2023 October 04 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഹാജിമാരും ഉംറക്കാരുംകൊണ്ടുവന്ന പുസ്തകങ്ങള്‍


13 വര്‍ഷം ജിദ്ദയില്‍ ജീവിച്ചപ്പോള്‍ കിട്ടിയ പുസ്തകങ്ങളെ ഞാന്‍ അങ്ങേയറ്റം അമൂല്യമായി കാണുന്നു. ആഗ്രഹിക്കുന്ന പുസ്തകങ്ങളൊന്നും അന്ന് ജിദ്ദയില്‍ കിട്ടില്ല. കൂറ്റന്‍ ബുക്ക് ചെയിനായ ജരീര്‍ ബുക്ക്‌സ്റ്റോറില്‍ പോലും പല പുസ്തകങ്ങളും ഉണ്ടായിരുന്നില്ല. സെന്‍സര്‍ഷിപ്പ് തന്നെയായിരുന്നു കാരണം. മലയാള പുസ്തകങ്ങള്‍ ഒട്ടും കിട്ടുമായിരുന്നില്ല. പക്ഷെ, ജരീര്‍ ചിലപ്പോള്‍ അത്ഭുതങ്ങളും കാണിച്ചു. ഉദാഹരണത്തിന് 2021 സാഹിത്യ നോബല്‍ സമ്മാന ജേതാവ് അബ്ദുല്‍ റസാഖ് ഗുര്‍ണയുടെ പുസ്തകങ്ങള്‍ എനിക്ക് കിട്ടിയത് ജരീരില്‍ നിന്നായിരുന്നു. അങ്ങനെ ചില എഴുത്തുകാരെ ആ പുസ്തക ശാല എനിക്കും സമ്മാനിച്ചു.


ജിദ്ദ കാലത്ത് തീര്‍ഥാടകര്‍ എനിക്കായി കൊണ്ടു വന്ന പുസ്തകങ്ങള്‍ ഇപ്പോഴും കേടുകൂടാതെ എന്റെ വീട്ടു ലൈബ്രറിയിലുണ്ട്. അവയിലൂടെ പതുക്കെ വിരലോടിക്കുമ്പോള്‍ ഓരോ പുസ്തകവും കൊണ്ടു വന്ന ഹാജിയെ/ഉംറ തീര്‍ഥാടകരെ ഓര്‍ക്കും. അവരില്‍ പലരും ഇന്നില്ല. മരിച്ചു പോയി. പക്ഷെ അവര്‍ കൊണ്ടു വന്നു നൽകിയ പുസ്തകങ്ങള്‍ ഇന്നും സജീവതയോടെ നില നില്‍ക്കുന്നു. മനുഷ്യനും പുസ്തകങ്ങളും തമ്മിലുള്ള വ്യത്യാസം ഇതാണ്, അനശ്വരതയുടെ അവകാശി പുസ്തകങ്ങളാണ്, മനുഷ്യരല്ല.


എനിക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ സഹോദരൻ സമീര്‍ വാങ്ങി ജിദ്ദയിലേക്ക് വരുന്നവരുടെ അടുത്ത് എത്തിക്കും. അന്ന് തിരുവനന്തപുരം മോഡേണ്‍ ബുക്ക്‌സിലുണ്ടായിരുന്ന എന്‍.ഇ സുധീര്‍ ആവശ്യമുള്ള പുസ്തകങ്ങള്‍ പറയുന്ന വിലാസങ്ങളിലേക്കയച്ചു കൊടുക്കും. എറണാകുളത്ത് പ്രിസം ബുക്ക്‌സിലെ പ്രദീപ് ഭാസ്‌ക്കറും പുസ്തകങ്ങള്‍ എത്തിക്കാന്‍ സഹായിക്കും. കണ്ണൂര്‍ ഡി.സിയിലുണ്ടായിരുന്ന (ഇപ്പോള്‍ കോഴിക്കോട് മാതൃഭൂമിയില്‍) അനീഷും പുസ്തകങ്ങള്‍ പറയുന്ന വിലാസത്തിൽ കൊറിയര്‍ ചെയ്യും. അങ്ങനെ ഒരു നെറ്റ് വര്‍ക്കിന്റെ സഹായത്തോടെയാണ് ജിദ്ദയിലേക്ക് പുസ്തകങ്ങള്‍ വന്നു കൊണ്ടിരുന്നത്. അവധി കഴിഞ്ഞ് ജിദ്ദയിലേക്ക് വരുന്നവരെ കണ്ടുപിടിച്ച് അവര്‍ക്കാണ് കൊറിയര്‍/പോസ്റ്റ് ചെയ്യുക. അല്ലെങ്കില്‍ ബൈ ഹാന്‍ഡ് എത്തിക്കും. ഇതാണ് പുസ്തകങ്ങള്‍ ജിദ്ദയിലെത്തുന്നതിന്റെ റൂട്ട്മാപ്പ്.


