
യു.എസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു
വാഷിങ്ടണ്‍: യു.എസിന്റെ 46-ാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
കമല ഹാരിസിനു പിന്നാലെയാണ് ജോ ബൈഡന് സത്യപ്രതിജ്ഞ ചൊല്ലിയത്. കുറഞ്ഞ ആളുകളെ പങ്കെടുപ്പിച്ച്, പ്രൗഢ ഗംഭീരമായാണ് കാപിറ്റോളില്‍ സത്യപ്രതിജ്ഞാ ചടങ്ങ്.
ചടങ്ങില്‍ പ്രസിഡന്റ് സ്ഥാനത്തു നിന്നിറങ്ങിയ ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് സംബന്ധിച്ചു. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ബില്‍ ക്ലിന്ണ്, ജോര് ബുഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ട്രംപിന് നല്കിയ യാത്രയയപ്പ് ചടങ്ങ് ഉപേക്ഷിച്ചാണ് മൈക്ക് പെന്‍സ് ബൈഡന്റെ ചടങ്ങില്‍ എത്തിയത്.
യു.എസിലെ ആദ്യത്തെ ഹിസ്പനിക് സുപ്രിം കോടതി ജസ്റ്റിസ് സോണിയ സോട്ടമേയറാണ് കമല ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
അമേരിക്കയില്‍ അധികാരത്തിലേറുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡന്. ചരിത്രത്തില്‍ ആദ്യമായാണ് യു.എസില്‍ ഒരു വനിത വൈസ് പ്രസിഡന്റുണ്ടാവുന്നത്. ആദ്യത്തെ കറുത്തവര്‍ഗക്കാരിയെന്ന ചരിത്രവും ഇന്ത്യക്കാരിയെന്ന വിശേഷണവും കമലയ്ക്കു തന്നെ.
സാധാരണ സത്യപ്രതിജ്ഞാ ചടങ്ങ് ലക്ഷങ്ങള്‍ സംബന്ധിച്ചാണ് നടക്കാറുള്ളത്. അക്രമങ്ങളുടെയും കൊവിഡിന്റെയും പശ്ചാത്തലത്തില്‍ 1000 ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് ഇപ്രാവശ്യത്തെ ചടങ്ങ്.