പട്‌ന: തമിഴ്‌നാട്ടില്‍ ബിഹാറുകാര്‍ ആക്രമിക്കപ്പെടുന്നുവെന്ന വ്യാജവീഡിയോ നിര്‍മ്മിച്ച യൂട്യൂബര്‍ മനീഷ് കശ്യപ് അറസ്റ്റില്‍. ബിഹാറിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും പൊലിസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്.
തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന ബിഹാര്‍ നിവാസികളെ കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകള്‍ പ്രചരിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.
തൊഴിലാളികള്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന വീഡിയോ ചിത്രീകരിച്ചത് പട്‌നയിലെ ജക്കന്‍പുരിലുള്ള ബംഗാളി കോളനിയില്‍ വച്ചാണെന്ന് മനീഷ് സമ്മതിച്ചു. അന്വേഷണത്തില്‍ ഇയാള്‍ക്കതിരെ സാമ്പത്തിക ക്രമക്കേടുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ ബിഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്നതിന്റെ 30 ഓളം വ്യാജ വീഡിയോകളാണ് പ്രചരിപ്പിച്ചത്.
ഇതേതുടര്‍ന്ന് ബിഹാറില്‍ വന്‍ പ്രതിഷേധങ്ങളാണ് ഉണ്ടായത്. തുടര്‍ന്ന് ബിഹാര്‍ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ തമിഴ്‌നാട്ടില്‍ സന്ദര്‍ശനത്തിനായി അയക്കുകയും ചെയ്തിരുന്നു. വ്യാജ പ്രചാരണമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും വ്യക്തമാക്കിയിരുന്നു.
Comments are closed for this post.