2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭക്തി, രാഷ്ട്രീയം, ജനാധിപത്യം

ഡോ.അരുൺ കരിപ്പാൽ

സമൂഹത്തിൽ ആഴത്തിൽവേരോടിയ ഒന്നാണ് ഭക്തി. ഭയഭക്തി ബഹുമാനമെന്ന് പഴമക്കാർ പറഞ്ഞ വാക്കുകൾ വാമൊഴിയായി ഇപ്പോഴും തുടർന്നുവരുന്നു. രാമനും റഹീമും ഒന്നുതന്നെയെന്നും മാനവസ്നേഹം ഉയർത്തിപ്പിടിക്കണമെന്നും പകർന്നുനൽകിയ ഭക്തിപ്രസ്ഥാനത്തിന്റെ പൈതൃകമുള്ള നാടാണ് ഇന്ത്യ. ഭക്തി പൊതുവെ മതവുമായി ബന്ധപ്പെട്ടാണ് നിർവചിച്ചുപോരുന്നത്. എന്നാൽ ഭക്തി രാഷ്ട്രീയത്തിലുമുണ്ട് എന്നതാണ് യാഥാർഥ്യം. രാഷ്ട്രീയത്തിലെ ഭക്തി കൂടുതൽ അപകടകാരിയാണെന്ന് ഭരണഘടനാ നിർമാണസമിതിയിലെ അവസാന പ്രസംഗത്തിൽ ഡോ. ബി.ആർ അംബേദ്കർ കൃത്യമായി പറയുന്നുണ്ട്;

“മതത്തിൽ ഭക്തി വിമോചനത്തിലേക്കുള്ള പാതയാവാം, എന്നാൽ രാഷ്ട്രീയത്തിൽ ഭക്തി അഥവാ വീരാരാധന അധഃപതനത്തിലേക്കും ആനുഷംഗികമായി ഏകാധിപത്യത്തിലേക്കും നയിക്കുന്ന സുനിശ്ചിത പാതയാണ്’. രാഷ്ട്രീയത്തിൽ ഭക്തി കൂടുന്നതിലെ ആശങ്ക അംബേദ്കറിനുണ്ടായിരുന്നു. ഇത് എത്രമാത്രം ഗൗരവതരവും ശരിയുമാണെന്ന് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽനിന്ന് വ്യക്തമാണ്.
ജ്ഞാനപീഠ പുരസ്കാര ജേതാവ് എം.ടി വാസുദേവൻ നായർ അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ ഇരുത്തി അധികാരത്തെക്കുറിച്ചു നടത്തിയ നിരീക്ഷണങ്ങളോട് കേരളീയ സമൂഹം പലതരത്തിലാണ് പ്രതികരിച്ചത്.

   

നിഷ്പക്ഷരും പ്രതിപക്ഷവും അത് കേരളത്തിലെ ഭരണത്തെപ്പറ്റിയാണെന്ന് പറഞ്ഞപ്പോൾ, ഭരണപക്ഷം അത് കേന്ദ്രത്തിലെ നരേന്ദ്രമോദി ഭരണത്തിനെതിരേയാണ് എന്നാണ് പ്രതികരിച്ചത്. ഭരണത്തിലെ പാളിച്ചകളെ ഉൾക്കൊള്ളാൻ, വിമർശനങ്ങളെ സ്വീകരിക്കാൻ രാഷ്ട്രീയത്തിലെ ഭക്തി അനുവദിക്കുന്നില്ലെന്നതാണ് വാസ്തവം.
രാഷ്ട്രീയത്തിലെ അപകടകരമായ വീരാരാധന/ഭക്തിപ്രസ്ഥാനത്തിനും നാട്ടിനും അപകടം ചെയ്യും. ആ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ക്രിയാത്മക വിമർശനങ്ങൾ പലതും അന്ധമായ നേതൃഭക്തിയാൽ മൂടപ്പെടുകയും ഭരണകൂടങ്ങൾ തെറ്റുകളിൽനിന്ന് തെറ്റുകളിലേക്ക് ചോദ്യം ചെയ്യപ്പെടാൻ ഇടവരാത്ത രീതിയിൽ മാറ്റപ്പെടുകയും ചെയ്യുന്നു. വിമർശകർ കുറ്റവാളികളാവുകയും സ്തുതിപാഠകർ വാഴ്ത്തപ്പെടുകയും ചെയ്യുന്ന രാജഭരണശൈലിയിലേക്ക് ജനാധിപത്യം കൂപ്പുകുത്തുന്നു.

