2023 December 10 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആദ്യം ഇടതുവശത്തേക്ക് ചെരിഞ്ഞു, ആര്‍പ്പുവിളി; ഒടുവില്‍ തലകീഴായി മറിഞ്ഞു

മലപ്പുറം: വിനോദ സഞ്ചാരികളെ വഹിച്ച് ബോട്ട് കരയില്‍നിന്ന് പുറപ്പെട്ട് അരകിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും അപകടമുണ്ടായി. ബോട്ട് ഇടതുഭാഗത്തേക്ക് ചെരിയുകയായിരുന്നുവെന്ന് ദുരന്തം നടന്ന ബോട്ടിലുണ്ടായിരുന്ന ശഫീഖ് പറയുന്നു. ഇതോടെ ആളുകള്‍ ആ ഭാഗത്തേക്ക് നീങ്ങി. ഭാരം ഒരുവശത്തായതോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.

രക്ഷാപ്രവര്‍ത്തകരായ ശഫീഖ് ഉള്‍പ്പെടെയുള്ളവര്‍ മുകളിലായിരുന്നു. ബോട്ട് മുങ്ങിയതോടെ മുകളിലുണ്ടായിരുന്ന കുറച്ചുപേരെ തോണിയില്‍ കയറ്റി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പത്തോളം പേരെ ഇത്തരത്തില്‍ കരയ്‌ക്കെത്തിച്ചു. ബോട്ടില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇവരില്‍ ഭൂരിഭാഗം പേരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും വിവരമുണ്ട്. യാത്രക്കാരുടെ എണ്ണം 70 വരെയാകാമെന്ന് നാട്ടുകാരില്‍ ചിലര്‍ ആദ്യം സൂചിപ്പിച്ചിരുന്നു.

തീരത്തുനിന്ന് അവസാന ട്രിപ്പിനു പോയവരാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് ആറുവരെയാണ് സര്‍വിസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് ഏഴിന് സര്‍വിസ് നടത്തിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഇതിനിടെ അപകടവിവരമറിഞ്ഞ് സ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയതും പ്രശ്‌നം സൃഷ്ടിച്ചു. രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ബോട്ട് തലകീഴായി മറിഞ്ഞ അവസ്ഥയിലായിരുന്നു. ഇതും തിരിച്ചടിയായി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബോട്ട് ഉയര്‍ത്താനായത്.

   

ഹൃദയംപൊട്ടി താലൂക്ക് ആശുപത്രി പരിസരം

തിരൂരങ്ങാടി: താനൂര്‍ ബോട്ടപകടത്തില്‍ മൃതദേഹങ്ങള്‍ ഒന്നൊന്നായി എത്തിയപ്പോള്‍ ഹൃദയം പൊട്ടി താലൂക്ക് ആശുപത്രി പരിസരം. 20 മൃതദേഹങ്ങളും തിരൂരങ്ങാടി താലൂക്ക് ആശയ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. സംഭവം നടന്ന വിവരമറിഞ്ഞ് ഉടനെത്തന്നെ ചെമ്മാട്ടുനിന്ന് ആംബുലന്‍സുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. പിന്നീട് കേട്ടറിഞ്ഞവര്‍ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. ആദ്യം കൊണ്ടുവന്നത് കുട്ടിയുടെ മൃതദേഹമാണ്. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ മരിച്ചിരുന്നു.

തുടര്‍ന്ന് പരുക്കേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ വന്നു തുടങ്ങി. അപ്പോഴേക്കും താലൂക്ക് ആശുപത്രി പരിസരം ജനനിബിഢമായിരുന്നു.
മൃതദേഹങ്ങള്‍ നിരത്തിവച്ച കാഴ്ച കരളലിയിക്കുന്നതായിരുന്നു. പലരും വിങ്ങിപ്പൊട്ടി. ചിലര്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. വന്നവര്‍ പരസ്പരം നിയന്ത്രിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.

പിന്നീട് കെ.പി.എ മജീദ് എം.എല്‍.എ, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖ് എന്നിവര്‍ താലൂക്ക് ആശുപത്രിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

നൊമ്പരമായി താനൂർ; മരണസംഖ്യ 21 ആയി ഉയർന്നു, തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം...

Read more at: https://suprabhaatham.com/tanur-boat-accident-death-toll-rises-to-21/


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.