2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

വിശ്വാസം ദഹിക്കാത്തത് സമാസമം യുക്തി ചേര്‍ക്കുന്നതിനാല്‍

അബ്ദുസ്സലാം ബാഖവി വടക്കേക്കാട്

 

കേവല യുക്തിയെ ആശ്രയിച്ച് മതസംഹിതകളെ വിശദീകരിക്കാനോ വ്യാഖ്യാനിക്കാനോ കഴിയില്ല. അതുകൊണ്ടാണ് വിശ്വാസികളുടെ സവിശേഷതയായി വിശുദ്ധ ഖുര്‍ആന്‍ അവര്‍ അതിഭൗതിക യാഥാര്‍ഥ്യങ്ങളില്‍ (ഗൈബ് )വിശ്വസിക്കുന്നവരാണ് എന്ന് പരിചയപ്പെടുത്തുന്നത്. ഈ ‘ഗൈബ്’ സംഭവങ്ങളില്‍ മാത്രമല്ല അവയുടെ കാരണങ്ങളിലും (സബബുകള്‍) കാണാന്‍ പറ്റും. മുസ്‌ലിമിന്റെ ‘ഗൈബി’ലുള്ള വിശ്വാസം അന്ത്യനാളിലും വരാനിരിക്കുന്ന കാര്യങ്ങളിലും അവന്റെ കാഴ്ചയ്ക്ക് അപ്പുറത്തുള്ള മറ്റനേകം കാര്യങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു.

ഗൈബ് അതായത് അതിഭൗതിക യാഥാര്‍ഥ്യങ്ങള്‍ അംഗീകരിച്ച് കൊണ്ട് മാത്രമേ വിശ്വാസികള്‍ക്ക് മുന്നോട്ടുപോകാനാകൂ എന്ന് ഖുര്‍ആനികമായി തന്നെ സാധൂകരിക്കുന്ന ഒരു സംഭവമാണ് സൂറത്തുല്‍ ബഖറയിലെ ബഖറ(പശു)യെ പറ്റിയുള്ള പരാമര്‍ശം. പ്രസ്തുത സൂറത്തില്‍ മറ്റനേകം കാര്യങ്ങള്‍ വിശദമായി തന്നെ പറയുമ്പോഴും ആ സൂറത്തിനു ‘ബഖറ’ എന്ന് തന്നെ പേര് വരാനുള്ള ഒരു പ്രധാന കാരണം ബഖറയുമായി ബന്ധപ്പെട്ടു ഖുര്‍ആന്‍ ഉദ്ധരിച്ച സംഭവം ഉള്‍പ്പെടെ ഒരു മുസ്‌ലിമിന് അതിഭൗതികങ്ങളിലെ വിശ്വാസം എത്ര പ്രധാനമാണെന്ന് പഠിപ്പിക്കാന്‍ കൂടിയാണ്. ഒരു പശുവിനെ അറുത്ത് കൊലപാതക പ്രതിയെ കണ്ടുപിടിക്കുന്നതാണ് സംഭവത്തിന്റെ ചുരുക്കം.

