2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബിഹാറില്‍ സംഭവിക്കുന്നത്

എ.പി കുഞ്ഞാമു

 

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം ഇന്നലെ കഴിഞ്ഞു. 16 ജില്ലകളിലായി 71 മണ്ഡലങ്ങള്‍ വിധിയെഴുതി. ഇനി രണ്ടു ഘട്ടങ്ങള്‍ കൂടിയുണ്ട്. നവംബര്‍ പത്തിനു ബിഹാര്‍ ആരു ഭരിക്കണമെന്ന് തീരുമാനമാകും. എന്നാല്‍ വെറുമൊരു നിയമസഭാ തെരഞ്ഞെടുപ്പ് എന്നതിലേറെ പ്രധാനമായിരിക്കും ബിഹാറിലെ ജനവിധി. അവിടെ മുന്നോട്ടുവയ്ക്കപ്പെട്ട ആശയങ്ങള്‍, സഖ്യങ്ങളുടെ സ്വഭാവം, അടിയൊഴുക്കുകളുടെ ആന്തരികാര്‍ഥങ്ങള്‍ തുടങ്ങിയവ വിശകലനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒന്നായിരിക്കും ജനവിധി എന്നു വ്യക്തമാകും. പ്രധാനമായും നിതീഷ് കുമാര്‍ എന്ന മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നു തെരഞ്ഞെടുപ്പ് എന്നതുതന്നെ കാരണം. തുടര്‍ച്ചയായി നാലാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്. ‘വികാസ് പുരുഷ് ‘ എന്ന പ്രതിച്ഛായയുമായാണ് അദ്ദേഹം ജനങ്ങളിലേക്കിറങ്ങിച്ചെല്ലുന്നത്. ഇന്ത്യയിലെ ഏറ്റവും പിന്നോക്ക സംസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ബിഹാറിനെ വികസനത്തിന്റെ വഴിയിലേക്ക് നയിച്ചുവെന്ന അഭിമാനം അദ്ദേഹത്തെ ആസകലം ത്രസിപ്പിക്കുന്നുണ്ട്. അദ്ദേഹത്തോടൊപ്പമുള്ളത് സാക്ഷാല്‍ നരേന്ദ്ര മോദിയാണ്. ‘വികസന’ത്തിന്റെ മറ്റൊരു ബിംബം. രണ്ടുപേരും ചേര്‍ന്ന് നേടിത്തരുന്ന ജനപിന്തുണയാണ് എന്‍.ഡി.എയുടെ തുരുപ്പുചീട്ട്. കൂട്ടത്തില്‍ ജിതിന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെയും വികാസ് ശീല്‍ പാര്‍ട്ടിയുടെയും ജാതികേന്ദ്രീകൃതമായ പിന്തുണയും. കണക്കുകൂട്ടലുകള്‍ വച്ചു നോക്കുമ്പോള്‍ എന്‍.ഡി.എയുടെ നില ഭദ്രം. അഭിപ്രായ സര്‍വേകളിലും മാധ്യമവിശകലനങ്ങളിലും പ്രതിഫലിക്കുന്നത് ഈ വികാരതരംഗമാണ്.

