2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പൊന്നോമനകളേ കാണൂ… കാഴ്ചനശിക്കും മുമ്പ് ഈ വര്‍ണലോകം

അപൂര്‍വ നേത്രരോഗം; മക്കളെ ലോകം കാണിച്ച് ദമ്പതികള്‍

ടൊറന്റോ: കണ്ണില്‍ ഇരുട്ട് കയറുംമുമ്പ് സാധ്യമാവുന്നത്ര ലോകകാഴ്ചകള്‍ കണ്ട് അത് മനോമുകിരത്തിലേക്ക് പകര്‍ത്തുക. ഓര്‍മത്തണലില്‍ ശിഷ്ടകാലം കഴിക്കുക. കനേഡിയക്കാരായ ദമ്പതികള്‍ അപൂര്‍വ നേത്രരോഗം ബാധിച്ച കുട്ടികളെയും കൂട്ടി ലോകയാത്ര നടത്തുന്നതിന് ഇതിനാണ്.
സെബാസ്റ്റിയന്‍ പെല്ലെറ്റിയെര്‍-എഡിത്ത് ലീമേ ദമ്പതികളാണ് മക്കളെയും കൂട്ടി ലോകം ചുറ്റുന്നത്. ആറു മാസം കൂടി ചുറ്റിയടിച്ച ശേഷം സ്വദേശമായ ക്യുബെകിലേക്ക് ഇവര്‍ തിരിച്ചുപോകും. വീട്ടില്‍ കുട്ടികള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെങ്കിലും കാഴ്ച നശിക്കുംമുമ്പ് പരമാവധി കാര്യങ്ങള്‍ കണ്ടുമനസിലാക്കട്ടെയെന്ന് കരുതിയാണ് സഞ്ചാരമെന്ന് മാതാവ് എഡിത്ത് ലീമേ പറയുന്നു. കുട്ടികള്‍ എല്ലാം മനസിലേക്ക് പകര്‍ത്തി ‘വിഷ്വല്‍ മെമ്മറി’ നേടട്ടെയെന്ന് ഒരു വിദഗ്ധനാണ് യാത്ര നിര്‍ദേശിച്ചത്.

കണ്ണിലെ റെറ്റിനയിലെ കോശങ്ങള്‍ അതിവേഗം നശിച്ച് കാഴ്ച ക്രമേണ ഇല്ലാതാവുന്ന റെറ്റിനിറ്റിസ് പിഗ്‌മെന്റോസ എന്ന അപൂര്‍വ രോഗത്തിനു മുന്നില്‍ വൈദ്യശാസ്ത്രവും പകച്ചുനില്‍ക്കുന്നു. നാലുമക്കളില്‍ മൂന്നുപേര്‍ക്കാണ് രോഗം. 12, ഏഴ്, അഞ്ച് വയസ്സ് പ്രായമുള്ള മക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗത്തിന് ചികില്‍സയില്ലെന്നും മധ്യവയസ്സ് പിന്നിടും മുമ്പ് പൂര്‍ണ അന്ധരാവുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായി ലീമേ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കിഴക്കന്‍ കാനഡയിലൂടെയാണ് ലോകസഞ്ചാരം തുടങ്ങിയത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നമീബിയ പിന്നീട് മംഗോളിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും സന്ദര്‍ശിച്ചു. സുഹൃത്തുക്കള്‍ക്കായി ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
മിയ, കോളിന്‍, ലോറന്റ്, ലിയോ എന്നിവരാണ് മക്കള്‍. യാത്രകള്‍ ഞങ്ങളുടെ കണ്ണ് തുറപ്പിക്കുന്നുവെന്നാണ് പിതാവ് സെബാസ്റ്റ്യന്‍ പറുന്നത്.

ഫോട്ടോ- സെബാസ്റ്റിയന്‍ പെല്ലെറ്റിയെര്‍-എഡിത്ത് ലീമേ ദമ്പതികള്‍ മക്കളായ മിയ, കോളിന്‍, ലോറന്റ്, ലിയോ എന്നിവര്‍ക്കൊപ്പം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.