2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പറഞ്ഞവർക്കെതിരെ നടപടിയുമായി ബിജെപി; കെ.ബി ഗണേഷ്കുമാറിന് നോട്ടിസ്

ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പറഞ്ഞാൽ ബിജെപി കേസ് കൊടുക്കും

കൊല്ലം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നതുമായി ബന്ധപ്പെടുത്തി ആർഎസ്എസിന്റെ പങ്ക് ആരോപിക്കുന്നവർക്കെതിരെ നിയമനടപടിയുമായി ബിജെപി. ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പറയുന്ന നേതാക്കൾക്ക് തുടക്കത്തിൽ വക്കീൽ നോട്ടിസ് അയക്കാനാണ് ബിജെപി തീരുമാനം. പ്രചാരണം തുടർന്നാൽ മാനനഷ്ടക്കേസ് നൽകും. ഇതുമായി ബന്ധപ്പെട്ട് കെ.ബി.ഗണേഷ്കുമാർ എംഎൽഎക്ക് വക്കീൽ നോട്ടിസ് അയച്ചു.

ഗാന്ധിജിയെ നിഷ്കരുണം വധിച്ചത് ആർഎസ്എസ് ആണെന്ന് കൊല്ലം പട്ടാഴി ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പ്രസംഗത്തിൽ കെ.ബി ഗണേഷ്കുമാർ എംഎൽഎ പറഞ്ഞിരുന്നു. ഇടതുമുന്നണിയുടെ പൊതുയോഗത്തിനിടെയായിരുന്നു ഗണേഷ്‌കുമാറിന്റെ പ്രസംഗം. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇത്. പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്.

അഡ്വ. കല്ലൂർ കൈലാസ്നാഥ് മുഖേനയാണു നോട്ടിസ് അയച്ചത്. ബിജെപി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആർ അരുൺ ആണ് പരാതിക്കാരൻ. പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്നാണു നോട്ടിസിലെ ആവശ്യം. ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കുണ്ടെന്ന് പറയുന്ന നേതാക്കൾക്ക് എതിരെ നടപടിക്കൊരുങ്ങാനുള്ള ബിജെപിയുടെ തീരുമാനവുമായി ബന്ധപ്പെട്ട ആദ്യ നോട്ടിസ് ആണ് ഗണേഷ്കുമാറിന് അയച്ചത്.

ഈ നടപടി തുടരാനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായി രാഷ്ട്രീയസംഘടനകളിലെ പ്രസംഗകർ ഗാന്ധിവധത്തിൽ ആർഎസ്എസിനെതിരെ സംസാരിക്കുന്ന കാര്യം നിരീക്ഷിക്കാൻ പ്രാദേശിക നേതാക്കൾക്കു ബിജെപി നിർദേശം നൽകി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.