അംബേദ്കർ നിരീക്ഷിച്ചപോലെ ജനാധിപത്യം അപകടത്തിലാവുന്നു.
മതാധിഷ്ഠിത സമൂഹത്തിൽ മതത്തിലെ ഭക്തി പ്രത്യക്ഷത്തിൽ ദർശിക്കാൻ കഴിയും. ആ ഭക്തി വർഗീയമായി മാറാതിരിക്കാനുള്ള സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുക എന്നതാണ് രാഷ്ട്രീയനേതൃത്വവും ഭരണകൂടങ്ങളും ചെയ്യേണ്ടത്. ഫ്രഞ്ച് എഴുത്തുകാരൻ ആന്ദ്ര മൽറോ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് സ്വതന്ത്ര ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയിൽ നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളി എന്തായിരുന്നു എന്ന് ചോദിക്കുകയുണ്ടായി. “മതാധിഷ്ഠിതമായ ഒരു രാജ്യത്ത് മതനിരപേക്ഷ സർക്കാരിന്റെ രൂപീകരണവും നിലനിൽപ്പും’ എന്നായിരുന്നു ജവഹർലാൽ നെഹ്റുവിന്റെ മറുപടി. മതത്തിലെ ഭക്തിയെ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കാൻ നെഹ്റു ഒരിക്കലും തയാറായില്ല. മതപരമായ കാര്യങ്ങളിൽ ഒരു ഭരണാധികാരി എന്ന നിലയിലും രാഷ്ട്രീയ നേതാവ് എന്ന നിലയിലും അകലം പാലിക്കുകയും ചെയ്തു അദ്ദേഹം.


ആദ്യ പൊതു തെരഞ്ഞെടുപ്പിലെ റാലികളിൽ അദ്ദേഹത്തിന് ജയ് വിളിച്ച ജനതയോട് നെഹ്റു ജയ്ഹിന്ദ് എന്ന് വിളിക്കാൻ ആഹ്വാനം ചെയ്തു. എന്നാലിന്ന് മതത്തിലെ ഭക്തിയെ രാഷ്ട്രീയായുധമായി മാറ്റുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ജയ് ബജ്റംഗ് ബലി എന്ന മുദ്രാവാക്യം പ്രധാനമന്ത്രി തന്നെ വിളിക്കുകയും അതേറ്റ് വിളിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജവഹർലാൽ നെഹ്റുവിൽനിന്ന് നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണിത്.
ഹിന്ദു മതവിശ്വാസികളിലെ രാമഭക്തിയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതാണ് അയോധ്യയിൽ കാണുന്നത്. അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് ദശരഥനന്ദനായ ശ്രീരാമനെയല്ല. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ആവശ്യമായ ബി.ജെ.പി നിർമിത നരേറ്റീവ് ശ്രീരാമനെയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേത്രം പണിപൂർത്തിയാവാതെ ഉദ്ഘാടനം ചെയ്ത്ഹിന്ദുമതവിശ്വാസികളുടെ വൈകാരികതയെ ഉണർത്തി കാശ്മിർ ടു കന്യാകുമാരി പിടിക്കാനുള്ള തന്ത്രം.

രാജ്യത്തിൽ സമുദായ ധ്രുവീകരണം ലക്ഷ്യമിട്ടും പ്രതിപക്ഷ പാർട്ടികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചും ഭൂരിപക്ഷത്തിനെതിരാക്കാനുള്ള ഈ തന്ത്രത്തിന് കിട്ടിയ തിരിച്ചടിയാണ് ശങ്കരാചാര്യ മഠങ്ങളിൽ നിന്നുണ്ടായിരിക്കുന്നത്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിലെ “പ്രാണപ്രതിഷ്ഠ’യിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ചുകൊണ്ട് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി, മതപരവും ആത്മീയവുമായ മേഖലകളിലെ രാഷ്ട്രീയ ഇടപെടൽ അഭികാമ്യമല്ലെന്നും ഭരണഘടനപോലും അംഗീകരിക്കുന്നില്ലെന്നും പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്.