എന്നാല്‍ എന്‍.ഡി.എയുടെ പ്രഖ്യാപിത എതിരാളിയായ മഹാ ഘട്ബന്ധന്‍ സൃഷ്ടിക്കുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ ഇതത്ര എളുപ്പത്തില്‍ സുസാധ്യമാണെന്നു കരുതിക്കൂടാ. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ കോണ്‍ഗ്രസിനു പുറമെ ഇടതുപാര്‍ട്ടികളുമുണ്ട്, സി.പി.ഐയും സി.പി.എമ്മും സി.പി.ഐ.എം.എല്ലും. ഒരുകാലത്ത് ബിഹാര്‍ രാഷ്ട്രീയത്തില്‍ ശക്തി തെളിയിക്കുകയും പില്‍ക്കാലത്ത് ജാതിരാഷ്ട്രീയത്തിന്റെ പ്രഭാവത്തിനു മുന്നില്‍ സ്തംഭിച്ചുപോവുകയും ചെയ്ത കമ്മ്യൂണിസത്തിന്റെ തിരിച്ചുവരവാണ് ഈ സഖ്യത്തിലൂടെ വെളിവാക്കപ്പെടുന്നത്. തീവ്രഹിന്ദുത്വത്തിനെതിരായി രാജ്യത്തു രൂപപ്പെട്ടുവരേണ്ട ലിബറല്‍ ഇടതുപക്ഷ ഐക്യത്തിന്റെ പ്രകട സൂചനയാണിതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത് വെറുതെയല്ല. ബിഹാറാണ് അതിനു തുടക്കം കുറിച്ചിട്ടുള്ളത്.
രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ ലോക് ജനശക്തി പാര്‍ട്ടിയായി ഒറ്റയ്ക്ക് മത്സരിക്കുന്നു എന്ന വിശേഷവുമുണ്ട്. ബിഹാറില്‍ ചിരാഗിന്റേത് അതിവിചിത്രമായ ഏര്‍പ്പാടാണ്. എന്‍.ഡി.എയുടെ ഭാഗമാണ് എല്‍.ജെ.പി. മോദിഭക്തിയില്‍ ഒട്ടും പിന്നിലല്ല ചിരാഗ്. ബി.ജെ.പിക്കെതിരില്‍ മത്സരിക്കുന്നുമില്ല. പക്ഷേ, നിതീഷ് കുമാറിനെ കണ്ണിനുനേരെ കണ്ടുകൂടാ. ജയിച്ചുവന്നാല്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മന്ത്രിസഭയുണ്ടാക്കുമെന്നാണ് പറച്ചില്‍. ബി.ജെ.പി പക്ഷേ, നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്ന നിലപാടിലാണ്. ചിരാഗിനെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. പക്ഷേ, എല്‍.ജെ.പിയും ചിരാഗും ബി.ജെ.പിക്കൊപ്പം. അതിവിചിത്രമായ ഈ നിലപാട് വഴി എല്‍.ജെ.പി ആളുകളെ ആശയക്കുഴപ്പത്തിലകപ്പെടുത്തുകയാണ് ചെയ്യുന്നത്.

   

ഈ മൂന്നു രാഷ്ട്രീയ ശക്തികളെയും വെല്ലുവിളിച്ചാണ് അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തില്‍ മറ്റൊരു മുന്നണി രംഗത്തുവന്നിട്ടുള്ളത്. മുസ്‌ലിം രാഷ്ട്രീയത്തിന്റെ വക്താവായ ഉവൈസിയോടൊപ്പമുള്ളത് ഇതുവരെ ബി.ജെ.പി ക്യാംപിലായിരുന്ന ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍.എല്‍.എസ്.പി, മായാവതിയുടെ ബി.എസ്.പി എന്നിവയടക്കം ആറു പാര്‍ട്ടികളാണ്. ഉപേന്ദ്ര കുശ്‌വാഹയെ മുഖ്യമന്ത്രിയായി ഈ സഖ്യം മുന്നോട്ടുവയ്ക്കുന്നു. ചുരുക്കത്തില്‍ പ്രവചനാതീതമായ മത്സരങ്ങളും പ്രത്യയ ശാസ്ത്രാതീതമായ സഖ്യങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന് എത്തുംപിടിയും കിട്ടാത്ത തലത്തിലാണ് ബിഹാര്‍ രാഷ്ട്രീയം എത്തിച്ചേര്‍ന്നിട്ടുള്ളത്.

