
വേനലില്‍ കൊടും വരള്‍ച്ചയും മഴക്കാലത്ത് കൊടും പ്രളയവും മാത്രം സമ്മാനിച്ച് വയനാടിനെ ദുരന്തഭൂമിയാക്കി കൊണ്ടിരിക്കുന്ന ബാണാസുര ഡാം അക്ഷരാര്‍ഥത്തില്‍ വയനാട്ടുകാരെ സംബന്ധിച്ച് ഇരുതല മൂര്‍ച്ചയുളള വാളല്ല, പലതല മൂര്‍ച്ചയുളള വാളായിത്തീര്ന്നിരിക്കുകയാണ്. റിസോര്‍ട്ട് മാഫിയക്കും ക്വാറി മാഫിയക്കും അവരുടെ പങ്ക് പറ്റി കഴിയുന്ന രാഷ്ട്രീയക്കാര്ക്കുമല്ലാതെ ഈ ഡാം കൊണ്ട് വയനാട്ടില്‍ മറ്റാര്‍ക്കും യാതൊരുഗുണവുമില്ല.
വയനാട്ടുകാരുടെ നിലനില്‍പ്പിനെ സ്ഥിരമായി അപകടപ്പെടുത്തുകയും ജീവനും സ്വത്തിനും വെല്ലുവിളിയായിരിക്കുകയും ചെയ്യുന്ന ഇത്തരമൊരു ഡാം വയനാട്ടുകാര്ക്കാവശ്യമില്ല. വൃഷ്ടി പ്രദേശത്ത് കുന്നിടിച്ച് നൂറുകണക്കിന് വന്‍കിട റിസോര്‍ട്ടുകളാണ് നിര്‍മിച്ചിരിക്കുന്നത്.ഡാമിലേക്ക് ഇറക്കി കെട്ടിയ നിലയില്‍ വരെ റിസോര്‍ട്ടുകള്‍ കാണാം.റിസോര്‍ട്ട് നിര്‍മാണത്തിനുളള കുന്നിടിക്കല്‍ മൂലം ഡാമിലേക്ക് വന്നടിയുന്ന മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും ഡാമിന്റെ സംഭരണ ശേഷി കുറയാനിടയാക്കിയിട്ടുണ്ട്. പ്രളയത്തിന് ഒരു കാരണമിതാണ്.വൃഷ്ടി പ്രദേശത്ത് നാല്‍പ്പതിലധികം ഉരുള്പൊട്ടലുകളുണ്ടായതുമൂലം അപ്രതീക്ഷിതമായി ഡാം നിറഞ്ഞതിനാലാണ് കൃത്യമായ മുന്നറിയിപ്പ് നല്‍കാതെ വലിയ അളവില്‍ വെളളം തുറന്നു വിടേണ്ടി വന്നതെന്നാണ് ഡാം അധികൃതര്‍ പറയുന്നത്.എന്നാല്‍ അപ്രകാരം ഉരുള്‍പൊട്ടലുണ്ടായതിന് പ്രധാന ഉത്തരവാദികള്‍ ഡാം മാനേജ്മെന്റും ഡാം സുരക്ഷാ അതോറിറ്റിയുമാണ്.
ഒരു പതിറ്റാണ്ട് മുന്‍പ് കോഴിക്കോട്ടെ കേന്ദ്ര ജല വിഭവ ഗവേഷണ കേന്ദ്രം,പീച്ചിയിലെ വന ഗവേഷണ കേന്ദ്രം,തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠന കേന്ദ്രം,എന്നീ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ ചേര്‍ത്ത് രൂപീകരിച്ച വിദഗ്ധ സംഘത്തിന്റെ പഠന റിപ്പോര്‍ട്ടിലും,പടിഞ്ഞാറത്തറ പഞ്ചായത്തിലെ അത്താണി ക്വാറി പ്രവര്‍ത്തനം സൃഷ്ടിക്കുന്ന ഭൗമ-പാരിസ്ഥിതിക ദുരന്ത സാധ്യതയെക്കുറിച്ച് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്തെ ഭൗമശാസ്ത്ര പഠനകേന്ദ്രം നടത്തിയ പഠന റിപ്പോര്‍ട്ടിലും വെളളമുണ്ട-പടിഞ്ഞാറത്തറ പഞ്ചായത്തുകളിലായി കിടക്കുന്ന ബാണാസുര മേഖല സോയില്‍ പൈപ്പിങ് പ്രതിഭാസം നിലനില്‍ക്കുന്ന അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും, അതിനാല്‍ ബാണാസുര മേഖലയില്‍ കരിങ്കല്‍ ഖനങ്ങള്‍ കര്‍ശനമായി നിരോധിക്കണമെന്നും കുന്നിടിച്ചും വയല്‍ നികത്തിയുമുളള നിര്‍മാണങ്ങള്‍ അനുവദിക്കരുതെന്നും,ഭൂവിനിയോഗത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും ആവര്‍ത്തിച്ച് മുന്നറിയിപ്പു നല്‍കിയിട്ടുളളതാണ്.
