2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അടുത്ത നിയമസഭാ തിരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി ഭരണത്തിലേറുമെന്ന് കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തിരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി ഭരണത്തിലേറുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലും പശ്ചിമ ബംഗാളിലും അധികാരം നേടും. ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലും പ്രവചനങ്ങളെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്. ഇരുപക്ഷങ്ങളുടെയും അഴിമതി ജനങ്ങള്‍ക്ക് മനസ്സിലായെന്നും സെക്രട്ടേറിയറ്റിലെ തീപിടിത്തം അട്ടിമറിയാണെന്നും സുരേന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി ഭരണമുപയോഗിച്ച് സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്തും ജീവന് ഭീഷണിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇവരറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല. എല്ലാ അഴിമതികളും അറിയാവുന്ന രണ്ട് ഉദ്യോഗസ്ഥരാണ് ഇവര്‍. രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ട്. അദ്ദേഹത്തെ ജീവനോടെ വേണ്ടത് സംസ്ഥാനത്തിന് അത്യാവശ്യമാണ്. രവീന്ദ്രന്റെ ജീവന് സുരക്ഷ നല്‍കാന്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇത് കേവലം സംശയമല്ല, തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.