കുവൈത്ത്സിറ്റി: കുവൈത്തിലെ സഹകരണ സംഘങ്ങൾക്ക് കീഴിലെ ചില സൂപ്പർ മാർക്കറ്റുകൾ പ്രവാസികൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കുവൈത്ത് കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ. ഈ നടപടി നിയമവിരുദ്ധമാണെന്നും വിവേചനപരമാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. റമദാൻ മാസത്തിൽ ഉൽപന്നങ്ങൾ അമിത വില നൽകി വാങ്ങേണ്ട സ്ഥിതിയാണ് ഉള്ളതെന്നും അസോസിയേഷൻ മേധാവി മിഷാൽ അൽ മനേ പ്രതികരിച്ചു.
“പൗരന്മാരായാലും പ്രവാസികളായാലും ഉപഭോക്താക്കൾക്ക് സാധനങ്ങൾ വിൽക്കാൻ സഹകരണസംഘം വിസമ്മതിച്ചതിന് യാതൊരു ന്യായീകരണവുമില്ല” – അദ്ദേഹം പറഞ്ഞു. “ഏതെങ്കിലും സഹകരണ സംഘത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് പ്രവാസികളെ തടയുന്നതും ഉൽപ്പന്നങ്ങൾ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതും നിയമവിരുദ്ധമാണ്” മിഷാൽ അൽ മനേ കൂട്ടിച്ചേർത്തു.
വാണിജ്യ മന്ത്രാലയത്തിൽ നിന്ന് വാണിജ്യ ലൈസൻസുള്ള സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സമാനമായ മറ്റ് സ്ഥാപനങ്ങൾക്ക് ബാധകമായ മാർക്കറ്റ് നിയമം അവയ്ക്കും ബാധകമാണ്. ഈ നിയമപ്രകാരം ഇത്തരം സൂപ്പർ മാർക്കറ്റുകൾ ചെയ്തത് നിയമലംഘനമാണ്. ഉപഭോക്തൃ സംരക്ഷണ നിയമം ഇത്തരം വിവേചനങ്ങൾ തടയുന്നുണ്ടെന്നും മിഷാൽ അൽ മനേ പ്രതികരിച്ചു.
സംഭവത്തിൽ മിഷാൽ അൽ മനേയും കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷനും നേരത്തെ ആവശ്യമായ നിയമ നടപടി സ്വീകരിച്ചിരുന്നു. ഈ ദോഷകരമായ തീരുമാനത്തിൽ ഇടപെടേണ്ടതിന്റെയും ഇത് തടയേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഇവർ വാണിജ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്നാൽ സംഭവത്തിൽ വാണിജ്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് വിവാദമായ സംഭവം ഉണ്ടായത്. സഹകരണ സംഘങ്ങൾക്ക് കീഴിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്ന് സാധനം വാങ്ങുന്നതിനും അവിടെ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. റമദാനിൽ വില കുറവ് ഉള്ളതിനാൽ പ്രവാസികൾ ധാരാളം സാധനങ്ങൾ വാങ്ങുന്നതിനാൽ സ്വദേശികൾക്ക് സാധനം വാങ്ങാൻ സാധിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ‘വിലക്ക്’ ഏർപ്പെടുത്തിയത്.
കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv
Comments are closed for this post.