തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രന്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍നിന്ന് കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ വിട്ടുനിന്നു. ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നുമാസമായി ബി.ജെ.പിക്ക് പ്രസിഡന്റുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മുരളീധരപക്ഷക്കാരനായ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. ഇതില്‍ കൃഷ്ണദാസ് പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ ഭാഗമായാണ് മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, എം.ടി രമേശ് എന്നിവര്‍ ബി.ജെ.പി ആസ്ഥാനത്തുനടന്ന ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് വിലയിരുത്തപ്പെടുന്നു.
പാര്‍ട്ടിയിലെ ഒരുവിഭാഗം വിട്ടുനിന്നാലും ബി.ഡി.ജെ.എസിനെ ഒപ്പംനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായി ആലപ്പുഴയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനുമായും തുഷാര്‍ വെള്ളാപ്പള്ളിയുമായും മുരളീധരന്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ചടങ്ങിനെത്തിയതെന്നാണ് കരുതുന്നത്. എം.ടി രമേശ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ സ്വീകരണത്തിനുശേഷം മടങ്ങുകയായിരുന്നു. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തില്ല. സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന യോഗം അവസാനിക്കാറായപ്പോഴാണ് എ.എന്‍ രാധാകൃഷ്ണന്‍ എത്തിയത്.
Comments are closed for this post.