ഡോ. ഹുസൈന്‍ രണ്ടത്താണി
‘എന്തിന് ഭാരത ധരേ കരയുന്നു; പാരതന്ത്ര്യം നിനക്ക് വിധി കല്‍പിതമാണ് തായേ’ എന്നതിലേക്കാണ് നമ്മള്‍തന്നെ ഈ രാജ്യത്തെ കൊണ്ടുപോവുന്നത്. സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വാര്‍ഷികം ആഘോഷിക്കുമ്പോഴും മതവും ജാതിയും പള്ളിയും അമ്പലവും പറഞ്ഞ് നമ്മളിപ്പോഴും പാരതന്ത്ര്യത്തെ താലോലിക്കുകയാണ്. സര്‍ക്കാരും കോടതികളും കരുതിക്കൂട്ടിയും അല്ലാതെയും രാജ്യത്തെ കൊളോണിയല്‍ കാലത്തേക്ക് തിരിച്ചുവിടുകയാണ്. ഇന്നലെ ബാബരിയാണെങ്കില്‍ ഇന്ന് ജ്ഞാന്‍വാപി. ജീവനില്ലാത്ത ഈ വസ്തുക്കള്‍ക്ക് അറിയുമോ വിവാദങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ വ്യാമോഹങ്ങള്‍? അതിനു ശക്തിപകരാന്‍ ഭരണകൂടവും.
ബ്രിട്ടിഷ് ഭരണകാലത്ത് എത്രയോ കലാപങ്ങള്‍ നടന്നു. നിരവധി പേര്‍ മരണം പുല്‍കി. എന്നാല്‍ സ്വാതന്ത്ര്യം കിട്ടിയിട്ടും നമുക്ക് നേരം വെളുത്തിട്ടില്ല. അല്ല; നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ? ബ്രിട്ടിഷ് ചൂഷകര്‍ക്ക് പകരം ഇന്ത്യന്‍ ചൂഷകരെ പ്രതിഷ്ഠിച്ചതിനാണ് നാം സ്വാതന്ത്ര്യമെന്ന് പറഞ്ഞുവന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ച് അത്രയേ വിവരമുണ്ടായിരുന്നുള്ളൂ. ബ്രിട്ടിഷ് കാലത്ത് സ്വത്ത് ബ്രിട്ടിഷുകാര്‍ കവര്‍ന്നുപോയെങ്കില്‍ ഇപ്പോള്‍ നമ്മുടെ ആളുകള്‍തന്നെ കവരുകയാണ്. ഇതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിളിച്ചത്.
പഴയതൊക്കെ മറക്കാം. പള്ളികളും അമ്പലങ്ങളും പൊളിച്ചതും ജാതിമതാന്ധര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കിയതും മറക്കാം എന്ന് തീരുമാനിച്ചാണ് സ്വാതന്ത്ര്യത്തെ പുണര്‍ന്നത്. പള്ളിയായാലും അമ്പലമായാലും 1947ലെ സ്ഥിതി നിലനിര്‍ത്തണമെന്ന നിയമവും ഉണ്ടാക്കി. എന്നിട്ടെന്തായി? കള്ളക്കഥകള്‍ മെനഞ്ഞ് പാരതന്ത്ര്യത്തിലേക്ക് തിരിച്ചുപോവുന്നു. പഴയ തര്‍ക്കങ്ങളൊക്കെ പൊടി തട്ടി തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ജാതിവ്യവസ്ഥയും മനുസ്മൃതിയും കൂടി തിരിച്ചുവന്നാല്‍ എല്ലാം കുശാലായി. കോരന് കഞ്ഞി കുമ്പിളില്‍ തന്നെയാവും. ഡല്‍ഹിയെ അഗ്‌നിക്കിരയാക്കിയവര്‍, മണിപ്പൂരിനെ ചാരമാക്കുന്നു. ഹരിയാനയില്‍ മുസ്‌ലിംകള്‍ക്കുനേരെ ബുള്‍ഡോസര്‍ രാജ്. നമ്മളിപ്പോഴും ഇന്ത്യക്കാരായിട്ടില്ല.
പരസ്പരം കടിച്ചുകീറുന്ന നമുക്ക് ഇനി എന്നാണൊരു സ്വാതന്ത്ര്യം ലഭിക്കുക? അമൃതോത്സവം ആഘോഷിച്ചത് എന്തിനായിരുന്നു? ഈ രാജ്യം മതവെറിയന്‍മാരുടെ നാടായി മാറി.
