ്യത്തെയും പ്രാതിനിധ്യത്തെയും അവരംഗീകരിക്കുന്നില്ല. അവർക്കു വിദ്യാഭ്യാസവും ബോധോദയവും കൊടുത്തേ മതിയാവൂ. അതാണ് ബാബാ ആധുനിക ആംഗലത്തിൽ പറഞ്ഞ പഠിക്കുക, പോരാടുക, സംഘടിക്കുക എന്ന ബുദ്ധരുടെ ത്രിശരണങ്ങൾ.

സ്മൃതിശ്രുതിപുരാണങ്ങളും കുലീനകാവ്യേതിഹാസങ്ങളും ഹൈന്ദവ ഭക്തിസാഹിത്യവും ഗുരു പറഞ്ഞപോലെ രാമാദികളുടെ കാലത്തെ ശൂദ്രാദിയായ ശംബുകൻ്റെ ഗതിയാവും ഉണ്ടാക്കുക. കാരണം സ്മൃതികൾ നോക്കി ഭരിക്കുന്നവരല്ലേ ഹിന്ദുക്കൾ എന്നു ഗുരു. അതിനാൽ പശ്ചാത്യരും യൂറോപ്യൻ ആധുനികതയുമാണ് തൻ ഗുരുക്കന്മാരെന്നദ്ദേഹം പ്രഖ്യാപിച്ചു. കൊല്ലുന്നവനെത്ര നന്മയുണ്ടെങ്കിലും വെറും മൃഗത്തിന് തുല്യനാണെന്ന് 1914 ൽ തന്നെ അദ്ദേഹം ജീവകാരുണ്യ പഞ്ചകത്തിലെഴുതി. രാമകൃഷ്ണൻമാരുടെ പ്രഹേളികയിലും ഹിന്ദുയിസത്തിൻ ഫിലോസഫിയിലും അംബേദ്‌കറും പ്രശ്‌നവൽക്കരിച്ചത് കൊല്ലുന്ന ദൈവങ്ങളുടെ മാനവികതയാണ്. ഗാന്ധിജി ഗുരുവിനെ കാണാൻ വന്നപ്പോൾ സഹോദരൻ നേരിട്ടു ചോദിച്ചതും കൊല്ലുന്ന, കൊല്ലാൻ പഠിപ്പിക്കുന്ന ദൈവത്തെ കുറിച്ചായിരുന്നു. മലയാളി കുലീന മുൻഷിമാർ അക്കാദമി വേദികൾ ദുരുപയോഗം ചെയ്ത്, മാധ്യമ മേശകളെ കോളനീകരിച്ച് പൊതു ചെലവിൽ നടത്തിയ മാവാരത, രാമായണ പട്ടത്താനങ്ങളും ഗീതാഗിരി ശിബിരങ്ങളും ഈ മൃഗീയ ഹൈന്ദവ പൊതുബോധത്തെ വിജ്രംഭിപ്പിച്ച്, തീണ്ടാരി ലഹളകളിലേക്കും കൊടിയ ഭരണഘടനാ ധ്വംസനങ്ങളിലേക്കും ജനായത്തവിരുദ്ധ ആധുനികപൂർവ ക്ഷുദ്ര വിശ്വാസിലഹളകളിലേക്കും കൂപ്പുകുത്തുന്നു എന്നു പ്രതിവിപ്ലവങ്ങൾ കേരളത്തിൽ സാക്ഷ്യപ്പെടുത്തുന്നു.

(തുടരും)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.