ജാതിയാണ് പ്രധാനം

വികസനമാണ് എല്ലാ മുന്നണികളും മുന്നോട്ടുവയ്ക്കുന്ന വിഷയം. ബിഹാറിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ പശ്ചാത്തലത്തില്‍ അതു ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയവുമാണ്. സോഷ്യലിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ സച്ചിദാനന്ദ സിന്‍ഹ ബിഹാറിനെ വിശേഷിപ്പിക്കുന്നത് ഇന്റേണല്‍ കോളനി എന്നാണ്. ഇന്ത്യയ്ക്കകത്തു സ്ഥിതിചെയ്യുന്ന ആഭ്യന്തര കോളനിയെ എല്ലാവരും ചൂഷണം ചെയ്യുകയാണ്. മഹാനഗരങ്ങളിലേക്ക് തൊഴില്‍തേടി യാത്രയാവുന്ന തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും ബിഹാരികളാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനമുള്ള സംസ്ഥാനം ബിഹാറാണ്, 23.48 ശതമാനം. 2011-12 മുതല്‍ 2017-18 വരെയുള്ള കാലത്ത് ബിഹാറില്‍ ദാരിദ്ര്യം വര്‍ധിച്ചത് 17 ശതമാനമാണ്. ജാതിവിവേചനത്തിന്റെയും കുറ്റകൃത്യങ്ങളുടെയുമൊക്കെ കണക്കെടുത്താലും ബിഹാറിന്റെ ചിത്രം കറുപ്പിലേ വരയ്ക്കാന്‍ പറ്റൂ. തൊഴിലില്ലായ്മയുടെ കഥ പറയുകയും വേണ്ട. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു മെച്ചപ്പെട്ട ജീവിതവും വികസനോന്മുഖമായ സാമൂഹ്യാവസ്ഥയും വാഗ്ദാനം ചെയ്യുന്നതില്‍ ആരും പിന്നിലല്ല. വിശേഷിച്ചും ‘വികസന നായകനാ’യ മോദിയുടെ തണലില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്ന നിതീഷ്. സുശാസന്‍ (നല്ല ഭരണം), തരാഖി (അഭിവൃദ്ധി ) ഇതു രണ്ടും കൊണ്ടുവന്നു എന്നാണ് നിതീഷിന്റെ അവകാശവാദം. 15 വര്‍ഷമായി ഭരണം നടത്തിയിട്ടും ബിഹാറിനെ പട്ടിണിയുടെയും തൊഴിലില്ലായ്മയുടെയും ചങ്ങലകളില്‍ കുരുക്കിട്ടു നിര്‍ത്തുന്ന നിതീഷ് കുമാറാണ് ഇതു പറയുന്നത് എന്നതിന്റെ പൊരുളന്വേഷിക്കുമ്പോഴാണ് അതൊക്കെ വെറും ചപ്പടാച്ചി, യഥാര്‍ഥ സംഗതി ജാതിരാഷ്ട്രീയം തന്നെ എന്നു വ്യക്തമാവുക.