അല്ലാത്ത പക്ഷം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭൂമി ഇടിഞ്ഞു താഴലും മാത്രമല്ല ഡാമിന്റെ തകര്‍ച്ചക്ക് വരെ കാരണമായേക്കാവുന്ന ദുരന്തങ്ങളുണ്ടായേക്കാമെന്നും ഈ വിദഗ്ധ പഠന റിപ്പോര്‍ട്ടുകളില്‍ അടിവരയിട്ടു പറഞ്ഞിട്ടുളളതും, ഇത് പരിസ്ഥിതി പ്രവര്‍ത്തകരും മാധ്യമങ്ങളും നിരവധി തവണ ഡാം അധികൃതരുടെ ശ്രദ്ധയില്പ്പെടുത്തിയിട്ടുളളതുമാണ്.
എന്നാല്‍ ഇതിനെയെല്ലാം ആരംഭകാലം ഡാം അധികൃതര്‍ അവഗണിക്കുകയാണുണ്ടായത്. ബാണാസുര വൃഷ്ടി പ്രദേശത്ത് പ്രവര്‍ത്തിച്ചു വരുന്ന വന്‍കിട ക്വാറികള്‍ അടച്ചു പൂട്ടിക്കുന്നതിനോ ,കുന്നിടിച്ചും,ഡാമില്‍ നിന്ന് നിശ്ചിത അകലം പോലും പാലിക്കാതെയും അപകടമാംവിധം ഡാമിനു ചുറ്റും കൂണുപോലെ നിര്‍മിച്ചു കൊണ്ടിരിക്കുന്ന റിസോര്‍ട്ട് നിര്‍മാണത്തിന് തടയിടുന്നതിനോ യാതൊരു നടപടിയും ഡാം അധികൃതരുടെയോ ,ഡാം സേഫ്റ്റി അതോറിറ്റി എന്ന പേരില്‍ സര്‍ക്കാര്‍ ഖജനാവ് മുടിച്ചു കൊണ്ടിരിക്കുന്ന സംവിധാനത്തിന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. പകരം ഡാം സുരക്ഷക്കു തന്നെ ഭീഷണിയായ കരിങ്കല്‍ ക്വാറി-റിസോര്‍ട്ട് മാഫിയകള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ഒത്താശ ചെയ്ത് വയനാട്ടുകാരെ കൂട്ടക്കുരുതിയിലേക്ക് തളളിയിടുന്ന നിലപാടാണ് ഡാം അധികൃതര്‍ സ്വീകരിക്കുന്നത്
ഡാം വിഭാവനം ചെയ്യുന്ന വേളയില്‍ സമ്മതിച്ച മുപ്പത് ശതമാനം വെളളം പോലും വിലക്കി വേനലില്‍ വയനാട്ടുകാരുടെ കുടിവെളളം മുട്ടിക്കുന്നതില്‍ അതീവ താല്പര്യം കാണിക്കുകയും ആനന്ദം കൊളളുകയും ചെയ്യുന്ന ഡാം അധികൃതര്‍ തന്നെയാണ് , മറുവശത്ത് ഉരുള്‍പൊട്ടലും പ്രളയവുമടക്കം ദുരന്തങ്ങള്‍ സൃഷ്ടിച്ച് സാധാരണക്കാരായ ആയിരക്കണക്കിനാളുകളുടെ കിടപ്പാടവും ഉടുതുണിയുമടക്കം സകലതും ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. സാധാരണക്കാര്‍ അനുഭവിക്കുന്ന കുടിവെളള ക്ഷാമമോ, പ്രളയ ദുരന്തങ്ങളോ തങ്ങള്ക്കറിയേണ്ടതില്ലെന്ന ഡാം അധികൃതരുടെ കണ്ണില്‍ച്ചോരയില്ലാത്ത നിലപാടിന് അറുതിയുണ്ടാവണമെങ്കില്‍ ബാണാസുര ഡാം ഡി കമ്മിഷന് ചെയ്യുക തന്നെ വേണ്ടിയിരിക്കുന്നു.