ന്യൂഡല്‍ഹി: ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മുസ്ലിംസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത് അവര്‍ തന്നെയെന്ന് വെളിപ്പെടുത്തി ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. ഏതെങ്കിലും മുസ്ലിം സംഘടനകളുമായി ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ ആര്‍ക്കെങ്കിലും സംഘടനയുമായി കൂടിക്കാഴ്ചകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ ഞങ്ങള്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു. ആര്‍.എസ്.എസ് ജമാഅത്ത് ചര്‍ച്ച വലിയവിവാദം സൃഷ്ടിച്ച സാഹചര്യത്തില്‍ ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ച വിവാദമായതോടെ ആര്‍.എസ്.എസ് ക്ഷണിച്ചതിനാലാണ് ചര്‍ച്ചയ്ക്ക് പോയതെന്നായിരുന്നു ജമാഅത്ത് പ്രതികരിച്ചത്. എന്നാല്‍, ഇത് തള്ളുകയാണ് ഇന്നലെ ഹരിയാനയിലെ ആര്‍.എസ്.എസ് പരിപാടിക്ക് ശേഷം മാധ്യമങ്ങളെ കണ്ട ദത്തത്രേയ ഹൊസബലെ ചെയ്തത്.
അവര്‍ ഞങ്ങളെ വിശ്വസിച്ചു. ചിലര്‍ വിശ്വസിച്ചില്ല. ഞങ്ങളെ വിശ്വസിച്ചവര്‍ക്ക് ഞങ്ങള്‍ക്ക് സ്വീകാര്യമാണ്. അതുകൊണ്ട് അവരെ ഞങ്ങള്‍ കണ്ടു. ആരെങ്കിലും ഞങ്ങളെ കാണമെന്ന് ആഗ്രഹിക്കുമ്പോള്‍ ഞങ്ങള്‍ തീര്‍ച്ചയായും അവരെ കാണും. അവരുടെ ഭാഗത്ത് നിന്ന് ക്ഷണം ഉണ്ടാകുകയും അവര്‍ ഞങ്ങളെ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ ഞങ്ങള്‍ അതിനനുസരിച്ച് പ്രതികരിക്കും. പക്ഷേ മറുഭാഗത്ത് നിന്നായിരിക്കണം മുന്‍കൈ എടുക്കേണ്ടത്. ഞങ്ങള്‍ ആരുമായും അങ്ങോട്ട് ചര്‍ച്ചയ്ക്ക് പോയിട്ടില്ല. അവരുടെ ഭാഗത്തുനിന്ന് അനുകൂലനീക്കമുണ്ടായപ്പോള്‍ ഞങ്ങളും അനുകൂലമായി പ്രതികരിച്ചുവെന്ന് മാത്രം. ഞങ്ങള്‍ മുസ്ലിംകളുമായി കൂടിക്കാഴ്ചനടത്തി. ക്രിസ്ത്യാനികളുമായി ചര്‍ച്ചനടത്തി. വിദേശികളെ കാണുന്നു. ജനങ്ങള്‍ തമ്മില്‍ കാണുമ്പോള്‍ അവിടെ ചര്‍ച്ചനടക്കുന്നു, അതാണ് ജനാധിപത്യം ദത്തത്രേയ പറഞ്ഞു.
പൊതുവേ ഇതര മുസ്ലിം സംഘടനകള്‍ ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളെ തങ്ങളുടെ പരിപാടികളിലേക്ക് ക്ഷണിക്കുകയോ അവരുമായി സഹകരിക്കുകയോ ചെയ്യുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ജമാഅത്ത് വൃത്തങ്ങള്‍, ആര്‍.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയതാണ് വിവാദത്തിനിടയാക്കിയത്. ജനുവരിയില്‍ ഡല്‍ഹി മുന്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ വീട്ടില്‍വച്ചാണ് ചര്‍ച്ചനടന്നത്.
തങ്ങളുടെ അജണ്ടകളില്‍ വിട്ടുവീഴ്ചചെയ്യുന്നതിന് പകരം മുന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ചര്‍ച്ചയിലും ആര്‍.എസ്.എസ് ചെയ്തത്. ജ്ഞാന്‍വാപിയും മഥുരയിലെ ഈദ്ഗാഹ് പള്ളിയും വിട്ടുനല്‍കിയാലും കൂടുതല്‍ പള്ളികള്‍ക്ക് മേല്‍ അവകാശമുന്നയിക്കില്ലെന്ന് ഉറപ്പുപറയാന്‍ സാധിക്കില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം ആര്‍.എസ്.എസ് പ്രഖ്യാപിച്ചിരുന്നു.
Comments are closed for this post.