സാമ്രാജ്യത്വകാലത്ത് അമ്പലങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. എതിരാളികളുടെ കോട്ടകളും ക്ഷേത്രങ്ങളും തകര്‍ക്കുക സാമ്രാജ്യത്വ യുദ്ധങ്ങളുടെ ഭാഗമായിരുന്നു. തകര്‍ക്കുന്നിടത്ത് ജയിക്കുന്ന വിഭാഗം അവരുടെ ആരാധനാലയങ്ങള്‍ പണിയുകയും ചെയ്യും. അല്ലാതെ ഇത് മുഗളന്‍മാരുടെ വകയല്ല. പള്ളികളും ക്ഷേത്രങ്ങളും യുദ്ധവേളയില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ശത്രുവിന്റെ പ്രതാപത്തിന്റെ ചിഹ്‌നങ്ങളായതിനാലാണ് ഇവ തകര്‍ക്കപ്പെട്ടത്. ഇതുപോലെ ശത്രുവിന്റെ കോട്ട കൊത്തളങ്ങളും ഇടിച്ചു നിരപ്പാക്കുമായിരുന്നു. ശത്രുരാജ്യത്തെ ജനങ്ങളെ കൊല്ലുകയും കൊള്ള ചെയ്യുകയും ചെയ്യുമായിരുന്നു. ഇതിനെയൊന്നും മതപരമായി വ്യാഖ്യാനിക്കേണ്ട ഒരു കാര്യവുമില്ല. മുഗള്‍ സൈന്യത്തില്‍ വലിയൊരു പങ്ക് ഹിന്ദുക്കളായ രജപുത്രന്‍മാരാണെന്നതുകൂടി ഓര്‍ക്കണം.
അതിനാല്‍ ക്ഷേത്രം തകര്‍ക്കുന്നതിലോ തകര്‍ത്തിടത്ത് പള്ളി പണിയുന്നതിലോ തങ്ങളുടെ ചക്രവര്‍ത്തിയുടെ പ്രൗഢി എന്നതിലുപരി മതപരമായ ഒരു പ്രാധാന്യവും ഈ തമസ്‌കരണത്തിന് അവര്‍ നല്‍കിയിട്ടില്ല. ക്ഷേത്രങ്ങളില്‍ സാധാരണക്കാര്‍ക്ക് പ്രവേശനം വിലക്കിയ കാലമാണത്. ഇതേ ചക്രവര്‍ത്തിമാര്‍ തന്നെ തങ്ങളുടെ അധീന പ്രദേശങ്ങളില്‍ ക്ഷേത്രങ്ങളെയും ബ്രാഹ്മണരെയും സംരക്ഷിക്കുകയും ക്ഷേത്ര നടത്തിപ്പിന് ഗ്രാന്റ് നല്‍കുകയും ചെയ്തിരുന്നു. അമ്പതുവര്‍ഷം ഇന്ത്യ ഭരിച്ച ഔറംഗസേബ് ചക്രവര്‍ത്തി ഇതിന് ഏറ്റവും നല്ല മാതൃകയാണ്. പള്ളികള്‍ നിര്‍മിച്ചതിനേക്കാളധികം ക്ഷേത്രങ്ങള്‍ക്ക് അദ്ദേഹം ഗ്രാന്റ ്‌നല്‍കി. പൗരാണിക ക്ഷേത്രങ്ങള്‍ സംരക്ഷിക്കാനേര്‍പ്പാട് ചെയ്തു.
