മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലിംകളെ ഭീകരവാദികളായി ചിത്രീകരിച്ചുള്ള മോക്ക് ഡ്രിൽ നടത്തിയ പൊലിസ് നടപടി തള്ളി ബോംബെ ഹൈക്കോടതി. മോക്ക് ഡ്രില്ലിലൂടെ പ്രത്യേകമതവിഭാഗങ്ങളെ ലക്ഷ്യംവയ്ക്കരുതെന്ന് ഹൈക്കോടതി പൊലിസിന് നിർദേശം നൽകി. അടുത്തിടെ മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ നടത്തിയ മോക്ക്ഡ്രില്ലിനിടെ ഭീകരവാദികളെ കാഴ്‌പ്പെടുത്തുന്നതിനിടെ ഭീകരനായി വേഷമിട്ട പൊലിസ് ഉദ്യോഗസ്ഥൻ ‘അല്ലാഹു അക്ബർ’ എന്നു ഉറക്കെ വിളിച്ചുപറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരേ സാമൂഹികപ്രവർത്തകൻ സയ്യിദ് ഉസ്മാൻ നൽകിയ ഹരജിയിൽ ബോംബെ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച്, ഇത്തരത്തിൽ മോക്ക് ഡ്രിൽ നടത്തുന്നതിന് വിലക്കേർപ്പെടുത്തി. ഇത്തരം മോക്ക് ഡ്രില്ലുകൾ ഇസ്ലാംഭീതി വളർത്തുന്നതും ഭീകരർ പ്രത്യേകമതവിഭാഗത്തിൽനിന്ന് മാത്രമുള്ളവരാണെന്ന സന്ദേശമാണ് നൽകുകയെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
മോക്ക് ഡ്രിൽ സംബന്ധിച്ച മാർഗനിർദേശങ്ങൾ എന്തൊക്കെയന്നു വ്യക്തമാക്കാൻ ജസ്റ്റിസുമാരായ മംഗേഷ് പാട്ടീൽ, എ.എസ് ചപൽഗോങ്കർ എന്നിവർ പൊലിസിന് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. പ്രത്യേക സമുദായത്തിൽപ്പെട്ടവരെ ഭീകരരായി ചിത്രീകരിച്ചുള്ള മോക്ക്ഡ്രിൽ നടത്തരുതെന്നും കോടതി വാക്കാൽ ആവശ്യപ്പെട്ടു. ഹരജി അടുത്തമാസം പത്തിലേക്ക് മാറ്റിവച്ചു.
ചന്ദ്രാപൂരിലെ മഹാകാളി ക്ഷേത്രത്തിൽ കഴിഞ്ഞമാസം 11നാണ് മഹാരാഷ്ട്ര പൊലിസ്, ഭീകരവിരുദ്ധ സേന(എ.ടി.എസ്), കമാൻഡോസ് എന്നിവ സംയുക്തമായി വിവാദമായ മോക്ക്ഡ്രിൽ നടത്തിയത്. ക്ഷേത്രത്തിൽ കയറിയ ഭീകരനെ കീഴ്‌പ്പെടുത്തുന്നതായിരുന്നു മോക്ക് ഡ്രിൽ. ‘അറസ്റ്റ്’ ചെയ്ത് കൊണ്ടുപോകുമ്പോഴാണ് ‘ഭീകരൻ’ അല്ലാഹു അക്ബർ എന്നു വിളിച്ചത്. മോക്ക് ഡ്രില്ലിൽ ഭീകരർ ആയി അഭിനയിച്ചവുടെ വേഷമാകട്ടെ തീർത്തും മുസ്ലിം അടയാളങ്ങൾ പ്രധർശിപ്പിക്കുന്നവ ആയിരുന്നു.
പൊലിസിനെതിരേ പ്രദേശത്തെ അഭിഭാഷകർ ചന്ദ്രാൂർ പൊലിസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ഭാവിയിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്ന് പൊലിസ് കമ്മിഷനർ രവീന്ദ്രസിങ് അറിയിച്ചു.
Comments are closed for this post.