
വെല്ലിങ്ടണ്‍: ഓസ്ട്രേലിയയുടെ തടങ്കല്‍ ക്യാംപില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ കുറിപ്പുകളെഴുതി പുസ്തകമാക്കി ലോകപ്രശസ്തനായ കുര്‍ദിഷ്- ഇറാനിയന്‍ അഭയാര്‍ഥി ബെഹറൂസ് ബൂച്ചാനിക്ക് ന്യൂസിലന്റ് അഭയം നല്കി.
കഴിഞ്ഞ നവംബര്‍ മുതല്‍ ന്യൂസിലന്റിലാണ് ഈ 37 കാരന്. ബൂച്ചാനിയുടെ അപേക്ഷ പരിഗണിച്ചാണ് ന്യൂസിലന്റ് സര്‍ക്കാരിന്റെ തീരുമാനം. 1951 കണ്വെന്ഷന് പ്രകാരം ബൂച്ചാനിയെ അഭയാര്‍ഥിയായി പരിഗണിച്ചുവെന്ന് പ്രസ്താവനയിലൂടെ സര്‍ക്കാര്‍ അറിയിച്ചു.
ബൂച്ചാനിയെ കുറിച്ച് ചുരുക്കത്തില്‍
ഇറാന് തലസ്ഥാനമായ തെഹ്റാനിലെ തര്‍ബിയത്ത് മൊദാരിസ് യൂനിവേഴ്സിറ്റിയില്‍നിന്ന് രാഷ്ട്രഭൂമി ശാസ്ത്രത്തിലും ഭൂരാഷ്ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. ഇത്തിമാദ്, ഖാനൂന്‍ അടക്കമുള്ള ഇറാന് മാധ്യമങ്ങളില്‍ ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു. ‘വെര്യ’ എന്ന പേരില്‍ കുര്‍ദിഷ് മാഗസിനും തുടക്കം കുറിച്ചു.
Read more at: തടവറക്കുറിപ്പുകള്ക്കു ലഭിച്ച അരക്കോടി മൂല്യം
2013ല്‍ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് സൈന്യം ‘വെര്യ’ ഓഫിസ് റെയ്ഡ് ചെയ്ത് ബൂച്ചാനിയുടെ ഏഴു സഹപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയി. മൂന്നു മാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷം ഇതേ വര്‍ഷം തന്നെ ബൂച്ചാനി ഇറാനില്‍നിന്ന് ഇന്തോനേഷ്യയിലേക്കു കടന്നു. ഇന്തോനേഷ്യയില്‍നിന്ന് ആസ്ത്രേലിയയിലേക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് ക്രിസ്മസ് ദ്വീപില്‍ വച്ചു സൈന്യത്തിന്റെ പിടിയിലാകുന്നതും 2013 ഓഗസ്റ്റില്‍ മാനസ് ദ്വീപിലെ തടങ്കല്കേന്ദ്രത്തിലേക്കു മാറ്റുന്നതും.
തടവറയില്‍നിന്ന് ദി ഗാര്ഡിയന്, ദി ഹഫിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മുന്‍നിര പത്രങ്ങള്‍ക്കു വേണ്ടി തടവറയിലെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു. എഴുത്തുകാരന്, പത്രപ്രവര്ത്തകന് എന്നിവയ്ക്കു പുറമെ സിനിമാ നിര്‍മാതാവ്, കവി എന്നീ നിലയിലും ബൂച്ചാനി തിളങ്ങിയിട്ടുണ്ട്. വിക്ടോറിയ പുരസ്കാരത്തിനു പുറമെ, 2017ലെ ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ആസ്ത്രേലിയ മീഡിയ അവാര്‍ഡ്, 2018ലെ അന്നാ പൊളിറ്റ്കോവിസ്കിയ ജേണലിസം അവാര്‍ഡ്, 2018ലെ തന്നെ ലിബര്‍ട്ടി വിക്ടോറിയ അവാര്‍ഡ് എന്നിവയും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.