ബനൂ ഇസ്‌റാഈല്‍ വിഭാഗത്തിലെ സന്താന സൗഭാഗ്യമില്ലാതെ പോയ ധനികന്‍ തന്റെ അനന്തരാവകാശിയായ സഹോദര പുത്രനാല്‍ കൊല്ലപ്പെടുകയും ഘാതകന്‍ ആ മൃതദേഹം മറ്റൊരാളുടെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് അയാളെ പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്. ഇതിന്റെ പേരില്‍ ആളുകള്‍ ആരോപണ പ്രത്യാരോപണം ഉന്നയിച്ച് കൊണ്ടിരുന്നപ്പോഴാണ് അവര്‍ മൂസാ നബി(അ)നെ സമീപിച്ചത്. മൂസാ നബി(അ)അവരോട് പശുവിനെ അറുക്കാനും അതിന്റെ ഒരു കഷ്ണം എടുത്ത് കൊല്ലപ്പെട്ടയാളെ അടിക്കാനും ആവശ്യപ്പെട്ടു. ബനൂ ഇസ്‌റാഈല്‍ ജനത യുക്തിപരമായി മൂസാ നബിയോട് അന്ന് ചോദിച്ചിരുന്നു. കൊലപാതകത്തിലെ പ്രതിയെയല്ലേ ഞങ്ങള്‍ അന്വേഷിക്കുന്നത്, താങ്കള്‍ എന്തിനാണ് ഒരു പശുവിനെ അറുക്കാന്‍ ആവശ്യപ്പെടുന്നത് എന്ന്. എന്നാല്‍, പിന്നീട് അവര്‍ മൂസാ നബി(അ)യുടെ നിര്‍ദേശം മാനിച്ച് പശുവിനെ അറുക്കുകയും അതിന്റെ ഒരു കഷ്ണം എടുത്ത് കൊല്ലപ്പെട്ടയാളെ അടിക്കുകയും ചെയ്തു. അപ്പോഴാണ് ജഡം ഉയര്‍ത്തെഴുന്നേറ്റ് പ്രതിയെ പറ്റി പറഞ്ഞുകൊടുത്തത്. ഇന്ദ്രിയങ്ങള്‍ക്കും ചിന്തകളുടെ പരിധികള്‍ക്കുമപ്പുറത്തതാണ് പലപ്പോഴും വിശ്വാസത്തിന്റെ ചരട് ബന്ധിതമായി നില്‍ക്കുന്നത് എന്നര്‍ഥം.
ഇനി മറ്റൊരു ഉദാഹരണം സൂറത്തുല്‍ ബഖറയില്‍ തന്നെയുണ്ട്. ‘അല്ലാഹു ത്വാലൂത്തിനെ രാജാവായി വാഴിച്ചതിനുള്ള അടയാളം ഇതാകുന്നു: അദ്ദേഹത്തിന്റെ കാലത്ത് നിങ്ങള്‍ക്ക് ആ പേടകം തിരിച്ചുകിട്ടും. അതില്‍ നിങ്ങളുടെ റബ്ബിങ്കല്‍നിന്നു മനഃശാന്തിക്കുള്ള ഉപാധികളുണ്ട്; മൂസാകുടുംബവും ഹാറൂന്‍ കുടുംബവും ഉപേക്ഷിച്ചുപോയ വിശുദ്ധാവശിഷ്ടങ്ങളും(2 :248 ). ആ പേടകത്തില്‍ ഉണ്ടായിരുന്നത് മൂസാ നബിയുടെ വടിയും ചെരിപ്പും ഹാറൂന്‍ നബിയുടെ തലപ്പാവും വടിയും തൗറാത്തിന്റെ ഏതാനും ഭാഗങ്ങളും മറ്റുമായിരുന്നു. ബനൂ ഇസ്‌റാഈല്‍ ജനതയില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഈ പേടകംവച്ച് അവര്‍ വിധി പറഞ്ഞിരുന്നുവെന്നും ഈ പേടകം മുമ്പില്‍വച്ചുള്ള യുദ്ധങ്ങളില്‍ അവര്‍ വിജയിച്ചിരുന്നുവെന്നും അങ്ങനെ ചെയ്യാതിരുന്നപ്പോള്‍ തോറ്റു പോയിരുന്നുവെന്നും തഫ്‌സീര്‍ മആലിമു തന്‍സീലില്‍ ഇമാം ബഗ്‌വി(റ) വിശദീകരിക്കുന്നത് കാണാം.

ഹദീസുകളിലും ഇത്തരം നിരവധി സംഭവങ്ങള്‍ കാണാം. അബൂഹുറൈറ(റ) ഒരിക്കല്‍ തന്റെ ഓര്‍മക്കുറവിന്റെ കാര്യം പരാതിപ്പെടാന്‍ നബി(സ)യെ സമീപിച്ചപ്പോള്‍ ഒരു മേല്‍മുണ്ട് വിരിക്കാന്‍ പറയുകയും അത് നബി (സ) തന്നെ മടക്കുകയും തന്റെ നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ അബൂഹുറൈറ (റ)യോട് ആവശ്യപ്പെടുകയും ചെയ്തു. പ്രസ്തുത സംഭവത്തിനു ശേഷം താന്‍ പിന്നീട് ഒന്നും മറന്നിട്ടില്ലെന്ന് അബൂഹുറൈറ(റ) തന്നെ സാക്ഷ്യപ്പെടുത്തുന്നു ( ബുഖാരി,119 ). നബി (സ) ഉപയോഗിച്ച ഒരു ജുബ്ബ ആയിഷാ(റ)ന്റെ വിയോഗ ശേഷം തനിക്ക് കിട്ടിയിരുന്നുവെന്നും അത് ഇട്ടു കഴുകിയ വെള്ളം കൊണ്ട് രോഗികളെ ചികിത്സിക്കാറുണ്ടായിരുന്നുവെന്നും അസ്മാഅ്(റ) പറഞ്ഞതായി ഇമാം മുസ്‌ലിം രേഖപ്പെടുത്തടുന്നു (മുസ്‌ലിം, 2069).

