പാലക്കാട്: പാലക്കാട്ടെ കൊലപാതകത്തില്‍ പൊലിസിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി. സംഭവത്തില്‍ ഉള്‍പെട്ടവര്‍ തന്നെ പൊലിസിനെ കുറ്റപ്പെടുത്തുകയാണെന്ന് സി.പി.എം. പാലക്കാട് കലാപഭൂമിയാക്കാനുള്ള ആസൂത്രിതശ്രമമാണ് രണ്ടു വിഭാഗങ്ങളും നടത്തുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
അവര്‍ കൊലപാതകത്തില്‍ നിന്നു മാറിനിന്നുകൊണ്ടാണിത് പറയുന്നതെങ്കില്‍ കഴമ്പുണ്ടായേനെ എന്നും കോടിയേരി പറഞ്ഞു. ആസൂത്രിത കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ പൊലിസിനു പരിമിതിയുണ്ടെന്ന് കോടിയേരി വ്യക്തമാക്കി. പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം വെളളിയാഴ്ച നടന്നതിന്റെ തുടര്‍ച്ചയാണ്. ഇരുകൂട്ടരും അക്രമം നടത്തിയ ശേഷം പൊലിസിനെ പഴിചാരാന്‍ ശ്രമിക്കുകയാണ്. അക്രമകാരികളെ ജനം ഒറ്റപ്പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
പാലക്കാടിനെ കലാപഭൂമിയാക്കാനുളള ശ്രമമാണ് നടക്കുന്നത്. ആലപ്പുഴയിലും സമാന സ്ഥിതിയുണ്ടായിരുന്നു. കൊലപാതകം നടത്തുക എന്നിട്ട് പൊലിസിനെ വിമര്‍ശിക്കുക എന്നതാണ് ഇപ്പോള്‍ നടക്കുന്നത്. പൊലിസിനെതിരേ ജനവികാരം ഉണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമമെന്നും കോടിയേരി വിമര്‍ശിച്ചു. അക്രമികളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്നും കോടിയേരി വ്യക്തമാക്കി.
കൊലപാതക സംഭവത്തില്‍ പൊലിസിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ആലപ്പുഴയിലുണ്ടായ സംഭവത്തിന്റെ ആവര്‍ത്തനമാണ് പാലക്കാടുണ്ടായതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആരോപിച്ചു. വേണ്ട മുന്‍കരുതല്‍ ഉണ്ടായില്ലെന്നും പൊലിസിന് വീഴ്ച്ചയുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡി.ജി.പി അനില്‍ കാന്ത് അറിയിച്ചു. ഉത്തര മേഖല ഐജി വിജയ് സാഖറേ ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
Comments are closed for this post.