2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഇറാനിലെ ബഹ്‌റൈന്‍ പൗരന്മാരുടെ ആദ്യസംഘം ബഹ്‌റൈനിലെത്തി; 165 പേരില്‍ 77 പേര്‍ കൊറോണ ബാധിതര്‍

ഇറാനില്‍ നിന്നുള്ള രണ്ടാം സംഘം വ്യാഴാഴ്ച ബഹ്‌റൈനിലിറങ്ങും

ഉബൈദുല്ല റഹ്മാനി

മനാമ: ഇറാനില്‍ നിന്ന് ബഹ്‌റൈനിലെത്തിലെത്തിച്ച 165 ബഹ്‌റൈന്‍ പൗരന്‍മാരില്‍ 77 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇറാനില്‍ നിന്നു പ്രത്യേക വിമാനത്തില്‍ അതീവ സുരക്ഷയോടെ എത്തിച്ച സംഘത്തെ ഇവിടെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കിയപ്പോഴാണ് 77 പേര്‍ക്ക് വൈറസ് ബാധ പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ ഇവരെയെല്ലാം പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ഐസൊലേഷനിലേക്കും മാറ്റി.

വൈറസ് ബാധിതരെ താമസിപ്പിക്കാനായി വിപുലമായ സൗകര്യങ്ങളോടെ സിത്രയില്‍ സജ്ജീകരിച്ച താല്‍ക്കാലിക ആശുപത്രിയും ഐസൊലേഷന്‍ ടെന്റുകളും തയ്യാറാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള അടുത്ത സംഘത്തെ വ്യാഴാഴ്ച എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരിലും രോഗ ബാധയുള്ളവരെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇതിനിടെ ബഹ്‌റൈനിലെ നിലവിലെ കോവിഡ്- 19 വൈറസ് ബാധിതരുടെ എണ്ണം 160 ആയി. ഇറാനില്‍ നിന്നുള്ള 77 പേര്‍ കൂടി ഉള്‍പ്പെട്ട കണക്കാണിത്. ഇവരെ കൂടാതെ 83 പേരാണ് നേരത്തെ ചികിത്സയിലുണ്ടായിരുന്നത്. അതേസമയം ഇക്കഴിഞ്ഞ ദിവസം വരെ വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കി ഐസൊലേഷന്‍ റൂം വിട്ടവരുടെ എണ്ണം 35 ആയി ഉയര്‍ന്നിട്ടുണ്ട്.

നിലവില്‍ 8650 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ചികിത്സയിലുള്ള 160 പേരില്‍ ഒരാളൊഴികെയുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കോവിഡ് -19 നുമായി ബന്ധപ്പെട്ട തല്‍സമയ വിവരങ്ങള്‍ https://www.moh.gov.bh/COVID19 ല്‍ ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം ലഭ്യമാക്കുന്നുണ്ട്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.