1,000 കിലോമീറ്റര്‍ പിന്നിട്ടു; വെള്ളിയാഴ്ച ആന്ധ്രയിലേക്ക്
ബംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.ഐ.സിസി പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 1.30ന് ബെല്ലാരി മുനിസിപ്പല്‍ ഗ്രൗണ്ടില്‍ ജോഡോ യാത്രയുടെ ഭാഗമായി പൊതുസമ്മേളനം നടക്കും. ഖാര്‍ഗെ സമ്മേളനത്തില്‍ സംബന്ധിച്ചേക്കും.
ഇന്ന് രാവിലെ 6.30ന് ബെല്ലാരിയിലെ ഹലകുന്ദിയില്‍ നിന്നാണ് പദയാത്ര പുനരാരംഭിച്ചത്. പദയാത്രയില്‍ പങ്കുചേരുന്നതിന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ടും കര്‍ണാടകയിലെ ബെല്ലാരിയില്‍ എത്തിയിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും ഇന്ന് പദയാത്രിയില്‍ പങ്കുചേരും.
കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി പദയാത്ര ഇതിനകം 1000 കിലോമീറ്റര്‍ പിന്നിട്ടു. സപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര 38 ദിവസം പിന്നിട്ടു. സപ്തംബര്‍ 30നാണ് കര്‍ണാടകയിലേക്ക് പ്രവേശിച്ചത്. ഒക്ടോബര്‍ 20 വരെ 511 കിലോമീറ്ററാണ് കര്‍ണാടകയിലെ പദയാത്ര.
അടുത്ത വെള്ളിയാഴ്ച ഭാരത് ജോഡോ യാത്ര ആന്ധ്രാപ്രദേശിലേക്ക് കടക്കും. 3,750 കിലോമീറ്റര്‍ താണ്ടി കശ്മിര്‍ വരെയാണ് പദയാത്ര. ജനങ്ങളെ നേരില്‍കണ്ടും ഹസ്തദാനം ചെയ്തും ആശ്ലേഷിച്ചും ആശയവിനിമയം നടത്തിയുമാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുനീങ്ങുന്നത്.
Comments are closed for this post.