2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പിണറായിയുടെ മക്കള്‍ക്ക് വലിയ ബിസിനസ്; പി.ജയരാജന്റെ മക്കള്‍ കട്ടക്കമ്പനിയില്‍ ജോലി ചെയ്യുന്നു, ഏതാണ് ശരിയായ കമ്മ്യൂണിസമെന്ന് പി.സി ജോര്‍ജ്

കോട്ടയം: പിണറായി വിജയന്റെ മക്കള്‍ക്ക് വലിയ ബിസിനസാണെന്നും എന്നാല്‍ പി.ജയരാജന്റെ മക്കള്‍ ഓട്ടോ ഓടിച്ചും കട്ടക്കമ്പനിയില്‍ ജോലി ചെയ്തുമാണ് കുടുംബം പുലര്‍ത്തുന്നതെന്നും പി.സി ജോര്‍ജ്. ഇതില്‍ ഏതാണ് ശരിയായ കമ്മ്യൂണിസമെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതും കമ്മ്യൂണിസം അതും കമ്മ്യൂണിസം. ഏതാണ് കമ്മ്യൂണിസം? കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഞാനിത് പറയുന്നതെന്നും ജോര്‍ജ് പറഞ്ഞു.

‘പി. ജയരാജന്‍ മലബാറിലെ സി.പി.എമ്മിന്റെ നേതാവാണ്. അദ്ദേഹത്തിന് മക്കളുണ്ട്. അവര്‍ എവിടെ? പിണറായി വിജയനും മക്കളുണ്ട്. അവര്‍ എവിടെ? പിണറായിയുടെ മകന്‍ ദുബൈയില്‍. എന്താണ് ബിസിനസ്? സാമ്പത്തിക സ്ഥാപനത്തിന്റെ ഇടപാടുമായി ദുബൈയില്‍ താമസിക്കുന്നു. മകള്‍ ഇപ്പോള്‍ കൂട്ടത്തിലുണ്ട്. ബിസിനസാണെന്ന് നമുക്ക് അറിയാം. സാമ്പത്തികമായി വലിയ നിലയിലാണ്.” ജോര്‍ജ് പറഞ്ഞു.

പി. ജയരാജന്റെ മക്കളോ? അദ്ദേഹത്തിനു വേണമെങ്കില്‍ സഹകരണ ബാങ്കില്‍ മക്കളെ കയറ്റാമായിരുന്നില്ലേ? അദ്ദേഹം അത് ചെയ്തില്ല. കമ്മ്യൂണിസവും കമ്മ്യൂണിസത്തിന്റെ മാന്യതയുമാണത്. ഒരാള്‍ ഓട്ടോ ഓടിക്കുകയാണ്. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തുകയാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ, ജയരാജന്റെ മകനാണെന്ന് ഓര്‍ക്കണം. പറയാന്‍ പോലും ദുഃഖമുണ്ട്. ഒരു മകന്‍ കട്ടക്കമ്പനിയില്‍ ചുമട്ടുകാരനാണ്. അവിടെ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേ സമയം മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്ഷേപിക്കാന്‍ പി.സി ജോര്‍ജ് തന്റെ കുടുംബത്തെക്കുറിച്ച് കഥ മെനയുകയാണെന്ന മറുപടിയുമായി പി ജയരാജന്‍ രംഗത്തെത്തി. പി.സി ജോര്‍ജ് പറയുന്ന പണിയല്ല തന്റെ മക്കള്‍ക്കെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
എന്തും വിളിച്ചു പറയാവുന്ന മാനസികാവസ്ഥയിലാണ് പി.സി ജോര്‍ജ് എത്തിയിരിക്കുന്നത്. ഓട്ടോ ഓടിക്കുന്നതും ചുമട് എടുക്കുന്നതും എല്ലാം മാന്യത ഉള്ള തൊഴിലുകളാണ്. എന്റെ മക്കള്‍ പക്ഷെ ആ തൊഴിലുകളല്ല ചെയ്യുന്നത്. മാന്യത ഇല്ലാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ജോര്‍ജ് പ്രതി ആയത്. സി.പി.എമ്മിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജോര്‍ജിന്റെ ആക്ഷേപം എന്ന് ജനങ്ങള്‍ തിരിച്ചറിയുമെന്നും ജയരാജന്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.