2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘എന്തടിസ്ഥാനത്തിലാണ് മുസ് ലിം കച്ചവടക്കാരെ ലക്ഷ്യമിടുന്നത്, ഇതെല്ലാം ഭ്രാന്ത്’ ;ഉത്സവങ്ങളില്‍ നിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കിയതിനെതിരെ ബി.ജെ.പി നേതാവ്

ബെംഗളൂരു: വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ ഉഡുപ്പി, ശിവമോഗ ജില്ലകളിലെ ചില ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ നിന്ന് മുസ്ലിം കച്ചവടക്കാരെ വിലക്കണമെന്ന ആഹ്വാനത്തില്‍ പ്രതികരിക്കാതിരിക്കുന്ന സര്‍ക്കാറിനെ ചോദ്യം ചെയ്ത് ബി.ജെ.പി മുതിര്‍ന്ന നേതാവും എംഎല്‍എസിയുമായ എഎച്ച് വിശ്വനാഥ്. ഒരു ദൈവവും മതവും ഇത്തരം കാര്യങ്ങളൊന്നും പറയുന്നില്ല, ഇതെല്ലാം ഭ്രാന്താണ് എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മതങ്ങള്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സര്‍ക്കാര്‍ ഇടപെടാത്തത്് എന്തുകൊണ്ടാണെന്നറിയില്ലെന്നും എഎച്ച് വിശ്വനാഥ് പറഞ്ഞു.

ലോകമെമ്പാടും എത്ര ഇന്ത്യക്കാരുണ്ട്, മുസ്ലീം രാജ്യങ്ങളില്‍ എത്ര ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങള്‍ നമ്മളെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ എന്താകും സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യപാകിസ്താന്‍ വിഭജനം നടന്നപ്പോള്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇന്ത്യ തെരഞ്ഞെടുത്തു. അവര്‍ ജിന്നയുടെ കൂടെ പോയില്ല. അവര്‍ ഇന്ത്യക്കാരായി ഇവിടെ തുടര്‍ന്നു. അവര്‍ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ല. എന്തടിസ്ഥാനത്തിലാണ് മുസ്ലീം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് വളരെ ഖേദകരമാണ്.

സര്‍ക്കാര്‍ നടപടിയെടുക്കണം. അല്ലെങ്കില്‍ ജനങ്ങളില്‍ നിന്ന് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വനാഥ് മുമ്പ് കോണ്‍ഗ്രസ്, ജെഡിഎസ് നേതാവായിരുന്നു. 2019ല്‍ അദ്ദേഹം ജെ.ഡി.എസില്‍ നിന്ന് ബി.ജെ.പിയിലേക്ക് മാറി. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനാല്‍ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കന്നഡ എഴുത്തുകാരനും നോവലിസ്റ്റുമായ വിശ്വനാഥ് സിദ്ധരാമയ്യയുമായി തെറ്റിപ്പിരിഞ്ഞാണ് കോണ്‍ഗ്രസ് വിട്ടത്.

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ സംഘപരിവാര്‍ സംഘടനകളാണ് ഉഡുപ്പി, ശിവമോഗ ജില്ലകളിലെ ചില ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ നിന്നായിരുന്നു മുസ്ലീം കച്ചവടക്കാരെ തടഞ്ഞത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.