2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ബഹ്‌റൈനിലെ വിദേശ തടവുകാരെ നാടുകടത്താനുള്ള നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി

മനാമ: വിവിധ കേസുകളില്‍പെട്ട് രാജ്യത്തെ ജയിലില്‍ കഴിയുന്ന വിദേശികളെ കോടതി നടപടികള്‍ കഴിഞ്ഞാലുടന്‍ നാടു കടത്താനുള്ള നിര്‍ദേശത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.

വേശ്യാവൃത്തി അടക്കമുള്ള നിരവധി കേസുകളില്‍ പെട്ട് രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്കുവേണ്ടി വന്‍ തുക രാജ്യം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റിന്റെ ഈ നടപടിയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ വര്‍ഷം പകുതിയാകുമ്പോഴേക്ക് ഇത്തരം കേസുകളിലുള്‍പ്പെട്ട് ബഹ്‌റൈന്‍ ജയിലില്‍ എത്തിയ വിദേശികളുടെ എണ്ണം 700ഓളമാണ്. ഇവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ജയിലില്‍ പ്രതിമാസം 500 ദിനാര്‍ വരെ ചെലവഴിക്കേണ്ടി വരുന്നതായാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തടവുകാരെ കൈമാറ്റം ചെയ്യാനുള്ള കരാറില്‍ ഒപ്പുവെക്കാനുള്ള തീരുമാനത്തിനും എം.പിമാര്‍ അംഗീകാരം നല്‍കി. ഭിന്നലിംഗ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന പ്രവാസികളെ ഉടന്‍ തിരിച്ചയക്കുന്ന നിര്‍ദേശവും പാര്‍ലമെന്റ് അംഗീകരിച്ചു. ഇവര്‍ക്ക് ഭാവിയിലും രാജ്യത്തേക്ക് പ്രവേശം അനുവദിക്കില്ല. ജയിലില്‍ ഭക്ഷണവും മറ്റ് സൗകര്യങ്ങളും നല്‍കി പ്രവാസികളെ പാര്‍പ്പിക്കുന്നതിലും നല്ലത് അവരെ തിരിച്ചയക്കുന്നതാണെന്ന് ഒരു എം.പി പറഞ്ഞതായും റിപ്പോര്‍ടുണ്ട്. ഇവ കൂടാതെ വേറെയും നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചയ്ക്ക് വന്നിരുന്നു.

ചില നിര്‍ദേശങ്ങള്‍ ഇപ്രകാരമാണ്: എല്ലാ ഉല്‍പന്നങ്ങള്‍ക്കും ബാര്‍കോഡ് നിര്‍ബന്ധമാക്കുക, എല്ലാ ഗവര്‍ണറേറ്റിലും വാഹന പരിശോധനരജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങുക, നയതന്ത്രവ്യാപാര ബന്ധമുള്ള കൂടുതല്‍ രാജ്യങ്ങളില്‍ പുതിയ എംബസികളും കോണ്‍സുലേറ്റുകളും തുടങ്ങുക, ഗുരുതര രോഗങ്ങള്‍ക്കുള്ള വിലപിടിപ്പുള്ള മരുന്നുകളുടെ സ്റ്റോക്ക് ആരോഗ്യമന്ത്രാലയത്തില്‍ ഉറപ്പുവരുത്തുക, ഫസ്റ്റ് എയ്ഡ് കോഴ്‌സുകള്‍ എല്ലാ പൗരന്‍മാര്‍ക്കും നിര്‍ബന്ധമാക്കുക, മെഡിക്കല്‍ ലൈസന്‍സിന് നാഷണല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റിയില്‍ ഇലക്ട്രോണിക് ടെസ്റ്റ് ഏര്‍പ്പെടുത്തുക, മുന്‍സിപ്പല്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്ത കൊമേഴ്‌സ്യല്‍, സേവന, നിക്ഷേപ പ്രദേശങ്ങള്‍ തിരിച്ച് താമസപ്രദേശങ്ങളാക്കുക, അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പുതിയ താമസസ്ഥലങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മത്സ്യബന്ധനക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ജെട്ടികള്‍ നിര്‍മിക്കുക, സോഷ്യല്‍ ഹൗസിങിനുള്ള യോഗ്യതാ പ്രായം വര്‍ധിപ്പിക്കുക, 1998വരെയുള്ള പട്ടികയില്‍പെട്ട എല്ലാവര്‍ക്കും വീട്, വീട് നിര്‍മാണത്തിന്റെ രൂപകല്‍പനയില്‍ ഭവന മന്ത്രാലയം അത് കൈപറ്റുന്നവരുടെ സമ്മതം തേടുക, മൊത്തം പദ്ധതി പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ തന്നെ സര്‍ക്കാര്‍ ഭവനങ്ങള്‍ കൈമാറുക, സര്‍ക്കാര്‍ ഭവനങ്ങള്‍ നിര്‍മിക്കും മുമ്പുതന്നെ അടിസ്ഥാന വികസനം പൂര്‍ത്തീകരിക്കുക, സെഹ്ല, അബു ഗുവാഹ്, ജബലാത് ഹബീശി എന്നിവിടങ്ങളിലുള്ളവര്‍ക്കായി പുതിയ ഹൗസിങ് ടൗണുകള്‍ നിര്‍മിക്കുക, വിഗലാംഗര്‍ക്കായി പുതിയ ഭവനപദ്ധതിയുടെ അഞ്ചുശതമാനം മാറ്റിവയ്ക്കുക. ഇപ്രകാരമുള്ള  16 നിര്‍ദേശങ്ങള്‍ക്കാണിപ്പോള്‍ ബഹ്‌റൈന്‍  പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരിക്കുന്നതെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.