
കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ കളിക്കളത്തിലിറങ്ങുന്നു. മികച്ച ഫോമിലുള്ള ബെംഗളുരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം മുതല്‍ പരിശീലനം സജീവമാക്കിയിട്ടുണ്ട്.
എന്നാല്‍ നാളെ എത്രപേര്‍ക്ക് കളിക്കാനാവുമെന്ന് അറിയില്ലെന്നും ഞങ്ങള്‍ ഒരുമത്സരത്തിന് സജ്ജരല്ലെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറയുന്നു. അഡ്രിയാന്‍ ലൂണയടക്കം എല്ലാ വിദേശതാരങ്ങളും പരിശീലനം പുനരാരംഭിച്ചുകഴിഞ്ഞു.
എങ്കിലും ക്യാംപിലുണ്ടായ കോവിഡ് വ്യാപനം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെയടക്കം മാനസികമായി തളര്‍ത്തിക്കഴിഞ്ഞു. ഒരു ഫുട്‌ബോള്‍ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും സജ്ജരല്ല എന്നാണ് ഇന്ന് മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ ഇവാന്‍ പറഞ്ഞത്.
ഞങ്ങള്‍ ഒരു മത്സരത്തിന് ഇപ്പോള്‍ സജ്ജരല്ല, നാളത്തെ മത്സരത്തെക്കുറിച്ചൊന്നും ഞങ്ങള്‍ കാര്യമായി ചിന്തിക്കുന്നില്ല, ഞങ്ങള്‍ മത്സരം കളിക്കുന്നു എന്ന് മാത്രമേയുള്ളുവെന്നും ഇവാന്‍ പറഞ്ഞു.