കൊല്‍ക്കത്ത: ഈസ്റ്റ് ബംഗാളിനു മുന്നില്‍ കാലിടറി കേരള ബ്ലാസ്‌റ്റേഴ്‌സ്. പോയിന്റ് പട്ടികയില്‍ ഏറെ പിന്നിലുള്ള ബംഗാളിനോട് അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് കീഴടങ്ങിയത്. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആറാം തോല്‍വിയാണിത്.ഇരുടീമുകളും പൊരുതിക്കളിച്ച ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ ശേഷമാണ് രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ ഗോള്‍മുഖം തുറന്നത്.
77ാം മിനിറ്റില്‍ ക്ലൈറ്റന്‍ സില്‍വയായിരുന്നു ബംഗാളിനായി ലക്ഷ്യം കണ്ടത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോള്‍കീപ്പറെയും കടന്ന് ബോക്‌സിനകത്തെത്തിയ പന്ത് സില്‍വ എളുപ്പത്തില്‍ വലയിലാക്കി. സീസണില്‍ സില്‍വയുടെ 10-ാം ഗോളാണിത്. ആദ്യപകുതിയില്‍ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി സുഹൈര്‍ നേടിയ ഗോള്‍ ഓഫ്‌സൈഡായതിനെ തുടര്‍ന്ന് റഫറി അനുവദിച്ചിരുന്നില്ല. ജയിച്ചെങ്കിലും 16 കളികളില്‍നിന്ന് 15 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്തു തന്നെ തുടരുന്നു. തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷമാണ് ഈസ്റ്റ് ബംഗാള്‍ വിജയവഴിയില്‍ തിരിച്ചെത്തിയത്.
പോയിന്റ് പട്ടികയില്‍ മുംബൈ സിറ്റിക്കും ഹൈദരാബാദിനും പിന്നില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. 16 മത്സരങ്ങളില്‍നിന്ന് ഒന്‍പത് ജയവും ഒരു സമനിലയും ആറ് തോല്‍വിയുമായി 28 പോയിന്റാണ് മഞ്ഞപ്പടയ്ക്കുള്ളത്.
Comments are closed for this post.