ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടുവെന്ന പ്രചാരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കുന്ന തരത്തില്‍ പ്രകോപനം നടത്തിയെന്നതിന്റെ പേരിലാണ് തമിഴ്‌നാട് ക്രൈംബ്രാഞ്ച് സൈബര്‍ വിഭാഗം ബിജെപി അധ്യക്ഷനെതിരെ കേസെടുത്തത്.
തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന പ്രചരണത്തില്‍ നാല് പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജ വീഡിയോകള്‍ പ്രചരിപ്പിച്ചവര്‍ രാജ്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരാണെന്നും കേവല രാഷ്ട്രീയത്തിനു വേണ്ടിയുള്ള ഇത്തരം പ്രവര്‍ത്തികളെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി.
ഡി.എം.കെയുടെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ കുടിയേറ്റ തൊഴിലാളികളോടുള്ള വിവേചനം ആരംഭിച്ചതെന്ന് അണ്ണമലൈ തമിഴ്‌നാട് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ മൂന്ന് കേസുകളാണ് തമിഴ്നാട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ദൈനിക് ഭാസ്‌കര്‍ എഡിറ്റര്‍, മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് തന്‍വീര്‍, ഉത്തര്‍പ്രദേശിലെ ബിജെപി വക്താവ് പ്രശാന്ത് ഉമ്രാവോ, സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായ സുഗം ശുക്ല എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Comments are closed for this post.