നിതീഷിന്റെ കണക്കുകൂട്ടലുകള്‍ വളരെ ലളിതമാണ്. ബിഹാറിലെ സമ്മതിദായകരില്‍ അഞ്ചിലൊന്നു പേര്‍ ഉന്നതശ്രേണിയില്‍ പെട്ടവരാണ്. ബനിയാ പാര്‍ട്ടി എന്നറിയപ്പെടുന്ന ബി.ജെ.പിക്കാണ് അവര്‍ക്കിടയില്‍ സ്വാധീനം. മൂന്നിലൊന്ന് വരുന്ന യാദവരും മുസ്‌ലിംകളും ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യത്തിനാണ് വോട്ട് ചെയ്യുക. യാദവരല്ലാത്ത പിന്നോക്ക ജാതിക്കാരാണ് കൂര്‍മികളും കൊയേരികളും. നിതീഷ് കുമാര്‍ അക്കൂട്ടത്തില്‍പെടും. അതുകഴിഞ്ഞാല്‍ ഇ.ബി.സി (ഋഃേൃലാലഹ്യ ആമരസംമൃറ ഇമേെല) എന്ന ഏറ്റവും പിന്നോക്ക ജാതിയില്‍പെട്ടവരാണുള്ളത്. നിഷാദ്, നായ് കഹാര്‍, മണ്ഡല്‍ തുടങ്ങിയ മറ്റു ജാതിക്കാര്‍. മറ്റൊരു കൂട്ടര്‍ പസ്വാന്‍, മുസാഹര്‍, ചമര്‍ തുടങ്ങിയ മഹാദലിതുകളാണ്. ഇവരില്‍ പസ്വാന്‍ സമുദായക്കാര്‍ എല്‍.ജെ.പിക്കൊപ്പമാണെങ്കിലും മറ്റു മഹാദലിതര്‍ നിതീഷ് കുമാറിന്റെ സ്വാധീനവലയത്തിലാണുള്ളത്. ജിതിന്‍ റാം മഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയെയും മുകേശ് സഹാനിയുടെ വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയെയും എന്‍.ഡി.എയിലേക്ക് കൊണ്ടുവന്നതോടെ മഹാദലിതുകളുടെ വോട്ട് നിതീഷ് ഉറപ്പിച്ചു. അതായത് യാദവരും മുസ്‌ലിംകളുമൊഴിച്ചുള്ള പിന്നോക്കക്കാരുടെയും പസ്വാന്മാര്‍ ഒഴിച്ചുള്ള മഹാദലിതരുടെയും ഇ.ബി.സിക്കാരുടെയും മുന്നോക്കക്കാരുടെയും ഇവര്‍ക്കു പുറമെ ഹിന്ദുത്വത്തിലും മോദിമാജിക്കിലും ആകൃഷ്ടരായ വരേണ്യ വിഭാഗങ്ങളുടെയും വോട്ട് എന്‍.ഡി.എയ്ക്കാണ്. മദ്യനിരോധനം നടപ്പില്‍ വരുത്തിയതു മൂലം സ്ത്രീകള്‍ തന്നോടൊപ്പമാണെന്ന് അദ്ദേഹം കരുതുന്നു. 60 ലക്ഷം സ്ത്രീകളെ ഉള്‍പ്പെടുത്തി നമ്മുടെ കുടുംബശ്രീ മാതൃകയില്‍ നിതീഷ് രൂപകല്‍പന ചെയ്ത ജീവിക എന്ന പദ്ധതി അദ്ദേഹത്തിനു കുറച്ചൊക്കെ സമ്മതി ഉണ്ടാക്കിയിട്ടുമുണ്ട്. ബിഹാറില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് സ്ത്രീകളാണ് എന്നതും ചേര്‍ത്തുവായിച്ചാണ് നിതീഷ് തന്റെ പ്രത്യാശകളെ ബലപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് വിശകലനക്കാരുടെ കണക്കുകള്‍ക്ക് പിന്നിലുള്ള യുക്തിയും ഇതുതന്നെ.

