2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗോഡ്‌സെ സ്തുതി: കേന്ദ്ര മന്ത്രിയടക്കം മൂന്നു നേതാക്കള്‍ക്കെതിരെയും നോട്ടീസയച്ച് അമിത്ഷാ, 10 ദിവസത്തിനകം മറുപടി നല്‍കണം

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ സ്തുതി പാടി രംഗത്തെത്തിയ മൂന്നു ബി.ജെ.പി നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ. കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡേ, ഭോപ്പാല്‍ സ്ഥാനാര്‍ഥി പ്രഗ്യാ സിങ് താക്കൂര്‍, മംഗളൂരു എം.പി നളീന്‍ കാട്ടീല്‍ എന്നിവരോടാണ് പാര്‍ട്ടി അച്ചടക്ക കമ്മിറ്റി വിശദീകരണം തേടി. 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യം.

മൂവരുടെയും അഭിപ്രായം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടേതല്ലെന്നും അമിത് ഷാ വ്യക്തമാക്കി. സംഭവത്തില്‍ അച്ചടക്ക നടപടിയെടുക്കുമെന്നും അമിത് ഷാ പറഞ്ഞു.

രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ ഘാതകന്‍ ഗോഡ്‌സെ രാജ്യസ്‌നേഹിയെന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പരാമര്‍ശത്തെ പിന്തുണച്ചാണ് കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെ, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ രംഗത്തെത്തിയത്. ഗോഡ്‌സെ രാജ്യ സ്‌നേഹിയയായിരുന്നു, രാജ്യസ്‌നേഹിയാണ്, രാജ്യസ്‌നേഹിയായിരിക്കും എന്ന പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പ്രസ്താവനയില്‍ അവര്‍ മാപ്പ് പറയേണ്ടതില്ലെന്നായിരുന്നു ആനന്ത് കുമാര്‍ ഹെഗ്‌ഡെയുടെ ട്വീറ്റ്. ഇപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് ചര്‍ച്ച ഉയരുന്നതില്‍ സന്തോഷമുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.

ഗോഡ്‌സേ ദേശസ്‌നേഹിയായിരുന്നുവെന്ന ബി.ജെ.പി ഭോപ്പാല്‍ മണ്ഡലം സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശം വിവാദമായതിനു പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ഗോഡ്‌സേയെ പിന്തുണച്ച് രംഗത്തെത്തിയത്.

ഏഴു പതിറ്റാണ്ടിനു ശേഷം ഗോഡ്‌സേയെ ചര്‍ച്ച ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തിനും സന്തോഷം തോന്നുന്നുണ്ടാവുമെന്നുമാണ് കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ ട്വീറ്റ് ചെയ്തത്.

പ്രഗ്യാ സിങിന്റെ പരാമര്‍ശം വിവാദമായതോടെ, മാപ്പു പറഞ്ഞുവെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ താന്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി പിന്നാലെ പ്രഗ്യാ സിങ് രംഗത്തെത്തി. എന്നാല്‍ ഇപ്പോള്‍ കേന്ദ്ര മന്ത്രി തന്നെ ഗോഡ്‌സേ അനുകൂല പ്രസ്താവനയുമായി രംഗത്തെത്തിയത്.

രാജീവ് ഗാന്ധിയെ കൂടി വലിച്ചിട്ടാണ് ബി.ജെ.പി എം.പി നളിന്‍ കുമാര്‍ കാട്ടീലിന്റെ വിവാദ പരാമര്‍ശം. ‘ഗോഡ്‌സേ ഒരാളെ കൊന്നു, കസബ് 72 പേരെയും, രാജീവ് ഗാന്ധി 17,000 പേരെ. ഇതില്‍ ആരാണ് കൂടുതല്‍ ക്രൂരനെന്ന് നിങ്ങള്‍ തന്നെ വിലയിരുത്തുക’ എന്നാണ് നളീന്‍ കുമാര്‍ കാട്ടീലിന്റെ പരാമര്‍ശം.



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.