ജിദ്ദ മലയാളം ന്യൂസിലെ സഹപ്രവര്‍ത്തകര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍ അങ്ങനെയുള്ള കുറേപ്പേരാണ് അവധി കഴിഞ്ഞ് മടങ്ങുമ്പോള്‍ എനിക്കുള്ള പുസ്തകങ്ങള്‍ കൂടെ കൊണ്ടു വന്നിരുന്നത്. ഇതിന്റെ കൂട്ടത്തിലാണ് തീര്‍ഥാടകരില്‍ ചിലരും പുസ്തകങ്ങളുമായി വന്നത്. അതിനാല്‍ എന്റെ പുസ്തകങ്ങളില്‍ പലതിലും പല ഹജ്ജ്- ഉംറ കാലങ്ങളുടെ ഓര്‍മകള്‍ കൂടി പുരണ്ടു കിടക്കുന്നുണ്ട്. ഹാജിമാര്‍ക്കും ഉംറക്കാര്‍ക്കും നാട്ടില്‍ നിന്നും കിട്ടുന്ന ഏറ്റവും വലിയ ഉപദേശം ഖുര്‍ആനും ഹജ്ജ് ഗൈഡുമല്ലാത്ത പുസ്തകങ്ങളൊന്നും കൈയില്‍ കരുതരുത്, അല്ലാത്തവ ജിദ്ദ എയര്‍പോര്‍ട്ടില്‍ പിടിക്കുമെന്നാണ്. അതില്‍ ചില വാസ്തവം ഉണ്ടു താനും. ഇറാന്‍ ഹാജിമാര്‍ സഊദി വിരുദ്ധ പുസ്തകങ്ങള്‍ കൈയില്‍ കരുതുന്ന പതിവുണ്ടായിരുന്നെന്നും അതിനാലാണ് പുസ്തക വിലക്ക് വന്നതെന്നുമുള്ള വിശദീകരണമാണ് സാധാരണ കേള്‍ക്കാറുണ്ടായിരുന്നത്. അറബി പുസ്തകങ്ങള്‍ പിടിച്ചു വയ്ക്കുന്ന രീതിയാണ് സഊദി എയര്‍പോര്‍ട്ടുകളിലുണ്ടായിരുന്നത്. ഇന്നത്തെപ്പോലെ ലഗേജ് സ്‌കാന്‍ ചെയ്തു വിടുന്ന രീതിയായിരുന്നില്ല അന്ന്. എല്ലാം തുറന്നു കാണിക്കണം. പുസ്തകങ്ങള്‍ കണ്ടാല്‍ അരിശവും വിറളിയും വരുന്ന ഉദ്യോഗസ്ഥര്‍ എയര്‍പോര്‍ട്ടില്‍ ഇടക്കിടെ ആവര്‍ത്തിക്കുന്ന കാഴ്ച്ചയുമായിരുന്നു. അതിനാല്‍ താന്‍ ചെയ്യുന്നത് ഒരു പുണ്യ പ്രവര്‍ത്തി തന്നെയാണെന്ന് കരുതി പുസ്തകങ്ങള്‍ കൊണ്ടു വന്ന പല തീര്‍ഥാടകരും എന്നെ കൂടുതല്‍ വായനയുടെ ആത്മീയതയിലേക്ക് നയിച്ചു.


