2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കുവൈത്ത് മാളുകളിൽ ബയോമെട്രിക് വിരലടയാളം ആരംഭിച്ചു

മുനീർ പെരുമുഖം

കുവൈത്ത് സിറ്റി: കുവൈത്തി പൗരന്മാരുടെയും പ്രവാസികളുടെയും വിരലടയാള പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റ നേതൃത്വത്തിൽ കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളിൽ ബയോമെട്രിക് വിരലടയാള ഉപകരണങ്ങൾ സ്ഥാപിച്ചു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി അവന്യൂസ് മാളിൽ മാത്രം അഞ്ഞൂറിലേറെ പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തി.

തിങ്കളാഴ്ച മുതൽ മുതൽ 360 മാളിലും അൽ-കൂത്ത് മാളിലും വിരലടയാളം രേഖപ്പെടുത്താൻ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഈ മാളുകളിലുടനീളം മന്ത്രാലയം ബയോമെട്രിക് ഫിംഗർപ്രിന്റ് ആപ്ലിക്കേഷൻ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. മാളുകളിലേക്കുള്ള സന്ദർശകർക്ക് ഇനി അപ്പോയിന്റ്‌മെന്റുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യേണ്ടതില്ല. മാളുകൾക്കുള്ളിലെ വിരലടയാള കേന്ദ്രങ്ങളെ നേരിട്ട് സമീപിച്ച് പരമാവധി അഞ്ച് മിനിട്ടിനുള്ളിൽ തന്നെ വിരലടയാള പ്രക്രിയ പൂർത്തിയാക്കാനാകും.പ്രധാന ഷോപ്പിംഗ് മാളുകളിലുടനീളം ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്ത്‌ പുതിയ മിഷീനുകൾ കൂടി ഉടൻ സ്ഥാപിക്കുമെന്നും എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്ന്‌ അൽ-റായ് ദിനപത്രംറിപ്പോർട്ട് ചെയ്യുന്നു.

ഈ നൂതന സംവിധാനത്തിലൂടെ, എല്ലാ പൗരന്മാരും താമസക്കാരും സന്ദർശകരും വിരലടയാളം രേഖപ്പെടുത്തുന്നതിനുള്ള നിലവിലുള്ള പദ്ധതിയുമായി യോജിപ്പിച്ച്, വിരലടയാള പ്രക്രിയയിൽ സൗകര്യവും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം കൂടുതൽ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇത് രാജ്യത്തുടനീളം നടപ്പിലാക്കുന്ന സുപ്രധാന സുരക്ഷാ നടപടികളെ വേഗത്തിലാക്കും.

ഈ സംരംഭത്തിന്റെ വിജയവും മാളുകൾക്കുള്ളിലെ വിരലടയാള കേന്ദ്രങ്ങളുടെ പ്രവർത്തന കാലയളവും തമ്മിൽ നേരിട്ട് ബന്ധമുണ്ട്. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. വിരലടയാളം കൃത്യവും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്താനും ബയോ മെട്രിക് മെഷീനുകളുടെ ഗുണനിലവാരം പരിശോധിക്കാനും പ്രത്യക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.