കൊച്ചി: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയുള്ള കരിങ്കൊടി പ്രതിഷേധക്കാര്‍ക്കെതിരായ നടപടികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. പെരുമ്പാവൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ഓഗസ്റ്റ് മാസത്തിലായിരുന്നു ഇദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. സ്വര്‍ണക്കടത്തുകേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ അന്ന് മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് വ്യാപകമായ കരിങ്കൊടി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കൊച്ചിയില്‍ കൊച്ചി മെട്രോയുടെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍, കറുത്ത വേഷം ധരിച്ചു എന്നതിന്റെ പേരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മെട്രോ ഓഫീസിന് സമീപത്തു നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കരിങ്കൊടി പ്രതിഷേധം നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണം. ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കരിങ്കൊടി പ്രതിഷേധങ്ങളുടെ പേരില്‍ എത്ര പേരെ അറസ്റ്റ് ചെയ്തു എന്നതിന്റെ വിവരങ്ങള്‍ അറിയിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
Comments are closed for this post.