ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെ പങ്ക് വിശദമാക്കുന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ രണ്ടാമത്തെ ഭാഗവും പുറത്തുവിട്ട് ചാനല്‍. 2019ല്‍ മോദി അധികാരത്തിന് വന്നതിന് ശേഷമുള്ള പൗരത്വ നിയമഭേദഗതി, ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന 370ാംവകുപ്പ് എടുത്തുകളഞ്ഞത് അടക്കമുള്ള നയങ്ങളെകുറിച്ചാണ് രണ്ടാംഭാഗത്തില്‍ പരാമര്‍ശിക്കുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷനല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതും വിദേശഫണ്ടിന്റെ പേരില്‍ അവയെ വേട്ടയാടുന്നതും മറ്റും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ബ്രിട്ടീഷ് സമയം രാത്രി 9 മണിക്കായിരുന്നു (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന്) ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ സംപ്രേഷണം. ഗുജറാത്ത് കലാപവും അതില്‍ മോദിയുടെ പങ്കും വ്യക്തമാക്കുന്ന ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരിക്കെയാണ് രണ്ടാംഭാഗവും ബി.ബി.സി സംപ്രേഷണം ചെയ്തിരിക്കുന്നത്.
2019ല്‍ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷമുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം രണ്ടാം എപ്പിസോഡില്‍ പരിശോധിക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ഉറപ്പുനല്‍കുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും പൗരത്വ നിയമവും മുസ്‌ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ റിപ്പോര്‍ട്ടുകളും ഈ ഭാഗത്തിലുണ്ട്. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും ഇന്ത്യയില്‍ ലഭ്യമല്ല.
ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസര്‍ക്കര്‍ രംഗത്തെത്തുകയും തുടര്‍ന്ന് യൂട്യൂബില്‍നിന്നും ട്വിറ്ററില്‍നിന്നും ലിങ്കുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് രണ്ടാം ഭാഗം ബി.ബി.സി പുറത്തിറക്കുന്നത്.
Comments are closed for this post.