കുഞ്ഞഹമ്മദ് ഹാജി അങ്ങനെ ഒരാളായിരുന്നു: നോം ചോംസ്‌കിയുടെ അടക്കം മൂന്നു പുസ്തകങ്ങളാണ് ഹാജി കൊണ്ടു വന്നത്. മക്കയില്‍ അദ്ദേഹത്തെ കാണാനും പുസ്തകങ്ങള്‍ വാങ്ങാനും ചെന്നപ്പോള്‍ ‘കുട്ട്യേ, ഇജ്ജും ഞാനും നടത്തിയ പുസ്തകക്കടത്ത് കുഴപ്പമൊന്നും കൂടാതെ വിജയിച്ചു, അല്‍ഹംദുലില്ലാ’ എന്നു പറഞ്ഞ് ചിരിച്ചു. അദ്ദേഹത്തിന് ആ പുസ്തകങ്ങളുടെ ഉള്ളടക്കത്തെക്കുറിച്ചൊന്നും അറിയുമായിരുന്നില്ല. പക്ഷെ ഇല്‍മിന്റെ വഴികള്‍ തടയുന്നത് ഹറാമും അനിസ് ലാമികവുമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അതുകൊണ്ടാണ് പലരും വിലക്കിയിട്ടും ആ പുസ്തകങ്ങള്‍ ഹാജിയാര്‍ കൊണ്ടു വന്നത്.
എന്നാല്‍, ഒരു ചായ കുടിക്കാം, ഞാന്‍ ഹാജിയാരോട് പറഞ്ഞു. ചായ പിന്നെ. എനിക്ക് ഒന്ന് ഹിറ കയറണം. കുട്ട്യേ ഇങ്ങള് ന്നെ ഒന്ന് കൊണ്ടു പോകോ? അതിനെന്താ, ഹാജിയാര്‍ നമുക്ക് പോകാം. ഞാനദ്ദേഹവുമായി ഹിറ കയറാന്‍ പോയി. അദ്ദേഹം നല്ല വണ്ണം കഷ്ടപ്പെടുന്നുണ്ട്. എങ്കിലും ഇടക്കിരുന്നും നിന്നും പതുക്കെ മലമ്പള്ളയുടെ ചെങ്കുത്ത് കയറി ഞങ്ങള്‍ ഹിറയിലെത്തി. പ്രവാചകനെക്കുറിച്ച് പറയാന്‍ തുടങ്ങിയതും ഹാജിയാര്‍ കരയാന്‍ തുടങ്ങി. ഞാനദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചില്ല. കരച്ചിലിനെപ്പോലെ ഒാർമകൾ കൊണ്ടു വരുന്ന മറ്റൊന്നുമുണ്ടാകില്ല, പ്രത്യേകിച്ചും മക്കയിൽ.


അത്യുദാരനായ നിന്റെ നാഥന്റെ പേരില്‍ വായിക്കുക എന്ന് ജിബ്രീല്‍ പ്രവാചകരോട് പറഞ്ഞ ആ ഇടുങ്ങിയ ഗുഹാ കവാടത്തില്‍ ചെല്ലുമ്പോഴെല്ലാം വായന എന്നതിനെക്കുറിച്ചല്ലേ ഏറ്റവും കൂടുതല്‍ ആലോചിക്കുക? അല്ലേ? ഹാജിയാര്‍ എന്നോടു ചോദിച്ചു. ഞാനതിന് മറുപടിയൊന്നും പറഞ്ഞില്ല. ഒരു വായനക്കാരന് പുസ്തകം എത്തിച്ചതിന്റെ അര്‍ഥം അദ്ദേഹം ആ സംഭാഷണത്തിലൂടെ സമ്പൂര്‍ണമാക്കുകയായിരുന്നു. കൊവിഡ് കാലം ഹാജിയാരെ കൊണ്ടു പോയി. ഹജ്ജ് കാലമെത്തുമ്പോള്‍ എപ്പോഴും ഞാനാ പുസ്തകക്കടത്തുകാരനെ ഓര്‍ക്കും.