വിജയ നഗര രാജാവ് അഹ്മദ് നഗര്‍ അക്രമിച്ചപ്പോള്‍ അവിടെയുള്ള പള്ളികള്‍ നശിപ്പിച്ചു. പള്ളിയുടെ മുറ്റത്ത് നൃത്തം സംഘടിപ്പിക്കുകയും ചെയ്തു. മുഗളരുമായി യുദ്ധം ചെയ്തപ്പോള്‍ രജപുത്രരും മറാത്തക്കാരും ജാട്ടുകളും പള്ളികള്‍ തകര്‍ത്ത് ക്ഷേത്രം പണിതിരുന്നു. മുഗളരോടുള്ള രോഷം തീര്‍ക്കാന്‍ സമീന്ദാര്‍മാരും റായിമാരും പള്ളികളും മക്തബ(മദ്‌റസ)കളും തകര്‍ത്തു. ഇതേക്കുറിച്ച് ചരിത്രകാരന്‍ ഹര്‍ബന്‍സ് മുഖിയ വിവരിക്കുന്നുണ്ട്. ഹുമയൂണും ഷേര്‍ഷയും തമ്മില്‍ വഴക്കിട്ട കാലത്ത് കലാപത്തിനു വന്ന സമീന്ദാര്‍മാര്‍ പല പള്ളികളും പൊളിച്ച് അവിടെ ക്ഷേത്രങ്ങള്‍ നിര്‍മിച്ചു. അധികാരത്തില്‍ വന്ന ഷേര്‍ഷ ഇവര്‍ക്കെതിരേ ശക്തമായ നടപടിയെടുത്തു. അക്ബറുടെ കാലത്ത് പലയിടത്തും ഹിന്ദുക്കള്‍ പള്ളി പൊളിച്ച് ക്ഷേത്രം പണിത കാര്യം ശൈഖ് അഹ്മദ് സര്‍ഹിന്ദി പറയുന്നു. പഞ്ചാബ് പ്രവിശ്യയില്‍ പള്ളികള്‍ പിടിച്ചെടുത്ത് സ്വന്തമാക്കിയ ബ്രാഹ്മണരില്‍നിന്ന് ഷാജഹാന്‍ ചക്രവര്‍ത്തി അവ തിരിച്ചുവാങ്ങി.
165859 കാലത്ത് ഔറംഗസേബിന്റെ ഏറ്റവും ഉയര്‍ന്ന പദവിയുള്ള രജപുത്രനായ ജസ്‌വന്ത് സിങ് ജോധ്പൂരില്‍ പല പള്ളികളും പൊളിച്ച് ക്ഷേത്രം പണിതു. ജാട്ടുകള്‍ കലാപമുണ്ടാക്കിയ കാലത്ത് അവധിലും മഥുരയിലും ഔറംഗസേബ് ചില ക്ഷേത്രങ്ങള്‍ തകര്‍ത്തത് അവ യുദ്ധ കേന്ദ്രമാക്കിയതിനാലാണ്. ജാട്ടുകള്‍ സെക്കന്ദറാബാദിലെ അക്ബറുടെ ശവകുടീരം വരെ പൊളിച്ചുനീക്കി. ഡക്കാനിലെ ഗവര്‍ണര്‍ പണം അപഹരിച്ച് അത് ഒരിടത്ത് കുഴിച്ചുമൂടി, അതിന്റെ മുകളില്‍ പള്ളി പണിതു.
വിവരമറിഞ്ഞ ഔറംഗസേബ് ആ പള്ളി പൊളിച്ച് പണം പുറത്തെടുക്കാന്‍ പറഞ്ഞു. ബ്രിട്ടിഷ് ഭരണകാലത്ത് പല പള്ളികളും സൈനിക ക്യംപുകളായി ഉപയോഗിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ഡല്‍ഹിയിലെ ജുമാ മസ്ജിദ് പൊളിച്ചു നീക്കാനായിരുന്നു ബ്രിട്ടിഷ് പ്ലാന്‍. അത് പിന്നീട് വേണ്ടെന്നുവച്ചു. ഏറെ വര്‍ഷങ്ങള്‍ ജുമാമസ്ജിദ് സൈനിക ക്യാംപാക്കി മാറ്റി. ഇങ്ങനെയുള്ള സംഭവങ്ങള്‍ ചരിത്രത്തില്‍ എമ്പാടും കാണും. സാമ്രാജ്യത്വ കാലത്തെ സംഭവങ്ങള്‍ വര്‍ത്തമാനത്തിലേക്ക് നീട്ടിവലിച്ചു ഹിന്ദുത്വ ശക്തികള്‍ രാജ്യത്ത് അരാജകത്വം വിതയ്ക്കുകയാണ്. ഇവര്‍ക്ക് സ്വാതന്ത്ര്യത്തോട് ഒരു മമതയുമില്ല. കാരണം ഇവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല.
