കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കറുത്ത വസ്ത്രമണിഞ്ഞ് ബിനു പുളിക്കക്കണ്ടം. നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് ബിനു കറുത്ത വസ്ത്രം അണിഞ്ഞ് മുനിസിപ്പാലിറ്റിയിലെത്തിയത്. കേരള കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് ബിനുവിന് പകരം ജോസിന്‍ ബിനോയെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു.
സിപിഎം തീരുമാനത്തിന് പിന്നാലെ, ബിനു പുളിക്കക്കണ്ടം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്ക് തുറന്ന കത്തെഴുതി. പ്രിയപ്പെട്ട ജോമോന്‍ എന്നു തുടങ്ങുന്ന കത്തില്‍ ബാല്യകാലം മുതലുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. കത്തില്‍ ജോസ് കെ മാണിയെ വിമര്‍ശിക്കുകയും റോഷി അഗസ്റ്റിനെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. പാലാ നഗരസഭ ചെയര്‍മാന്‍ ആകുകയെന്നത് മോഹമായിരുന്നു എന്നും, എന്നാല്‍ ആകാന്‍ കഴിയാത്തതില്‍ മോഹഭംഗം ഇല്ലെന്നും ബിനു സൂചിപ്പിക്കുന്നു.
അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ വിജയിച്ച ഈ നഗരസഭയിലെ ഏക പ്രതിനിധിയായ തനിക്ക് ചെയര്‍മാന്‍ പദവി നിഷേധിക്കപ്പെട്ട ദിവസം. പാലാ നഗരസഭയില്‍ ചെങ്കൊടി പാറുന്നത് സ്വപ്നം കണ്ട ദിവസമായിരുന്നു ഇത്. പക്ഷെ ആയിരക്കണക്കിന് സഖാക്കളുടെ ഹൃദയം നുറുങ്ങിയ കറുത്ത ദിനമായി. 2023 ജനുവരി 19 പാലായിലെ രാഷ്ട്രീയ ചരിത്രത്തില്‍ കറുത്ത ദിനമായി രേഖപ്പെടുത്തും. അസഹിഷ്ണുത രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
തെരഞ്ഞെടുപ്പില്‍ ജനം തിരസ്‌കരിക്കുന്നതുമൂലം രാഷ്ട്രീയസൗഭാഗ്യങ്ങള്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ വേദനാജനകമാണ് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം, രാഷ്ട്രീയ വ്യക്തിവിരോധങ്ങളുടെ പേരില്‍ അംഗീകാരങ്ങള്‍ നഷ്ടപ്പെടുന്നതെന്നും ബിനു പുളിക്കക്കണ്ടം കത്തില്‍ പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ട അച്ചടക്കവും ചട്ടക്കൂടും താന്‍ മനസ്സിലാക്കിയത് സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലില്‍ വന്നശേഷമാണ്. ആ ബോധ്യങ്ങളും ഉത്തരവാദിത്തങ്ങളും മുറുകെ പിടിച്ച് ചെങ്കൊടി ഏന്തിത്തന്നെയാകും മുന്നോട്ടുള്ള പ്രയാണവും.
അങ്ങ് എന്നെ ചാരി എന്റെ പ്രസ്ഥാനത്തോട് കാട്ടിയ വിശ്വാസവഞ്ചനയോട് കലഹവും പ്രതിഷേധവും രൂക്ഷ പ്രതികരണങ്ങളും ഉപേക്ഷിച്ച്, പ്രതികരിക്കാതെ സംയമനം പാലിക്കുന്നത് പ്രതികരണശേഷി നഷ്ടപ്പെട്ടു പോയതുകൊണ്ടോ ഭയപ്പോടു കൊണ്ടോ അല്ല, മറിച്ച് സിപിഎം എന്ന കേഡര്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ മനസ്സുറച്ചു പോയതുകൊണ്ടാണെന്നും ബിനു കത്തില്‍ പറയുന്നു. മോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, അതുകൊണ്ടു മാത്രമാണ് മോഹഭംഗം ഇല്ലാത്തതെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
Comments are closed for this post.