
ന്യൂഡല്‍ഹി: ടെലികോം ഭീമന് ഭാരതി എയര്‍ടെല്ലിന്റെ ഒക്ടോബര്‍- ഡിസംബര്‍ കാലയളവിലെ അറ്റാദായത്തില്‍ 54 ശതമാനം ഇടിവ്. റിലയന്‍സ് ജിയോയുടെ വരവാണ് എയര്‍ടെല്ലിനെ 503.7 കോടി രൂപയുടെ ഇടിവില്‍ എത്തിച്ചത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ ലാഭം 1,108.1 കോടി രൂപയായിരുന്നു.
വരുമാനത്തിലും വലിയ തളര്‍ച്ച എയര്‍ടെല്‍ നേരിട്ടു. മൂന്നു ശതമാനം ഇടിവാണ് ഈ കാലയളവിലുണ്ടായത്. കഴിഞ്ഞവര്‍ഷത്തില്‍ 24,130.4 കോടിയായിരുന്നു വരുമാനമെങ്കില്‍ ഇപ്രാവശ്യമത് 23,363.9 കോടിയായി താഴ്ന്നു.
ജിയോയുടെ വരവാണ് തങ്ങളെ തകര്ച്ചയിലാക്കിയതെന്ന് കമ്പനി സ്ഥിരീകരിച്ചു. ഒരു പുതിയ ഓപ്പറേറ്ററുടെ കൂടെക്കൂടെയുള്ള വില നിര്‍ണയമാണ് തങ്ങളുടെ വരുമാനത്തെ പ്രക്ഷുഭ്ധമാക്കിയതെന്ന് ഭാരതി എയര്‍ടെല്‍ എം.ഡി, സി.ഇ.ഒ ആയ ഗോപാല്‍ വിട്ടല്‍ പറഞ്ഞു.
കഴിഞ്ഞ സെപ്തംബര്‍ മുതലാണ് ജിയോ സൗജന്യ 4ജി സേവനവുമായി രംഗത്തെത്തിയത്. ഈ ഓഫര്‍ മാര്‍ച്ച് വരെ നീട്ടുകയും ചെയ്തു. ഇതോടെ മറ്റു കമ്പനികള്‍ പിടിച്ചുനില്ക്കാന് പറ്റാത്ത രീതിയിലാവുകയും വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.