
നേതാക്കളുടെ മക്കളുടെ സാമ്പത്തികവും അല്ലാതെയുമുള്ള വിവാദങ്ങള്‍ ഇതിനു മുന്‍പും സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എന്നിട്ടും പല നേതാക്കളും ഇപ്പോഴും പാര്‍ട്ടിയിലും പൊതുരംഗത്തും സജീവമായിരിക്കുന്നത് തര്‍ക്കശാസ്ത്രത്തെ നേരിടാനുള്ള യുക്തിപരമായ കഴിവുകൊണ്ടു കൂടിയാണ്. ഇതേ യുക്തി കൊണ്ടു തന്നെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി അറസ്റ്റിലായതിനെയും സി.പി.എം വിലയിരുത്തുന്നതെങ്കില്‍ അത് ഒട്ടും ശുഭകരമായിരിക്കില്ല. പൊളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായതിന്റെ പിറ്റേ ദിവസമാണ് മറ്റൊരു പൊളിറ്റ്ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായത്. രണ്ടു പേരെയും അറസ്റ്റു ചെയ്തത് കേന്ദ്ര ഏജന്‍സികളില്‍ ഒന്നായ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റാണ്. പിണറായിയുടെ രാജിക്കായി പ്രതിപക്ഷം വീണ്ടും തെരുവില്‍ ഇറങ്ങി. കോടിയേരിയുടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നുള്ള രാജി പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ വിഷയമല്ല, അത് സി.പി.എമ്മിന്റെ ആഭ്യന്തരവും പ്രത്യയശാസ്ത്രപരവും അതിലേറെ ധാര്‍മികതയുടെയും വിഷയമാണ്.
ലോകം മുഴുവന്‍ ഇന്ന് ഒന്നിച്ചുനിന്നു പോരാടുന്നത് മയക്കുമരുന്ന് മാഫിയകളോടാണ്. കോടികളുടെ ഇടപാടുകള്‍ നടക്കുന്ന ഈ അണ്ടര്‍വേള്‍ഡ് മാഫിയാ സംഘങ്ങളോടുള്ള പേരാട്ടത്തിലാണ് നമ്മുടെ കൊച്ചു സംസ്ഥാനത്തെ ചെറുഗ്രാമങ്ങളില്‍ വരെയുള്ള സാമൂഹ്യബോധമുള്ള ഓരോ പൗരനും. ഇത്തരം മാഫിയാ സംഘങ്ങളുടെ വേരറുത്തില്ലെങ്കില്‍ അതു നശിപ്പിക്കുക ഒരു ജനതയെ തന്നെയായിരിക്കും. സി.പി.എമ്മിനും ഡി.വൈ.എഫ്.ഐയ്ക്കും കേരളത്തില്‍ ഇത്രയേറെ സ്വീകാര്യത കിട്ടാനുള്ള ഒരു കാരണം മദ്യ-മയക്കുമരുന്നു മാഫിയകളോടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. പാര്‍ട്ടി അംഗത്വം ലഭിക്കണമെങ്കില്‍ ഇത്തരം ദുശ്ശീലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് നിഷ്കര്‍ഷിച്ച പാര്‍ട്ടി കൂടിയാണ് സി.പി.എം. നാലു വര്‍ഷത്തെ ഭരണ നേട്ടമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രധാനപ്പെട്ടതും സ്കൂള്‍, കോളജ് പരിസരങ്ങളില്‍ നിന്നും ലഹരി- മാഫിയാ സംഘങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ്.
എന്നാല്‍, മാരക വിപത്തായ ആധുനിക ലഹരി മരുന്നുകള്‍ നമ്മുടെ സംസ്ഥാനത്തിലേക്ക് എത്തിക്കുന്നതിന് പണം സമാഹരിക്കാന്‍ ഭരണം നടത്തുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന് തന്നെ ചുക്കാന്‍ പിടിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ അതിനെ ഏത് ധാര്‍മികതയുടെ അളവുകോല്‍ കൊണ്ട് സി.പി.എം നേതാക്കള്‍ക്ക് ന്യായീകരിക്കാന്‍ കഴിയും. കോടിയേരി ആഭ്യന്തര മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമായിരിക്കുമ്പോഴും നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന മകന്റെ കൈകളില്‍ വിലങ്ങു വീണപ്പോള്‍ മാത്രം തള്ളിപ്പറഞ്ഞാല്‍ തീരുന്നതാണോ ഈ കമ്മ്യൂണിസ്റ്റ് ധാര്‍മികത. ഇ.കെ നായനാരുടെയും വി.എസ് അച്യുതാനന്ദന്റേയും മക്കള്‍ വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഈ പട്ടികയില്‍ വേറെയും നേതാക്കളുണ്ട്. എന്നാല്‍ ബിനീഷിനെ ഇവരുമായി താരതമ്യം ചെയ്തു മക്കള്‍ ചെയ്ത തെറ്റിന് അച്ഛനെ ക്രൂശിക്കേണ്ട എന്ന ന്യായം സി.പി.എമ്മിന് നിരത്താനാകുമോ. കോടിയേരി ആഭ്യന്തര മന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമായിരിക്കെ തന്റെ ഇടപാടുകള്‍ക്ക് ഈ സ്വാധീനം ബിനീഷ് ഉപയോഗിച്ചില്ല എന്ന് ആത്മവിശ്വാസത്തോടെ ഇത്രയും പ്രതിസന്ധിയില്‍ കൂപ്പുകുത്തി കിടക്കുന്ന പാര്‍ട്ടിക്ക് പറയാനാകുമോ. പറഞ്ഞാല്‍ തന്നെ അതു പൊതുസമൂഹത്തിന് വിശ്വാസയോഗ്യമാകുമോ.