മന്ത്രം ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടതും അതിന്റെ ഫലസിദ്ധിയെ പറ്റി മതഗ്രന്ഥങ്ങള്‍ വിശദീകരിച്ചതുമാണ്. എന്തെങ്കിലും മന്ത്രിച്ച് ഫലപ്രാപ്തി പ്രതീക്ഷിക്കുകയെന്ന് പറഞ്ഞാല്‍ അത് നമ്മുടെ യുക്തിചിന്തയ്ക്ക് അപ്പുറമാണെന്ന് ആദ്യംതന്നെ മനസിലാക്കുക. അതുകൊണ്ടാണ് പാണക്കാട്ടെ സയ്യിദ് പഴം മന്ത്രിച്ച് കടലില്‍ ഇട്ട് മത്സ്യം കിട്ടുന്നതിന്റെ യുക്തി വിശ്വാസികള്‍ക്ക് ബോധ്യപ്പെടുന്നത്.

സ്വഹീഹുല്‍ ബുഖാരിയിലെ ഒരു സംഭവം ഇതോട് ചേര്‍ത്തുവായിക്കുന്നത് നന്നാകും. ബനൂ ഇസ്‌റാഈലിലെ ഒരു വ്യക്തി മറ്റൊരാളില്‍നിന്ന് ആയിരം ദീനാര്‍ കടം വാങ്ങുന്നു. തിരിച്ചടവിന്റെ ഉറപ്പിന് വേണ്ടി ഒരാളെ സാക്ഷിയാക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അല്ലാഹുവിനെ സാക്ഷിയാക്കുന്നു എന്ന് അദ്ദേഹം വാക്ക് കൊടുക്കുന്നു. കടം വാങ്ങിയ വ്യക്തി പിന്നീട് യാത്ര പോകുന്നു. കടല്‍ വഴി മറ്റൊരു തീരത്തേക്ക്. തിരിച്ചടവിന്റെ സമയം അടുത്തു. കരയിലെത്താന്‍ ശ്രമിച്ചപ്പോള്‍ ഉടനെ കപ്പലില്ല. മരക്കഷ്ണം എടുത്ത് ദ്വാരമുണ്ടാക്കി ആയിരം ദീനാറും ഒരു എഴുത്തും അതിനകത്തു ഭദ്രമായി വച്ച് അല്ലാഹുവിന്റെ സഹായം തേടി പ്രാര്‍ഥന നടത്തി, അത് കടലില്‍ ഒഴുക്കുന്നു. മരക്കഷ്ണം നേരെ കടം കൊടുത്ത വ്യക്തിയുടെ കൈകളില്‍ തന്നെ ഭദ്രമായി എത്തുന്നു. സ്വഹീഹുല്‍ ബുഖാരി ഉദ്ധരിച്ച സംഭവമാണ്. കടലിനും മരക്കഷണത്തിനും ദൈവദാസന്മാരുടെ പ്രാര്‍ഥനയും മന്ത്രവും സാധൂകരിക്കാന്‍ നിമിത്തമാകാമെങ്കില്‍ പഴത്തിനു എന്തുകൊണ്ട് അത് പറ്റില്ലെന്ന് കൂടി നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ.
ജനങ്ങള്‍ക്ക് ഭക്ഷണക്ഷാമം നേരിട്ട സമയത്ത് അബൂഹുറൈറ(റ) ഒരു പാത്രത്തില്‍ കുറച്ച് ഈത്തപ്പഴം നബി(സ)യുടെ അടുക്കല്‍ എത്തിച്ച സംഭവവും ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്. കാലങ്ങളോളം ആ ഈത്തപ്പഴം ഉപയോഗിച്ച് നിരവധി ആളുകള്‍ വിശപ്പടക്കിയെന്നും ഉസ്മാന്‍(റ) രക്തസാക്ഷിയായ ദിവസം അത് നഷ്ടപ്പെടുന്നത് വരെ താന്‍ അതില്‍നിന്ന് കഴിക്കുകയും ധാരാളം ധര്‍മം ചെയ്യുകയും ചെയ്തിരുന്നതായി അബൂഹുറൈറ(റ) വ്യക്തമാക്കുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട അതിഭൗതികതയും അമാനുഷികതയും കെട്ടുപിണഞ്ഞു നമ്മെ അത്ഭുതപ്പെടുത്തുന്ന ഇത്തരം നിരവധി സംഭവങ്ങള്‍ ഹദീസുകളില്‍ കാണാന്‍ കഴിയും. പക്ഷേ വിശ്വാസവും വിശുദ്ധിയുമാണ് ഇത്തരം അതിഭൗതിക യാഥാര്‍ഥ്യങ്ങളുടെ രണ്ടു സേതുബന്ധങ്ങളെന്ന് മനസിലാക്കണമെന്ന് മാത്രം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.