ശ്രീനഗര്‍: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന് പുത്തനുണര്‍വും ആവേശവും പകര്‍ന്നുനല്‍കിയ ഭാരത് ജോഡോ യാത്രയ്ക്ക് നാളെ ശ്രീനഗറില്‍ സമാപനം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച പദയാത്ര വന്‍വിജയമായി മാറി. രാജ്യത്തുടനീളം വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനും പ്രതിപക്ഷ പാര്‍ട്ടികളുടെയും പൊതുജനങ്ങളുടെയും പിന്തുണ ആര്‍ജിക്കാനും യാത്രയ്ക്ക് സാധിച്ചു. ഏകദേശം 145 ദിവസങ്ങള്‍ കൊണ്ട് 3,970 കിലോമീറ്ററും 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും പിന്നിട്ടു.
നാളെ ശ്രീനഗറില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുക്കും. എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി), തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡ്, ഉദ്ധവ് താക്കറെയുടെ ശിവസേന, സി.പി.ഐ.എം, വിടുതലൈ ചിരുതൈകള്‍ കച്ചി (വി.സി.കെ), കേരള കോണ്‍ഗ്രസ്, ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി), ഷിബു സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) എന്നീ പാര്‍ട്ടികള്‍ ശ്രീനഗറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.
ചടങ്ങിലേക്ക് 21 പാര്‍ട്ടികളെ ക്ഷണിച്ചിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ഏതാനും നേതാക്കള്‍ പങ്കെടുക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ടി.ഡി.പി തുടങ്ങിയ പാര്‍ട്ടികളാണ് ചടങ്ങ് ഒഴിവാക്കിയത്.
സുരക്ഷാവീഴ്ചയെ തുടര്‍ന്ന് വെള്ളിയാഴ്ച പദയാത്ര തടസപ്പെട്ട ശേഷം ശനിയാഴ്ച അവന്തിപോരയിലെ ചെര്‍സൂ ഗ്രാമത്തില്‍ നിന്ന് പുനരാരംഭിച്ച യാത്രയില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും പി.ഡി.പി മേധാവി മെഹബൂബ മുഫ്തിയും പങ്കെടുത്തു.
Comments are closed for this post.