2023 March 28 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗുജറാത്ത് വംശഹത്യയിൽ മോദിക്ക് പങ്കെന്ന് ബി.ബി.സി ഡോക്യുമെന്ററി, വിമർശനവുമായി കേന്ദ്രസർക്കാർ; പിന്നാലെ യൂടൂബിൽനിന്ന് ഡോക്യുമെന്ററി അപ്രത്യക്ഷം

 

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് ഉത്തരവാദിത്വമുള്ളതായി രാജ്യാന്തര മാധ്യമം ബി.ബി.സി തയാറാക്കിയ ഡെക്യുമെന്ററി. ഗുജറാത്തിൽ മുസ്‌ലിംകളെ ലക്ഷ്യംവച്ച് നടന്ന ആക്രമണങ്ങൾ നടത്താൻ സാഹചര്യമുണ്ടാക്കിയത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മോദിയാണെന്നാണ് അന്വേഷണാത്മക റിപ്പോർട്ടിലുള്ളത്. വി.എച്ച്.പിയാണ് കലാപം ആസൂത്രണം ചെയ്തത്. ഗുജറാത്ത് സർക്കാർ സൃഷ്ടിച്ചെടുത്ത സാമുദായിക അന്തരീക്ഷം ഉണ്ടായിരുന്നില്ലെങ്കിൽ ഇത്രയും വലിയൊരു കൂട്ടക്കൊല നടത്താൻ വി.എച്ച്.പിക്ക് കഴിയില്ലായിരുന്നു. കലാപം പൊട്ടിപ്പുറപ്പെട്ട ദിവസമായ 2002 ഫെബ്രുവരി 27ന് നരേന്ദ്രമോദി ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെങ്കിലും ആക്രമികൾക്കെതിരെ നടപടിയെടുക്കരുതെന്ന് നിർദേശിച്ചുവെന്നതുൾപ്പെടെയുള്ള കണ്ടെത്തലുകളും ഡോക്യുമെന്ററിയിലുണ്ട്. ബുധനാഴ്ചയാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ബി.ബി.സി പുറത്തുവിട്ടത്. രണ്ടുഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ഈ മാസം 24ന് പുറത്തുവിടുമെന്ന് ചാനൽ അറിയിച്ചിട്ടുണ്ട്.

ഡോക്യുമെന്ററി സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ബി.ബി.സിക്കെതിരേ രംഗത്തുവന്ന കേന്ദ്രസർക്കാർ, ഡോക്യുമെന്ററി ഇന്ത്യക്കെതിരായ കൊളോണിയൽ പ്രചാരണങ്ങളുടെ ഭാഗമാണെന്ന് പ്രതികരിച്ചു. നിർമ്മിച്ച ഏജൻസിയുടെ പ്രതിഫലനമാണ് ഡോക്യുമെന്ററിയിലുള്ളത്. ഇതൊരു പ്രചരണഭാഗമാണ്. കൊളോണിയൽ മനോഭാവവും പക്ഷപാതപരമായ ഉള്ളടക്കവും അടങ്ങിയതാണിത്- വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിമർശനത്തിന് പിന്നാലെ യൂടൂബിൽ നിന്ന് ഡോക്യുമെന്ററി അപ്രത്യക്ഷമായിട്ടുണ്ട്.

വംശഹത്യ നടന്നതിന് പിന്നാലെ ഗുജറാത്ത് സന്ദർശിച്ച ബ്രിട്ടീഷ് സംഘം തയാറാക്കിയ റിപ്പോർട്ടിലെ ഭാഗങ്ങളും ഡോക്യുമെന്ററിയിലുണ്ട്. ആക്രമണങ്ങൾ നടത്തിയാലും ശിക്ഷയുണ്ടാവില്ലെന്ന പൊതുബോധമാണ് കലാപം ഭീകരമാകാൻ കാരണമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ അന്വേഷണ സംഘം റിപ്പോർട്ട്‌ചെയ്തതായി ഡോക്യുമെന്ററി പറയുന്നു. റിപ്പോർട്ട് ചെയ്തതിനേക്കാളും വലിയ നാശനഷ്ടങ്ങളാണ് യഥാർത്ഥത്തിൽ ഉണ്ടായത്. ആക്രമണങ്ങൾക്ക് വലിയ രാഷ്ടീയ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്. ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് മുസ്ലിംകളെ ഒഴിവാക്കുകയായിരുന്നു ഒന്ന്. വംശീയ ശുദ്ധീകരണവും ഒരുലക്ഷ്യമായിരുന്നു. ഇതിന്റെ ഭാഗമായാണ് മുസ്ലിം സ്ത്രീകളെ വ്യാപകതോതിലും സംഘടിതമായും ലൈംഗിക ആക്രമണത്തിന് ഇരയാക്കിയത്. പൊലിസിനെ പിൻവലിച്ച് ഹിന്ദുത്വ വാദികളായ അക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിൽ മോദി സജീവ പങ്ക് വഹിച്ചന്നെ അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്‌ട്രോയുടെ ഉദ്ദരണിയും ഡോക്യുമെന്ററിയിലുണ്ട്.

അയോധ്യയിൽ നിന്ന് മടങ്ങിയ കർസേവകർ സഞ്ചരിച്ച സബർമതി എക്‌സ്പ്രസ് ട്രെയിൻ ഗ്രോധ്രയിൽ വച്ച് അഗ്നിക്കിരയാക്കപ്പെട്ടതിനെത്തുടർന്ന് 60 ഓളം പേർ മരിച്ചതിന് ഉത്തരവാദികൾ മുസലിംകളാണെന്ന് ആരോപിച്ചാണ് ഗുജറാത്തിലുടനീളം ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. 790 മുസ്ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക് എങ്കിലും രണ്ടായിരത്തോളം പേർക്ക് ജീവഹാനി സംഭവിച്ചതായാണ് അനൗദ്യോഗിക കണക്ക്.

വംശഹത്യയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാർ മോദിക്ക് ബഹിഷ്‌കരണം ഏർപ്പെടുത്തിയിരുന്നെങ്കിലും 2012ൽ ഇത് പിൻവലിച്ചു. വംശഹത്യയിലുള്ള പങ്ക് ചൂണ്ടിക്കാട്ടി 2004 മുതൽ 2014 വരെ മോദിക്ക് അമേരിക്ക വിസയും നിഷേധിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.