2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസിനേയും നിരോധിക്കും; ബുദ്ധിമുട്ടുണ്ടെങ്കില്‍ ബി.ജെ.പിക്ക് പാകിസ്താനിലേക്ക് പോകാം’ പ്രിയങ്ക് ഖാര്‍ഗെ

‘സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ആര്‍.എസ്.എസിനേയും നിരോധിക്കും; ബുദ്ധിമുട്ടുണ്ടെങ്കില്‍ ബി.ജെ.പിക്ക് പാകിസ്താനിലേക്ക് പോകാം’ പ്രിയങ്ക് ഖാര്‍ഗെ

ബംഗളൂരു: കര്‍ണാടകയില്‍ സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ഏത് സംഘടനയായായും അവരെ നിരോധിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. അത് സാക്ഷാല്‍ ആര്‍.എസ്.എസ് ആയാലും എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘അതെ! ഏതെങ്കിലും മത സംഘടനകളോ രാഷ്ട്രീയ സംഘടനകളോ സമാധാനം തകര്‍ക്കാനും വിദ്വേഷം പടര്‍ത്താനും കര്‍ണാടകത്തിന് അപകീര്‍ത്തി വരുത്താനും ശ്രമിച്ചാല്‍, നിയമപരമായി നേരിടാനും നിരോധിക്കാനും നമ്മുടെ സര്‍ക്കാര്‍ മടിക്കില്ല. അത് ആര്‍.എസ്.എസായാലും മറ്റേതെങ്കിലും സംഘടനയായാലും’. ഇതാണ് പ്രിയങ്ക് ഖാര്‍ഗെയുടെ ട്വീറ്റ്.

‘കര്‍ണാടകയെ സ്വര്‍ഗമാക്കാമെന്നാണ് ഞങ്ങളുടെ വാഗ്ദാനം. അതിനാല്‍ സമാധാനം തകര്‍ത്താല്‍ ബജ്‌റംഗ്ദളാണോ ആര്‍.എസ്.എസാണോ എന്നൊന്നും പരിഗണിക്കില്ല. നിയമം കയ്യിലെടുത്താല്‍ നിരോധനം ഏര്‍പ്പെടുത്തും. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനമനുസരിച്ച്, ബജ്‌റംഗ്ദളും ആര്‍.എസ്.എസും ഉള്‍പ്പെടെയുള്ള ഏതു സംഘടനയെയും ഞങ്ങള്‍ നിരോധിക്കും. ബി.ജെ.പിക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോവട്ടെ’ ഒരഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു.

കര്‍ണാടകയില്‍ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന ഗോവധ നിരോധന നിയമം, മതംമാറ്റ നിരോധന നിയമം, ഹിജാബ് നിരോധനം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പുനപ്പരിശോധിക്കുമെന്നും പ്രിയങ്ക് ഖാര്‍ഗെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഹിജാബ് നിരോധനത്തിന് പിന്നാലെ കര്‍ണാടകയില്‍ 18,000 വിദ്യാര്‍ഥികളാണ് സ്‌കൂളുകളില്‍ നിന്ന് പുറത്തായത്. സംസ്ഥാനത്തിന്റെ പ്രതിച്ഛായയെയും അഭിവൃദ്ധിയെയും ബാധിക്കുന്ന നിയമങ്ങള്‍ പിന്‍വലിക്കും. നാഗ്പൂരില്‍ ഇരിക്കുന്ന ആളുകളുടെ നിര്‍ദേശത്തെ തുടര്‍ന്നുണ്ടാക്കിയ നിയമങ്ങള്‍ ഇവിടെ ആവശ്യമില്ല. ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളില്‍ ഏര്‍പ്പെടുത്തിയ മാറ്റങ്ങളും പുനപ്പരിശോധിക്കും. അവര്‍ ചരിത്രത്തെ വളച്ചൊടിച്ചത് തിരുത്തുമെന്നും മന്ത്രി പറഞ്ഞു. കാവിവത്ക്കരണം തെറ്റാണെന്നാണ് തങ്ങള്‍ അടിയുറച്ച് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിറ്റാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയായ പ്രിയങ്ക് ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനാണ് .

bjp-can-go-back-to-pakistan-says-priyank-kharge


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.