യുവത്വത്തിന്റെ മുന്നേറ്റം

ഈ കണക്കുകളെ അപ്രസക്തമാക്കുന്ന മറ്റുചില അടിയൊഴുക്കുകള്‍ ബിഹാറിലുണ്ട്. പ്രധാനമായും അതു കുടിയേറ്റത്തൊഴിലാളികള്‍ക്കു നേരെ നിതീഷ് കുമാര്‍ പുലര്‍ത്തിയ ഉദാസീനതയില്‍ ഊന്നിനില്‍ക്കുന്നു. കൊവിഡാനന്തര കാലത്ത് ബിഹാറില്‍ തിരിച്ചെത്തിയ തൊഴിലാളികളെ അദ്ദേഹം കൈക്കൊള്ളാന്‍ തയാറായില്ല. തിരിച്ചെത്തിയാല്‍ ജോലി നല്‍കുമെന്നൊക്കെയുള്ള ഉറപ്പുകള്‍ കുറുപ്പിന്റെ ഉറപ്പായി. നിലവില്‍ ജോബ് കാര്‍ഡുള്ളവര്‍ക്ക് തന്നെ തൊഴില്‍ കൊടുക്കാനാവാത്ത അവസ്ഥയിലെങ്ങനെ പുതുതായി വന്നവര്‍ക്ക് തൊഴില്‍ നല്‍കും. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടര കോടി ആളുകള്‍ സംസ്ഥാനത്തുണ്ട്. അവരില്‍ 4,788 കുടുംബങ്ങള്‍ക്കാണ് നൂറു ദിവസമെങ്കിലും തൊഴില്‍ ഉറപ്പിക്കാനായത്. പദ്ധതിയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിരോധവും നിതീഷ് സര്‍ക്കാരിന്റെ അവഗണനയുമായപ്പോള്‍ ജനം ദുരിതത്തിലായി. അതിനു പുറമെ വെള്ളപ്പൊക്കവും വന്നപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇതെല്ലാം കൂടിയാവുമ്പോള്‍ നിതീഷിന് ജാതിസമവാക്യങ്ങള്‍ കൊണ്ടുമാത്രം പിടിച്ചു നില്‍ക്കാനാകണമെന്നില്ല. പക്ഷേ ഒന്നുണ്ട്, മോദിയെപ്പോലെയാണ് നിതീഷ്. പൊള്ളയായ വാഗ്ദാനങ്ങള്‍ മതി. യഥാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ആവശ്യമില്ലെന്ന അഭിപ്രായക്കാരനാണ് നിതീഷ് ബിഹാറിലെ കീഴാളര്‍ക്കിടയില്‍. ഇതു വിജയിക്കാന്‍ സാധ്യതയുമുണ്ട്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അത് അത്രകണ്ട് ഏശുകയില്ലെന്നു കരുതുന്നവരും ഏറെ.
എന്താണ് പുതിയ സാഹചര്യം? തേജസ്വി യാദവിന്റെ യുവനേതൃത്വത്തിലുള്ള ചെറുപ്പക്കാരുടെ വിശ്വാസം മഹാസഖ്യത്തിന് അനുകൂലമായിത്തീരുമെന്നതാണ് ഈ സാഹചര്യം. ലാലുപ്രസാദ് യാദവിന്റെ ശൈലിയല്ല തേജസ്വിയുടേത്. ഒരുകാലത്തും സംഘ്പരിവാര്‍ രാഷ്ട്രീയത്തെ തുണച്ചിട്ടില്ല ലാലു. പൗരത്വ പ്രക്ഷോഭത്തിന്റെയും ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ മുസ്‌ലിം വോട്ടുകള്‍ മഹാസഖ്യത്തിന് എന്നുറപ്പിക്കാവുന്നതാണ്. ഇതിനോട് തേജസ്വിയുടെ യൗവനോര്‍ജം കൂടിച്ചേരുമ്പോള്‍ അത് ഉറപ്പാക്കാനാവുന്ന വോട്ട്ബാങ്കായിത്തീരും. തേജസ്വിയുടെ റാലികളിലെ ജനപങ്കാളിത്തം അതിന്റെ സൂചനയാണ്. തേജസ്വി മാത്രമല്ല മഹാസഖ്യത്തില്‍ യുവചൈതന്യം പ്രസരിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കോണ്‍ഗ്രസിനും യുവചൈതന്യം പ്രദാനം ചെയ്തിട്ടുണ്ട്. കനയ്യ കുമാര്‍ ഇടതുപക്ഷത്തിന്റെ വക്താവായി കൂടെച്ചേരുമ്പോള്‍ മൊത്തത്തില്‍ മഹാസഖ്യത്തിനു യുവത്വത്തിന്റെ ചൂടും ചൂരുമുണ്ട്. ആവേശഭരിതരായാണ് യുവാക്കള്‍ മഹാസഖ്യത്തിന്റെ പ്രചാരണ യോഗങ്ങള്‍ക്കെത്തുന്നത്. ഇത് എന്‍.ഡി.എ ക്യാംപില്‍ അങ്കലാപ്പുണ്ടാക്കുന്നു. അടുത്ത കാലത്തായി ഭൂസമരങ്ങള്‍ വഴിയായും തൊഴിലാളി പ്രക്ഷോഭങ്ങള്‍ വഴിയായും ബിഹാറില്‍ കുറേക്കൂടി ശക്തമായി വേരുറപ്പിച്ചിട്ടുണ്ട് ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍.

