
തിരുവനന്തപുരം: അറുപതു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വേണോ.? കേരളത്തില്‍ ബി.ജെ.പിക്ക് സംസ്ഥാന സര്‍ക്കാരുണ്ടാക്കാന്‍ അവസരം നല്‍കൂ. മുന്‍ മിസോറാം ഗവര്‍ണറും ബി.ജെ.പി നേതാവുമായ കുമ്മനം രാജശേഖരന്റേതാണ് മധുരമനോഹരമായ വാഗ്ദാനം. എന്നാല്‍ കേന്ദ്രം തന്നെ അദ്ദേഹത്തിന്റെ പാര്‍ട്ടി ഭരിക്കുമ്പോള്‍ എന്തുകൊണ്ടു മറ്റു സംസ്ഥാനങ്ങള്ക്കില്ലാതെ ഈ ആനുകൂല്യം കേരളത്തില്‍ മാത്രം ഒതുക്കുന്നു എന്നുമാത്രം ചോദിക്കരുത്.
ബി.ജെ.പി സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ 60 രൂപക്ക് പെട്രോള്‍ നല്‍കുമെന്നാണ് കുമ്മനം രാജശേഖരന് പറയുന്നത്. ബി.ജെ.പിക്ക് കേരള ഭരണം ലഭിച്ചാല്‍ പെട്രോളും ഡീസലും ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ആഗോളതല വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്. എന്തുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ താങ്കള്‍ക്കും താങ്കളുടെ പാര്‍ട്ടിക്കും പെടുത്തിയാല്‍ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂവെന്നും തിരിച്ചു ചോദിക്കുകയുമരുത്.