അടുത്തിടെ മുൻ എം.പിയും ചലിച്ചിത്ര താരവുമായ സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ മാതാവിന് സ്വർണ കിരീടം സമർപ്പിക്കുന്നതും കിരീടം താഴെ വീഴുന്നതും വാർത്തയായി. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമാക്കിയാണോ ഈ ഭക്തിയെന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ല. നേർച്ചയായി ഇതിനെ സുരേഷ് ഗോപി കണ്ടപ്പോൾ, സമർപ്പിച്ച ഉടൻ ആ കിരീടം താഴെ വീണത് മാതാവിനുപോലും ഇഷ്ടമല്ലാത്ത പ്രവൃത്തിയായി ഒരു കൂട്ടം വിശ്വാസികൾ കണ്ടു.


മതവിശ്വാസികളുടേത് അപരസ്നേഹത്തിന്റെ ഭക്തിയാണത്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെടുന്ന കാലംകൂടിയാണിത്. ആഗോളതലത്തിൽ ഇന്ത്യയുടെ യശസുയർത്തിയ ചന്ദ്രയാൻ ദൗത്യത്തിലേക്കു നയിച്ച െഎ.എസ്.ആർ.ഒയുടെ വളർച്ചയ്ക്ക് നിർണായക സംഭാവന നൽകിയത് ന്യൂനപക്ഷ സമുദായമായിരുന്നു. ആ മഹത്തരമായ കാര്യത്തെപ്പറ്റി മുൻ രാഷ്ട്രപതിയും മിസൈൽമാനുമായ ഡോ. എ.പി.ജെ അബ്ദുൽ കലാം അനുസ്മരിച്ചിട്ടുണ്ട്. ഭൂമധ്യരേഖയോട് ചേർന്ന് നിൽക്കുന്ന തുമ്പയിൽ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് വിക്രം സാരാഭായ് കണ്ടെത്തിയത് തുമ്പയിലെ മേരി മഗ്ദലേന പള്ളിയായിരുന്നു.

പ്രസ്തുത ആവശ്യവുമായി അദ്ദേഹം അവിടെ ചെന്നപ്പോൾ ബിഷപ്പ് പീറ്റർ ബർണാഡ് പെരേരെ അവരോട് നോ എന്ന് പറയുന്നതിനു പകരം ഞായറാഴ്ച വരാനാണ് ആവശ്യപ്പെട്ടത്. രാജ്യവികസനത്തിന് പള്ളിയും മറ്റും വിട്ടുകൊടുക്കുന്നത് നല്ല കാര്യമാണെന്ന് ബിഷപ്പ് പറഞ്ഞപ്പോൾ വിശ്വാസികൾ അത് സമ്മതിച്ചു. പിന്നീട് പിറന്നത് പുതു ചരിത്രമായിരുന്നു. ബിഷപ്പ് ഹൗസ് “തുമ്പ ഇക്വറ്റേറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ’ (TERLS) ആയി മാറി. ആദ്യം വിക്ഷേപിച്ച റോക്കറ്റ് കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അൾത്താരയ്ക്ക് മുമ്പിൽവച്ചാണ്. പള്ളിക്കരികിലുണ്ടായിരുന്ന ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയരക്ടറുടെ ഓഫിസായി.


ഭക്തി രാഷ്ട്രീയത്തിന് വഴിപ്പെടുന്നതും രാഷ്ട്രീയം ഭക്തിക്കു വഴിപ്പെടുന്നതും മതനിരപേക്ഷ ഇന്ത്യക്ക് അനുഗുണമല്ല. ഡോ. അംബേദ്കർ ആശങ്കപ്പെട്ട രാഷ്ട്രീയത്തിലെ നേതൃഭക്തി വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള മാനസിക സ്ഥിതിയില്ലാതാക്കിയിരിക്കുന്നു. അത് ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിനും അനുഗുണമല്ല. രാഷ്ട്രീയഭക്തി ഏതറ്റംവരെയാകാം എന്ന പുനർവിചിന്തനത്തിനു സമയമായി.

(തൃശൂർ ശ്രീ കേരളവർമ്മ കോളജിൽ പൊളിറ്റിക്കൽ സയൻസ് അധ്യാപകനാണ് ലേഖകൻ)


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.