ചിരാഗ് പാസ്വാനും യുവമുഖമാണ്. പക്ഷേ, ഈ തെരഞ്ഞെടുപ്പില്‍ ചിരാഗിന് എത്രത്തോളം മുന്നോട്ടുപോകാനാവും എന്നത് ഒരു കടങ്കഥയാണ്. 2016ലാണ് ചിരാഗ് എല്‍.ജെ.പി രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിച്ചത്. സിനിമയും മറ്റുമായിക്കഴിഞ്ഞ ചിരാഗ് നടന്റെ കുപ്പായമഴിച്ച് രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ചെയ്തത് അച്ഛന്‍ രാം വിലാസ് പാസ്വാനെ മോദിയുടെ ക്യാംപിലെത്തിക്കുകയാണ്. ഇപ്പോഴും ചിരാഗിനു മോദിയോട് വിപ്രതിപത്തിയില്ല. പക്ഷേ, മോദിക്കൊപ്പം, നിതീഷിനെതിര് എന്ന ഈ തന്ത്രം ബിഹാറില്‍ എങ്ങനെയാണ് വിലപ്പോവുക എന്നത് കണ്ടറിയണം.
എന്നാല്‍, എല്‍.ജെ.പി രാഷ്ട്രീയത്തിന് ഇതു പുതുമയല്ല. 2005ല്‍ കോണ്‍ഗ്രസ്-ആര്‍.ജെ.ഡി സഖ്യത്തിലിരിക്കവെ ആര്‍.ജെ.ഡിക്കെതിരില്‍നിന്ന് ഒറ്റയ്ക്കു മത്സരിച്ച് 29 സീറ്റ് നേടി എല്‍.ജെ.പി. ഫലം തൂക്കുസഭ. രണ്ടാമതു തെരഞ്ഞെടുപ്പ് വന്നപ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി. ഇതേ തന്ത്രമുപയോഗിച്ച് മകന്‍ നിതീഷിനെ പുറത്താക്കാന്‍ ശ്രമിക്കുന്നു. അത്രേയുള്ളൂ.

മുസ്‌ലിം ഫാക്ടര്‍

അസദുദ്ദീന്‍ ഉവൈസിയുടെ മുന്നണിയാണ് ബിഹാര്‍ തെരഞ്ഞെടുപ്പിനെ അസ്ഥിരപ്പെടുത്തുന്ന ഒരു ഘടകം. സീമാഞ്ചല്‍ പ്രദേശത്ത് മുസ്‌ലിംകള്‍ക്ക് നല്ല സ്വാധീനമുണ്ട്. അവിടെയാണ് ഉവൈസി ശ്രദ്ധയൂന്നുന്നത്. 2019ല്‍ ഈ മേഖലയില്‍പെട്ട കിഷന്‍ഗഞ്ചില്‍ ഉവൈസിയുടെ സ്ഥാനാര്‍ഥിയുണ്ടായിരുന്നു. മൂന്നു ലക്ഷത്തിലധികം വോട്ട് നേടുകയും ചെയ്തു. ഇത്തവണ ഒരു ന്യൂയിസന്‍സ് ഫാക്ടര്‍ എന്ന നിലയിലല്ല തന്റെ സ്ഥാനം എന്നാണ് ഉവൈസി പറയുന്നത്. അതു ശരിയാണെങ്കില്‍ മഹാസഖ്യത്തിനായിരിക്കും അതിന്റെ ദോഷം. സ്വാഭാവികമായും മുസ്‌ലിം വോട്ടുകള്‍ വിഭജിക്കപ്പെട്ടാല്‍ എന്‍.ഡി.എക്കായിരിക്കും ഗുണം. ഉവൈസി മറിച്ചാണ് പറയുന്നതെങ്കില്‍പ്പോലും.
ഇങ്ങനെയൊക്കെ പറയുമ്പോഴും ചിരാഗ് പാസ്വാന്റെ വേറിട്ടുപോകലും ഉവൈസിയുടെ മുന്നണിയുമെല്ലാം ബി.ജെ.പിയുടെ തന്ത്രമാണെന്നാണ് പലരും പറയുന്നത്. ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ പറഞ്ഞതിങ്ങനെ: എന്‍.ഡി.എക്ക് മൂന്നു മുഖങ്ങളാണുള്ളത്. ഒന്ന്, ബി.ജെ.പി-ജെ.ഡി.യു മുന്നണിയെന്ന പ്രത്യക്ഷമുഖം. രണ്ട്, ചിരാഗിന്റെ പാര്‍ട്ടിയെന്ന പരോക്ഷമുഖം. മൂന്ന്, ഉവൈസി-കുശ്‌വാഹ മുന്നണിയെന്ന അദൃശ്യമുഖം. എല്ലാം ബി.ജെ.പിക്കുവേണ്ടി. അങ്ങനെ സംഭവിച്ചുകൂടായ്കയില്ലല്ലോ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.