ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. ഡല്‍ഹിയിലെ ബാബര്‍പുരില്‍ അമിത് ഷാ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ബാബര്‍പുരില്‍ ഒരു കൂട്ടം യുവാക്കള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയതാണ് ബി.ജെ.പി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
സംഘത്തിലെ ഒരു യുവാവിനെ തെരഞ്ഞുപിടിച്ചു ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം സംഘര്‍ഷത്തിലേക്ക് തിരിഞ്ഞതോടെ അമിത് ഷായുടെ നിര്‍ദേശപ്രകാരം യുവാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
ബി.ജെ.പി അധികാരത്തിലേറിയാല്‍ ഡല്‍ഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങളിലൊന്നാക്കുമെന്നു പ്രഖ്യാപിച്ച അമിത് ഷാ, കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റാലിയില്‍ ആരോപിച്ചു.
ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച അമിത് ഷാ, വോട്ട് ചെയ്യുമ്പോള്‍ ഷഹീന്‍ ബാഗിനോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു.
Comments are closed for this post.