അരനൂറ്റാണ്ട് ഇന്ത്യയുടെ ഭരണം കൈയാളിയ ഔറംഗസേബിനെ എഴുതിത്തള്ളാനാണ് എന്നും ദേശീയ ചരിത്രം ശ്രമിച്ചത്. ഔറംഗസേബ് ഭരണത്തില്‍ മതം പ്രശ്‌നമാക്കിയിട്ടേ ഇല്ല. കഴിവുള്ളവരെയാണ് അതത് ജോലികള്‍ക്ക് നിയമിക്കുക. അക്കാര്യത്തില്‍ മതം നോക്കേണ്ടതില്ല എന്നാണ് ചക്രവര്‍ത്തി പറഞ്ഞത്. തന്റെ കണക്കപ്പിള്ളമാര്‍ അധികവും ബ്രാഹ്മണരോ മുസ്‌ലിമേതരരോ ആണ്. സൈനിക രംഗം രജപുത്രരാണ് കൈകാര്യം ചെയ്തത്. ഏറ്റവും കൂടുതല്‍ രജപുത്രരെ സൈനിക സേവനത്തിന് നിയോഗിച്ച മുഗള്‍ ചക്രവര്‍ത്തിയും ഔറംഗസേബുതന്നെ. അദ്ദേഹം ക്ഷേത്രങ്ങള്‍ക്കും മഠങ്ങള്‍ക്കും സംരക്ഷണം നല്‍കിയതിനും ഗ്രാന്റ് നല്‍കിയതിനും രേഖകള്‍ നിരവധിയാണ് (േജര്‍ണല്‍ ഓഫ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍, 1911,689).
ജ്ഞാന്‍വാപി മസ്ജിദിനടുത്തുള്ള ക്ഷേത്രം അക്ബര്‍ ചക്രവര്‍ത്തിയുടെ അനുഗ്രഹം വാങ്ങി മന്ത്രി രാജാ ടോഡര്‍ മാള്‍ നിര്‍മിച്ചതാണ്. അത് തകര്‍ന്നുകിടക്കുകയായിരുന്നു. പലയിടത്തും ക്ഷേത്രങ്ങള്‍ ജീര്‍ണിച്ചുപോയിട്ടുണ്ട്. അവയൊക്കെ ഏതെങ്കിലും മുഗള്‍ ചക്രവര്‍ത്തിയുടെ പേരില്‍ ചരിത്രകാരന്‍മാര്‍ വച്ചുകെട്ടുകയും ചെയ്യും. ഈ ക്ഷേത്രത്തിന്റെ സമീപമാണ് ജ്ഞാന്‍വാപി മസ്ജിദ് പണിതത്. ഇങ്ങനെ ക്ഷേത്രങ്ങള്‍ക്കു സമീപം പള്ളിയും തിരിച്ചും പലയിടത്തുമുണ്ട്. സൗഹൃദത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് അതൊരു പ്രശ്‌നമായിട്ടില്ല.
1937ല്‍ തന്നെ അന്നത്തെ അലഹബാദ് ഹൈക്കോടതി ജ്ഞാവാപി പള്ളി മുസ്‌ലിംകള്‍ക്കാണെന്ന് വിധിച്ചതാണ്. സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15ന് ആരാധനാലയങ്ങള്‍ എങ്ങനെയണോ അതേ പടി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചത്. 1991ല്‍ നരസിംഹ റാവു സര്‍ക്കാര്‍ പ്രത്യേക നിയമത്തിലൂടെ മേല്‍ നിയമം ഊട്ടിയുറപ്പിച്ചു. 2019ല്‍ ഈ നിയമം സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച് ഒന്നുകൂടി ആവര്‍ത്തിക്കുകയും കഴിഞ്ഞ കാല സംഭവങ്ങള്‍ വച്ചുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഭംഗമുണ്ടാക്കുന്ന വിധം ആരും പ്രവര്‍ത്തിക്കരുതെന്ന് അടിവരയിടുകയും ചെയ്തു. ഈ നിയമങ്ങളെല്ലാം അവഗണിച്ച് ബാബരി പള്ളി വെട്ടിപ്പൊളിച്ച് അവിടെ രാമക്ഷേത്രം പണിതു. മറ്റൊരു പള്ളിയുടെ മേലും അവകാശവാദം സ്ഥാപിക്കില്ല എന്ന് ഹിന്ദു സംഘടനകള്‍ പറഞ്ഞെങ്കിലും ഇപ്പോള്‍ ജ്ഞാന്‍വാപി പള്ളിയുടെ മേല്‍ അവകാശം ഉന്നയിച്ചിരിക്കുന്നു. ഇവരെ സഹായിക്കുംവിധമാണ് ഭരണകൂടങ്ങളും നീതിപീഠങ്ങളും പ്രവര്‍ത്തിക്കുന്നത്. സ്ഥിതി ഇതാണെങ്കില്‍ പാരതന്ത്ര്യം തന്നെയാണ് രാജ്യത്തിന്റെ വിധി. മതനിരപേക്ഷതയും ജനാധിപത്യവും ഇന്ത്യാ രാജ്യത്തിന്റെ മുഖമുദ്രയാകണമെങ്കില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ മാറി നില്‍ക്കണം.
Comments are closed for this post.