സഊദിയിലേക്കുള്ള ലഗേജുകളില്‍ ഏറ്റവും കൂടുതലുണ്ടാവുക പൊരിച്ചതോ, വരട്ടിയതോ ആയ ബീഫ് പൊതികളായിരിക്കും. മലബാര്‍ ഗള്‍ഫുകാരുടെ ലഗേജുകളില്‍ അഞ്ച് കിലോ ബീഫില്ലാത്തവ ഉണ്ടാകില്ല. ഇതിന്റെ കൂടെ അച്ചാറുകള്‍, കഷായങ്ങള്‍, പ്രസവ രക്ഷാ മരുന്നുകള്‍, ഇംഗ്ലീഷ് മരുന്നുകള്‍, തലയില്‍ തേക്കാനുള്ള എണ്ണകള്‍… അങ്ങനെ പലതുമുണ്ടാകും. ഇതേ പെട്ടികളിലാണ് പുസ്തകങ്ങളും കൊണ്ടു വരിക.മിക്കപ്പോഴും അച്ചാര്‍, എണ്ണ കുപ്പികള്‍ പൊട്ടും. ബീഫിലെ എണ്ണ പുറത്തേക്ക് പരക്കും. എല്ലാത്തിലും അന്തിമമായി പരുക്കേല്‍ക്കുക പുസ്തകങ്ങള്‍ക്കായിരിക്കും. പുസ്തകത്താളുകളില്‍ എണ്ണ പരക്കും. അച്ചാര്‍ ലയിക്കും. അങ്ങനെയുള്ള പലതരം രുചിമരുന്നോര്‍മകളുടേയും കൂടി ഖനിയായിരുന്നു ആ പുസ്തകങ്ങള്‍. ഖാലിദിന് കുഞ്ഞുണ്ടായപ്പോഴാണ് വിക്ടര്‍ലീനസിന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരം കിട്ടിയത്. പേറ്റുമരുന്നുകളുടെ മണവുമായി ആ പുസ്തകം എത്തിച്ചത് ഖാലിദിന്റെ ഒരു ബന്ധുവായിരുന്നു.


ജിദ്ദ ജീവിതം അവസാനിപ്പിച്ച് മടങ്ങുമ്പോള്‍ പുസ്തകങ്ങള്‍ എങ്ങനെ നാട്ടിലേക്കു കൊണ്ടു വരും എന്നതായിരുന്നു മുഖ്യ പ്രശ്‌നം. 450 കിലോ ഭാരമുണ്ടായിരുന്നു പുസ്തകങ്ങള്‍ക്ക്. പുസ്തകങ്ങള്‍ അവിടെ ഉപേക്ഷിച്ച് നാട്ടില്‍ വന്നതിനു ശേഷം അവ വീണ്ടും വാങ്ങുന്നതായിരുന്നു ലാഭം. പക്ഷെ, പുസ്തകങ്ങള്‍ എത്തിച്ച മനുഷ്യര്‍, ഓരോന്നും വായിച്ചപ്പോള്‍ എത്തിപ്പെട്ട ലോകങ്ങള്‍, പുസ്തകം കൈമാറി വായിച്ചുണ്ടായ സൗഹൃദങ്ങള്‍ അങ്ങനെ പലതിന്റേയും രേഖ കൂടിയാണ് എന്നെ സംബന്ധിച്ച് ഈ പുസ്തകങ്ങള്‍. അതിനാല്‍ ഞാനാ പുസ്തകങ്ങള്‍ നാട്ടിലേക്കു കൊണ്ടു വന്നു. ഡോര്‍ ടു ഡോര്‍ ഏജന്‍സി വഴിയാണ് കൊണ്ടു വന്നത്.