2023 September 22 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നയനവിസ്മയം തീര്‍ത്ത് അയ്യപ്പനോവ് വെള്ളച്ചാട്ടം,മഴ നനഞ്ഞ് കാര്‍ഗില്‍ കുന്ന്, കാണാം വളാഞ്ചേരിയിലെ കാഴ്ചകള്‍

നയനവിസ്മയം തീര്‍ത്ത് അയ്യപ്പനോവ് വെള്ളച്ചാട്ടം,മഴ നനഞ്ഞ് കാര്‍ഗില്‍ കുന്ന്,

മണ്‍സൂണില്‍ മൂടിപുതച്ച് കിടക്കാതെ മനം കുളിര്‍ന്നൊരു യാത്രപോയാലോ…ഒരു ഒഴിവു ദിവസം കാണാനും ആസ്വദിക്കാനും പറ്റിയ ഒരിടം അതും തൊട്ടടുത്തേക്ക് തന്നെ. നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് മാറി മലപ്പുറം വളാഞ്ചേരിയുടെ ഹൃദയഭാഗത്താണ് ആരും അധികം കേട്ട് പരിചയമില്ലാത്ത എന്നാല്‍ അത്രമേല്‍ മനോഹരമായ വെള്ളച്ചാട്ടങ്ങളുള്ളത്. തിക്കിതിരക്കാതെ ഗ്രാമത്തിന്റെ മനോഹാരിത അത്രയും ഒപ്പിയെടുത്ത് ഒന്ന് റീഫ്രഷായി വരണമെങ്കില്‍ നേരെ അയ്യപ്പനോവിലേക്ക് വിട്ടോളൂ. മാട്ടുമ്മല്‍ പാടശേഖരങ്ങളില്‍നിന്ന് വരുന്ന വെള്ളം പാറക്കെട്ടില്‍ത്തട്ടി അന്‍പതടിയോളം താഴ്ചയിലേക്കു പതിക്കുന്നത് കാഴ്ചയാണ് അവിടെ കാണാന്‍ സാധിക്കുക.

ദേശീയ പാത പുത്തനത്താണി-വളാഞ്ചേരി റൂട്ടില്‍ വെട്ടിച്ചിറ കാട്ടിലങ്ങാടി റോഡില്‍ നാലു കിലോമീറ്റര്‍ അകലെ ആതവനാട് പഞ്ചായത്തിലെ മാട്ടുമ്മലിനു സമീപമാണ് പ്രകൃതിരമണീയമായ സന്ദര്‍ശകരെ ആനന്ദത്തിലാക്കുന്ന മനോഹരമായ അയ്യപ്പനോവ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും അല്‍പം ശ്രദ്ധയോടെവേണം ഇവിടെ എത്തിപ്പെടാന്‍. ഓഫ് റോഡും നിറയെ പാറക്കെട്ടുകളുമുള്ളതിനാല്‍ പരമാവധി ചെറിയ കുട്ടികളേയും കൂട്ടി യാത്ര ചെയ്യുന്നത് ഒഴിവാക്കാവുന്നതാണ്.

ഒരുപാട് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ ഈ വെള്ളച്ചാട്ടമുണ്ടെങ്കിലും ഇത്രയധികം ജനശ്രദ്ധ പതിഞ്ഞതും സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയതും ഈ അടുത്ത കാലത്താണ്. കാലവര്‍ഷം തുടങ്ങി നാലഞ്ച് മാസക്കാലം വരെ നീണ്ടുനില്‍ക്കുന്ന ഈ വെള്ളച്ചാട്ടം ഇപ്പോള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്.

തിരക്കിട്ട ജീവിതത്തില്‍ നിന്ന് ഒരല്‍പ നേരം ഇടവേളയെടുക്കാനായിട്ടാണ് യാത്രകള്‍. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം യാത്ര ചെയ്യുന്നത് കുറോ നല്ല ഓര്‍മകളാണ് സമ്മാനിക്കുക.