ചടയന്‍ ഗോവിന്ദനെ പോലെയുള്ള കമ്മ്യൂണിസ്റ്റു നേതാക്കള്‍ ഇരുന്ന കസേരയിലാണ് കോടിയേരി ഇരിക്കുന്നതെന്ന് മറന്നു പോകരുത്. പാര്‍ട്ടി തന്റെ ആവശ്യത്തിന് അനുവദിച്ച കാറില്‍ സ്വന്തം മകനെ കയറ്റുന്നത് പോലും തന്റെ കമ്മ്യൂണിസ്റ്റു ധാര്‍മികതയ്ക്ക് ചേര്‍ന്നതല്ലെന്നു വിശ്വസിച്ചയാളായിരുന്നു ചടയന്‍ ഗോവിന്ദന്. മകന് പാര്‍ട്ടി പത്രമായ ദേശാഭിമാനിയില്‍ ചെറിയ ഒരു ജോലി കിട്ടിയപ്പോള്‍ അത് തന്റെ സ്വാധീനത്തിലായിരിക്കുമെന്ന വിമര്‍ശനം ഉയരുമെന്ന് ഭയന്ന് ആ ജോലി ഉപേക്ഷിക്കാന്‍ നിര്‍ദേശിച്ചു. കുടുംബം പുലര്‍ത്താന്‍ സ്വന്തം മക്കളെ മറ്റ് പണിക്കയച്ചു.
മാറിയ കാലം ഇതൊന്നും ഒരു കമ്മ്യൂണിസ്റ്റ് നേതാവില്‍ നിന്നും പ്രതീക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യുന്നില്ല. കാരണം നേതാക്കളുടെ മക്കളും ഓരോ സ്വതന്ത്ര വ്യക്തികളാണ്. അവര്‍ക്കും ജീവിതമുണ്ട്, കാഴ്ചപ്പാടുകളുണ്ട്, ലക്ഷ്യങ്ങളുണ്ട്. എന്നാല്‍ അവരുടെ മാര്‍ഗങ്ങള്‍ പ്രത്യയശാസ്ത്ര വിരുദ്ധതയും കടന്നു മാനവകുലത്തിന് ഭീഷണിയാകുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് നല്കുന്ന മറുപടിയും നടപടിയും മാതൃകാപരമായിരിക്കണം. കോടിയേരിയുടെ ഇളയമകന് മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി ബംഗളൂരുവിലെ വില്സന് ഗാര്ഡന് പൊലിസ് സ്റ്റേഷനിലെ ലോക്കപ്പില്‍ അന്തിയുറങ്ങുമ്പോള് ചടയനെപ്പോലുള്ളവരില് നിന്നും പുതിയ നേതാക്കള്‍ക്കുണ്ടായ ആദര്‍ശ വിശുദ്ധിയുടെ അകലം മാത്രമല്ല പൊതുസമൂഹത്തെ ആശങ്കപ്പെടുത്തുന്നത്.
വ്യക്തി ജീവിതത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് പുലര്‍ത്തേണ്ട സംശുദ്ധിയെക്കുറിച്ച് കോടിയേരി തന്നെ നടത്തിയ ഒട്ടനവധി കവലപ്രസംഗങ്ങള്‍ ഒന്നുകൂടി കേട്ടാല്‍ പോലും അദ്ദേഹത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ബോധ്യമാകണമെന്നില്ല. എന്നാല്‍ പാര്‍ട്ടി ഭരണഘടനയും തെറ്റുതിരുത്തല്‍ രേഖകളും പ്ലീനം രേഖകളും അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന എ.കെ.ജി ഭവന് ഉചിതമായ തീരുമാനമെടുക്കാന്‍ ഇനി എന്ത് തെളിവുകളാണ് വേണ്ടത്.