ജിദ്ദ വിട്ട് ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ആ പുസ്തകങ്ങള്‍ എനിക്കു കിട്ടിയത്. ഡോര്‍ ടു ഡോര്‍ ബിസിനസിനു വന്ന തകര്‍ച്ചയും ജിദ്ദയില്‍ നിന്നുള്ള ചരക്കു കണ്ടെയ്‌നറുകള്‍ മാസങ്ങളോളം മുംബൈയിലും ചെന്നൈയിലും പിടിച്ചിട്ടതുമാണ് ബുക്ക് കൊറിയര്‍ വൈകാന്‍ ഇടയാക്കിയത്. പുസ്തകങ്ങളുടെ വശങ്ങളില്‍ നനഞ്ഞിരുന്നു. മുമ്പ് എണ്ണ പടര്‍ന്ന പുസ്തകങ്ങള്‍ പോലെ നനവ് പടര്‍ന്ന പുസ്തകങ്ങളേയും ഉണക്കിയും മറ്റും രക്ഷിച്ചെടുത്തു. ഇ-ബുക്കുകളുടേയും കിന്‍ഡില്‍ എഡിഷനുകളുടേയും കാലത്ത് പുസ്തക അലഭ്യത ഒരു മിത്തായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. ഏതു പുസ്തകവും എവിടെ ഇരുന്നും ഇന്ന് വായിക്കാന്‍ കഴിയും.


വായന ഒരേ പോലെ അനുഗ്രഹവും പ്രാര്‍ഥനയുമാണ്. ജീവിതത്തിന്റെ എല്ലാ തരം അര്‍ഥങ്ങളിലേക്കും മനുഷ്യരെ നയിക്കുന്നത് സ്വാനുഭവങ്ങളും മറ്റു മനുഷ്യരുടെ, അല്ലെങ്കില്‍ മനുഷ്യരാശിയുടെ അനുഭവ പ്രപഞ്ചങ്ങളും ചേര്‍ന്നാണ്. അതിനാല്‍ ഒരാള്‍ വായിക്കുന്നില്ലെങ്കില്‍ അയാളിലെ ജൈവാംശം പൊടിഞ്ഞു തീര്‍ന്നിരിക്കുന്നു എന്നു തന്നെയാണര്‍ഥം. ഒരു മനുഷ്യജീവിതം ആയുസ് കൊണ്ട് നിരവധി മനുഷ്യാനുഭവങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഏക വഴി വായന മാത്രമാണ്. പല മനുഷ്യ മനസുകളേയാണ്, പ്രകൃതി ഭാവങ്ങളേയാണ് ഓരോ പുസ്തകവും പങ്കുവയ്ക്കുന്നത്. അങ്ങനെയൊരു പങ്കുവയ്പ്പ് മറ്റൊരു മാധ്യമത്തിന് നമുക്ക് തരാനാകില്ല. അതുകൊണ്ടാണ് പുസ്തകവും എഴുത്തും വായനയും മനുഷ്യന്റെ എക്കാലത്തേയും ഏറ്റവും വലിയ കണ്ടു പിടുത്തമായി നില്‍ക്കുന്നത്. അമ്മ കുഞ്ഞിനെ മുത്തം വയ്ക്കുന്നതു പോലെ പുസ്തകത്താളുകള്‍ നിരവധി ജീവിതാനുഭവങ്ങളില്‍ ആവര്‍ത്തിച്ച് ഉമ്മ വച്ച് ഓരോ മനുഷ്യനേയും ഉണര്‍ത്തുന്നു. ഇതാ നമ്മള്‍ ജീവിക്കുന്ന ലോകത്തിലേക്ക് നോക്കൂ, അതിനെ മനസിലാക്കൂ എന്നു പറയുന്നു.
പുസ്തകങ്ങളെ തലോടുമ്പോൾ ജീവിച്ചിരിക്കുന്നതിന്റെ രോമാഞ്ചം ശരിക്കും, സത്യമായി അനുഭവപ്പെടും. എപ്പോഴുമെന്ന പോലെ ആ രോമാഞ്ചത്തിന് അഭിവാദ്യമർപ്പിക്കുകയാണ് ഈ വായനാ ദിനത്തിലും വാരത്തിലും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.