വാഷിങ്ടണ്‍: കറുത്ത വര്‍ഗക്കാരനായ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. യു.എസിന്റെ ചരിത്രത്തില്‍ ഈ പദവിലെത്തുന്ന ആദ്യ ആഫ്രോ-അമേരിക്കന്‍ വംശജനായിരിക്കും ഓസ്റ്റിന്‍. ഇറാഖ്, അഫ്ഗാന്‍ യുദ്ധങ്ങളില്‍ യു.എസ് സൈന്യത്തെ നയിച്ച ലോയ്ഡ് ഫോര്‍ സ്റ്റാര്‍ ആര്‍മി ജനറലായാണ് വിരമിച്ചത്.
പെന്റഗണിന്റെ ആദ്യത്തെ വനിതാ ചീഫായി മിഷേല്‍ ഫ്‌ലോര്‍നോയി എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നിയമനം. മുന്‍ പ്രതിരോധ അണ്ടര്‍ സെക്രട്ടറിയായ മിഷേല്‍ ഫ്‌ലോര്‍നോയിയെ അട്ടിമറിച്ച് ഓസ്റ്റിന്‍ ആ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുകയായിരുന്നു. ബൈഡന്റെ ക്യാബിനറ്റില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന സമ്മര്‍ദ്ദമാണ് പെന്റഗണ്‍ മേധാവിയായി ഓസ്റ്റിനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നും യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കളാഴ്ചയാണ് ബൈഡന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വെള്ളിയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
2003ല്‍ യു.എസ് സൈന്യത്തെ ബാഗ്ദാദിലേക്ക് നയിച്ച, യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തലവനായിരുന്നു ലോയ്ഡ് ഓസ്റ്റിന്‍. നാല് ദശാബ്ദക്കാലം സൈന്യത്തില്‍ സേവനം ചെയ്ത ലോയ്ഡ് ഓസ്റ്റിന്‍ വെസ്റ്റ് പോയിന്റ് മിലിട്ടറി അക്കാദമിയില്‍ നിന്നാണ് അദ്ദേഹം ബിരുദമെടുത്തത്. പ്ലാറ്റൂണുകളെ നയിക്കല്‍, ലോജിസ്റ്റിക് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം, റിക്രൂട്ടിങ്ങിന്റെ മേല്‍നോട്ടം, മുതിര്‍ന്ന പെന്റഗണ്‍ ജോലികള്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. 2003ല്‍ ഇറാഖ് അധിനിവേശസമയത്ത് കുവൈത്തില്‍ നിന്ന് ബാഗ്ദാദിലേക്ക് മാര്‍ച്ച് നടത്തിയ മൂന്നാം കാലാള്‍പ്പട വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡിവിഷന്‍ കമാന്‍ഡറായിരുന്നു.
സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം പെന്റഗണ്‍ മേധാവിയാകണമെങ്കില്‍ ഏഴ് വര്‍ഷം കഴിയണമെന്ന് ഫെഡറല്‍ നിയമം ഉള്ളതിനാല്‍ ഓസ്റ്റിന്റെ നിയമനത്തിന് സെനറ്റില്‍ നിന്ന് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനുമുന്‍പ് രണ്ടുതവണ ഈ നിയമത്തില്‍ ഇളവ് നല്‍കിയിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ ഭരണസമയത്തെ ആദ്യ പ്രതിരോധ സെക്രട്ടറി ജനറല്‍ ജിം മാറ്റിസിനാണ് സമീപകാലത്ത് ഇളവ് അനുവദിച്ചത.്
Comments are closed for this post.