2023 December 02 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രി അമേരിക്കയിലിരിക്കെ സര്‍ക്കാര്‍ ഫയലില്‍ വ്യാജഒപ്പ്; ഗുരുതര ആരോപണവുമായി ബി.ജെ.പി

   

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ ചികിത്സയിലിരിക്കെ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്ന ആരോപണവുമായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി അമേരിക്കയിലിരിക്കെ അദ്ദേഹത്തിന്റെ കൈഒപ്പിട്ടത് സ്വപ്‌ന സുരേഷാണോ അല്ലെങ്കില്‍ ശിവശങ്കറാണോ എന്നും അദ്ദേഹം ചോദിച്ചു.

2018 സെപ്തംബറില്‍ മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോള്‍ ഒപ്പുവെച്ചതിന്റെ രേഖയാണ് ബി.ജെ.പി പുറത്തുവിട്ടത്. സെപ്തംബര്‍ 2 നാണ് മുഖ്യമന്ത്രി കേരളത്തില്‍ നിന്നും പോയത്. തിരിച്ചുവന്നത് സെപ്തംബര്‍ 23 നും. മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഫയല്‍ മൂന്നാംതിയ്യതിയാണ് പൊതുഭരണവിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുന്നത്. സെപ്തംബര്‍ 9 നാണ് മുഖ്യമന്ത്രി ഫയലില്‍ ഒപ്പിട്ടതായി രേഖകളില്‍ കാണുന്നത്. ഇത് ഡിജിറ്റല്‍ സിഗ്നേച്ചര്‍ അല്ല.

13 ന് ഫയല്‍ തിരികെ അയക്കുമ്പോഴും മുഖ്യമന്ത്രി തിരികെ എത്തിയിട്ടില്ല. കേരളത്തില്‍ രണ്ടു മുഖ്യമന്ത്രിമാരുണ്ടോയെന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും സന്ദീപ് പറഞ്ഞു.

മുഖ്യമന്ത്രിക്കു പകരം ശിവശങ്കറാണോ സ്വപ്നയാണോ ഫയലില്‍ ഒപ്പിട്ടതെന്നു വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പിടുന്നയാള്‍ ഓഫിസിലുണ്ടോ എന്നു കണ്ടെത്താന്‍ അന്വേഷണം നടത്തണം. മുഖ്യമന്ത്രി ഒപ്പിട്ട എല്ലാ ഫയലുകളും പരിശോധനയ്ക്ക് വിധേയമാക്കണം. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ മുഖ്യമന്ത്രിമാര്‍ ഇത്തരത്തിലുള്ള യാത്രകളില്‍ ആയിരിക്കുമ്പോള്‍, മുഖ്യമന്ത്രിയുടെ അറിവോടുകൂടി എന്നെഴുതി ചീഫ് സെക്രട്ടറിയാണ് ഫയലുകളില്‍ ഒപ്പുവെച്ചിരുന്നതെന്ന് മനസിലാക്കാനായി.അതാണ് കീഴ് വഴക്കം. ഈ സംഭവത്തിന് ശേഷമാണ് എം.വി.ജയരാജനെ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. അത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും സന്ദീപ് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.