2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ത്രിപുരയിലും നാഗാലന്‍ഡിലും ഭരണം നിലനിര്‍ത്തി ബി.ജെ.പി,
ആര്‍ക്കും ഭൂരിപക്ഷമില്ലാതെ മേഘാലയ

  • ത്രിപുരയില്‍ കോണ്‍ഗ്രസ് സഖ്യത്തിലും സി.പി.എമ്മിന് തിരിച്ചടി, കോണ്‍ഗ്രസിനു നേട്ടം

 



ന്യൂഡല്‍ഹി: മൂന്നു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം. ത്രിപുരയിലും നാഗാലന്‍ഡിലും ബി.ജെ.പി ഭരണം നിലനിര്‍ത്തി. മേഘാലയയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ത്രിപുരയില്‍ ബി.ജെ.പി, ഐ.പി.എഫ്.ടി സഖ്യം 34 സീറ്റുകളില്‍ ലീഡുചെയ്യുകയാണ്. 60 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റാണ്. സി.പി.എം കോണ്‍ഗ്രസ് സഖ്യം 14 സീറ്റിലൊതുങ്ങി. തിപ്രമോത പാര്‍ട്ടി 12 സീറ്റ് നേടി നിര്‍ണായക ശക്തിയായി. 11 സീറ്റുകളിലാണ് സി.പി.എം ലീഡ് ചെയ്യുന്നത്. മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നുണ്ട്.

 

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ ബി.ജെ.പി ആയിരുന്നു മുന്നില്‍. എന്നാല്‍ രണ്ടാം റൗണ്ടില്‍ സി.പി.എം കോണ്‍ഗ്രസ് സഖ്യം മുന്നേറിയെങ്കിലും പിന്നീട് ലീഡ് നില താഴേക്കു പോവുകയായിരുന്നു. കഴിഞ്ഞ തവണ 16 സീറ്റ് നേടിയ സി.പി.എമ്മിന് ഇത്തവണ അഞ്ച് സീറ്റുകള്‍ നഷ്ടമായി. 2018ല്‍ പൂജ്യത്തിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ മൂന്നു സീറ്റ് നേടി. പ്രദ്യുദ് ദേബ് ബര്‍മ്മന്റെ തിപ്ര മോത ഗോത്ര വര്‍ഗ മേഖലകളില്‍ നിര്‍ണായക ശക്തിയായതാണ് സിപിഎമ്മിന് തിരിച്ചടിയായത്.
തിപുരയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായി. ബി.ജെ.പിയുടെ ലീഡ് കേവല ഭൂരിപക്ഷം കടന്നിട്ടുണ്ട്. അതേസമയം സി.പി.എം കോണ്‍ഗ്രസ് സഖ്യത്തിന് പ്രതീക്ഷിച്ച വിജയമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, വലിയ തിരിച്ചടിയാണ് സി.പി.എമ്മിന് നേരിടേണ്ടി വന്നതും. എന്നാല്‍ പ്രഥമമത്സരത്തില്‍ തന്നെ മികച്ച നേട്ടം തിപ്ര മോത്ത പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞു.

 

നേരത്തെ മുഴുവന്‍ സീറ്റുകളിലും മത്സരിച്ചിരുന്ന സി.പി.എം ഇത്തവണ കോണ്‍ഗ്രസ് സീറ്റ് ധാരണയിലാണ് മത്സരിക്കാനിറങ്ങിയത്. സഖ്യം ഗുണമായത് കോണ്‍ഗ്രസിന് മാത്രമാണെന്നാണ് ഫലം സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല കഴിഞ്ഞ തവണ 16സീറ്റുകള്‍ നേടിയ സി.പി.എമ്മിന്റെ സീറ്റുനില ഇത്തവണ കുറഞ്ഞേക്കുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

 

കന്നിയങ്കത്തിനിറങ്ങിയ തിപ്ര മോത്തയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ വരവറിയിക്കാനായെന്നതാണ് മറ്റൊരു പ്രത്യേകത. ഒറ്റയ്ക്ക് മത്സരിച്ച തിപ്ര മോത്തയുടെ ലീഡ് നില രണ്ടക്കം കടന്നിട്ടുണ്ട്. ഇതിന് പിന്നാലെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ ബി.ജെ.പിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച് തിപ്ര മോത്ത പാര്‍ട്ടി തലവന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ രംഗത്തെത്തി. തിപ്ര മോത്തയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇടത് കോണ്‍ഗ്രസ് സഖ്യവും തിപ്ര മോത്ത നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വിവരമുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.