ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെയെണ്ണം കുതിച്ചുയരുകയാണെന്നാന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരതമ്യേനെ ചെലവ് കുറഞ്ഞ ഇന്റർനെറ്റും സ്മാർട്ട് ഫോണുകൾ പോലുള്ള ഉത്പന്നങ്ങൾ ചെറിയ വിലക്കും ലഭ്യമാകുന്നതുമാണ് ഇന്ത്യയിലെ ഇന്റർനെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തിൽ വർധനവുണ്ടാകാൻ കാരണം.
എന്നാൽ മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് എപ്പോഴും തലവേദനയുണ്ടാക്കുന്ന പ്രശ്നമാണ് മൊബൈൽ ഫോണിലെ ചാർജ് വേഗത്തിൽ തീർന്ന് പോകുന്നത്.
യാത്രയിലും മറ്റ് അത്യാവശ്യ സന്ദർഭങ്ങളിലുമൊക്കെ ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
എന്നാൽ മൊബൈൽ ഫോണിലെ ചാർജ് വേഗത്തിൽ തീർന്ന് പോകുന്നത് തടയാനും, ഫോണിലെ ബാറ്ററിയുടെ ആയുസ്സ് വർധിപ്പിക്കാനും നിരവധി മാർഗങ്ങളുണ്ട്.
1 ബാറ്ററി ഒപ്റ്റിമൈസേഷൻ ഓപ്ഷൻ
എല്ലാ സ്മാർട്ട് ഫോണുകളിലും ലഭ്യമായ ഒരു ഓപ്ഷനാണ് ബാറ്ററി ഒപ്റ്റിമൈസേഷൻ എന്നത്. ഫോണിന്റെ യു.ഐ (യൂസർ ഇന്റർഫേയ്സ്) അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ ബാറ്ററി ഒപ്റ്റിമൈസേഷൻ ഓപ്ഷനിൽ ചെന്ന് ആവശ്യമില്ലാത്ത ആപ്പുകൾ ഒപ്റ്റിമൈസ് ചെയ്താൽ ഫോണിലെ ബാറ്ററിയുടെ ദൈർഘ്യം വർധിപ്പിക്കാൻ സഹായകരമാവും.
2 ആവശ്യമില്ലെങ്കിൽ വൈഫൈ-ബ്ലൂടൂത്ത് സ്കാനിങ് ഓഫ് ചെയ്യൽ
മൊബൈൽ ഫോണിൽ സാധാരണയായി നാം വൈഫൈ, ബ്ലൂടൂത്ത് ഓപ്ഷനുകൾ ഓൺ ചെയ്തിടും. ഇത് വൈഫൈ-ബ്ലൂടൂത്ത് സ്കാനിങ് നടക്കാൻ കാരണമാവുകയും ചാർജ് പാഴായിപ്പോവാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ ആവശ്യമില്ലെങ്കിൽ ഈ ഓപ്ഷനുകൾ ഓഫ് ചെയ്യുക
3 ഡാറ്റ റെസ്ട്രിക്ഷൻ മോഡ് ഓൺ ചെയ്യൽ
ഫോണിലെ സെറ്റിങ്സിൽ പോയി ഡാറ്റാ റെസ്ട്രിക്ഷൻ മോഡ് ഓൺ ചെയ്താൽ ആവശ്യമില്ലാത്ത ആപ്പുകളിൽ നിന്ന് ഡാറ്റാ നഷ്ടമാകുന്നത് തടയാനും ഇതുവഴി ഫോണിലെ ചാർജ് ലാഭിക്കാനും സാധിക്കും.
4 വൈബ്രേഷൻ ഓപ്ഷനുകൾ ഓഫ് ചെയ്യൽ
സ്മാർട് ഫോണുകളിൽ പല രീതിയിലുള്ള വൈബ്രേഷൻ മോഡുകൾ ലഭ്യമാണ്. ഫോൺ കാൾ വരുമ്പോഴും, കീ ബോർഡിൽ ടൈപ്പ് ചെയ്യുമ്പോഴുമെല്ലാം വൈബ്രേഷൻ ഉണ്ടാവാറുണ്ട്. ഈ ഓപ്ഷനുകൾ ഓഫ് ചെയ്യുന്നത് ഫോണിന്റെ ബാറ്ററിയുടെ ആയുസ് നീട്ടി നൽകാൻ കാരണമാവാറുണ്ട്.
5 ഫോണിന്റെ റീഫ്രഷ് റേറ്റ് കുറക്കൽ
60, 90, 120 ഹെട്സ് എന്നീ പല രീതികളിൽ ഫോണിൽ റീഫ്രഷ് റേറ്റ് സെറ്റ് ചെയ്യാൻ സാധിക്കും. റീഫ്രഷ് റേറ്റ് കൂടുന്നതിനനുസരിച്ച് സ്ക്രീനിന്റെ സ്മൂത്ത്നെസ് കൂടുമെങ്കിലും, സ്റ്റാൻഡേർഡ് റീഫ്രഷ് റേറ്റായ 60 ഹെർട്സിൽ ഇട്ട് ഉപയോഗിക്കുന്നതോടെ ഫോണിന്റെ ചാർജ് ദീർഘ നേരം നില നിൽക്കും.
6 അനാവശ്യമായ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യൽ
ഫോണിലെ അനാവശ്യമായ ആപ്പുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്താൽ ആ ആപ്പിന്റെ ബാക്ക്ഗ്രൗണ്ടിലുള്ള പ്രവർത്തനം നിലക്കുകയും അങ്ങനെ മൊബൈൽ ബാറ്ററി കൂടുതൽ സമയം നില നിൽക്കുകയും ചെയ്യുന്നു
7 ഫോൺ 100 ശതമാനം ചാർജ് ചെയ്യാതിരിക്കുക
മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ നൂറ് ശതമാനം പൂർണമായി ചാർജ് കയറാൻ അനുവദിക്കാതെ 90 മുതൽ 95 ശതമാനം വരെയെത്തുമ്പോൾ അൺപ്ലെഗ്ഗ് ചെയ്യുക. കൂടാതെ 15 ശതമാനത്തിൽ താഴേക്ക് ചാർജ് കുറയാതെ ശ്രദ്ധിക്കുക.
ഇത്രയും കാര്യങ്ങൾ സൂക്ഷിച്ചാൽ സാധാരണ ഗതിയിൽ മൊബൈൽ ഫോണിന്റെ ചാർജ് ഒരു പരിധിവരെ വേഗത്തിൽ തീർന്ന് പോകാതെ പിടിച്ചു നിർത്താൻ സാധിക്കും. അത് പോലെ മൊബൈൽ ഫോണിനൊപ്പം ലഭിക്കുന്ന അതാത് കമ്പനികളുടെ ചാർജർ ഉപയോഗിച്ച് തന്നെ ഫോൺ ചാർജ് ചെയ്യാൻ ശ്രദ്ധിക്കുകയും വേണം.
Comments are closed for this post.