
കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ കളമശ്ശേരി പൊലിസ് കേസെടുത്തു. പ്രതികളിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലിസ് കേസെടുക്കുകയായിരുന്നു. മര്‍ദ്ദിച്ചവരില്‍ ഒരാളൊഴികെ മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയാവാത്തവരാണ്. ഇവരുടെ മാതാപിതാക്കളെയും പൊലിസ് സ്റ്റേഷനില്‍ വിളിച്ച് വരുത്തിയിട്ടുണ്ട്.
ലഹരി ഉപയോഗം വീട്ടിലറിയിച്ചതിനാണ് 17-കാരനെ കൂട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. ഓരോരുത്തരും ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.