കാര്‍ഗില്‍ കുന്ന്

കോഴിക്കോട് വളാഞ്ചേരി റൂട്ടില്‍ കാവുംപുറത്ത് നിന്ന് ഒന്നര കിലോമീറ്റര്‍ മാറിയാണ് കാര്‍ഗില്‍കുന്ന് വ്യൂ പോയിന്റുള്ളത്. ബൈക്കിലും കാറിലും മുകളില്‍ വരെ പോകാവുന്നതാണ്. കുന്നില്‍ മുകളില്‍ എത്തിയാല്‍ പൂര്‍ണമായും പച്ചപ്പിനാല്‍ ചുറ്റപ്പെട്ടിരിക്കുന്ന, അതിരാവിലെ കോടയും മേഖങ്ങള്‍ പരവധാനി വിതച്ചിരിക്കുന്ന പ്രകൃതിയുടെ മുഴുവന്‍ സൗന്ദര്യവും കാണാം. സായാഹ്നസന്ധ്യ അത്രമേല്‍ മനോഹരമാണിവിടം.

കല്യാണഒറു (കഞ്ഞിപ്പുര) വെള്ളച്ചാട്ടം

വളാഞ്ചേരിക്ക് അടുത്ത് കൊച്ചി മംഗലാപുരം ഹൈവേയില്‍ കഞ്ഞിപ്പുര എന്ന സ്ഥലത്താണ് മനം കുളിര്‍പ്പിക്കുന്ന മറ്റൊരു കാഴ്ചയുള്ളത്. നീരുറവകളും ചെറു തോടുകളും കൊണ്ട് സമ്പന്നമായ ഒരിടം. അതാണ് കഞ്ഞിപ്പുരയിലെ കല്യാണ ഒറു വെള്ളച്ചാട്ടം..മടുപ്പ് തോന്നില്ല എത്ര നേരം വേണമെങ്കിലും ഇവിടെ ചിലവഴിക്കുമ്പോള്‍. പരിസര പ്രദേശങ്ങളില്‍ ആള്‍താമസം ഉള്ളതും എന്നാല്‍ കരിങ്കല്‍ കോറികളാല്‍ മഴക്കാല വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് പ്രസിദ്ധവുമാണ്, വെള്ളച്ചാട്ടവും കോറികളിലെ കൊച്ചു തടാകങ്ങളും ഏതു വേനലിനെയും അതിജീവിക്കുന്നവയുമാണ്.

ഓരം ചേര്‍ന്ന് നില്‍ക്കുന്ന വയലുകളും കാലികളും എന്തിനേറെ ഗ്രാമങ്ങളുടെ ഗ്രാമീണ ഭംഗിയും ഇന്നും ഇവിടങ്ങളില്‍ കാണാന്‍ കഴിയും.

കാട് തേടി അകലങ്ങളിലേക്ക് പോകേണ്ടതില്ല ! ഗ്രാമീണ കാഴ്ചകള്‍ തേടി അലയേണ്ടതില്ല !. എല്ലാം ഈ പ്രദേശങ്ങളിലുണ്ട് ” ഇതിനോട് അടുത്ത് കിടക്കുന്ന മറ്റൊരു സ്ഥലമാണ് കല്യാണ ഒറുവിലെ കരിങ്കല്‍ കോറിയിലെ നീല തടാകം.. ഏതു വേനലിലും വറ്റാത്ത ജലമാണ് ഈ തടാകത്തിന്റ സവിശേഷത. വിദൂരതയില്‍ നിന്നുമല്ലാതെ ഒട്ടനവധി ജനങ്ങള്‍ മഴക്കാലത്തും വേനലിലും ഇവിടേക്ക് കുളിക്കാന്‍ വരുന്നത് പതിവ് കാഴ്ചയാണ് .

യാത്ര യോഗ്യമായ പാതകളും എന്നാല്‍ ഹൈവേയില്‍ നിന്ന് അതി വിദൂരത്തല്ലാത്ത ഒരു ഉള്‍ പ്രദേശം കൂടിയാണ് കല്യാണ ഒറു. ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.